ക്രിസ്റ്റിയാനോ മാറ്റിയാല്‍ ഹോ..ഹോ, വാര്‍ണര്‍ മാറ്റിയാല്‍ ഹേ...ഹേ; മാധ്യമപ്രവര്‍ത്തകരെ ചിരിപ്പിച്ച് ഓസീസ് താരം - വീഡിയോ കാണാം
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനിടെ ക്രിസ്റ്റിയാനോയെ അനുകരിക്കാന്‍ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ശ്രമിച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്.
29 Oct 2021 12:40 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇക്കഴിഞ്ഞ യൂറോ കപ്പ് ഫുട്ബോളിനെ ഏറെ ചര്‍ച്ചയായ സംഭവമാണ് വാര്‍ത്താ സമ്മേളനത്തിന് എത്തിയ പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കൊക്കകോള കുപ്പില് എടുത്തു മാറ്റിയത്. സോഫ്റ്റ് ഡ്രിങ്കുകള്‍ ഒന്നും തന്നെ ഉപയോഗിക്കാത്ത ക്രിസ്റ്റിയാനോ അന്ന് കൊക്കക്കോള കുപ്പികള്‍ എടുത്തു മാറ്റിയ ശേഷം ശുദ്ധമായ വെള്ളം കുടിക്കാനും ഉപദേശിച്ചിരുന്നു.
യൂറോ കപ്പിന്റെ മുഖ്യ സ്പോണ്‍സര്‍മാരായ കൊക്കക്കോളയ്ക്ക് ഈ നടപടി വലിയ ക്ഷീണമാകുകയും അവരുടെ ഓഹരി ഇടിയുകയും ചെയ്തു. ഇപ്പോള്‍ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനിടെ ക്രിസ്റ്റിയാനോയെ അനുകരിക്കാന്‍ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ശ്രമിച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഇന്നലെ ശ്രീലങ്കയ്ക്കെതിരായ മത്സരം ജയിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് സംഭവം. സമ്മേളനത്തിനായി എത്തിയ ഉടന്‍ തന്നെ കോളാ കുപ്പികള്‍ എടുത്ത വാര്‍ണര്‍ 'എനിക്ക് ഇത് മാറ്റിവയ്ക്കാനാകുമോ' എന്നു ചോദിച്ചു. പിന്നീട് കുപ്പികള്‍ താരം ഒളിപ്പിച്ചു വയ്ക്കുകയും ചെയ്തു.
ഉടന്‍ തന്നെ സംഘാടകര്‍ രംഗത്തെത്തി. അവരോടും തനിക്ക് കുപ്പികള്‍ മാറ്റിവയ്ക്കാനാകുമോയെന്ന് വാര്‍ണര്‍ ചിരിയോടെ ചോദിക്കുന്നുണ്ട്. എന്നാല്‍ പിന്നീട് താരം തന്നെ കുപ്പികള്‍ തിരിച്ച് എടുത്തെടുത്ത് തന്നെ വയ്ക്കുകയായിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞ ഡയലോഗാണ് ഏറെ വൈറലായത്. ''ക്രിസ്റ്റ്യാനോയ്ക്ക് ആകാമെങ്കില്‍ എനിക്കും ആകാം'' എന്നായിരുന്നു വാര്‍ണറിന്റെ മറുപടി. ഇതു മാധ്യമപ്രവര്‍ത്തകരെ ചിരിപ്പിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ നിറംമങ്ങിയ വാര്‍ണര്‍ ലോകകപ്പിലെ രണ്ടാം മത്സരത്തിലെ പ്രകടനത്തിലൂടെ ഫോമിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. 42 പന്തില്‍ നിന്ന് വാര്‍ണര്‍ 65 റണ്‍സ് നേടിയപ്പോള്‍ ലങ്കയ്ക്കെതിരേ ഓസ്ട്രേലിയ 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് മൂന്നോവര്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. തുടര്‍ച്ചയായ രണ്ട് ജയത്തോടെ അവര്‍ ലോകകപ്പ് സെമിഫൈനല്‍ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.