Top

''അവരത് ചെയ്യില്ല, അതിലെനിക്കൊന്നും ചെയ്യാനാകില്ല''; ആരാധകന് വൈകാരിക മറുപടി നല്‍കി വാര്‍ണര്‍

ഹൈദരാബാദ് കൈവിട്ടതോടെ മെഗാലേലത്തില്‍ വാര്‍ണര്‍ക്ക് വേണ്ടി കടുത്ത മത്സരം തന്നെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

30 Nov 2021 1:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവരത് ചെയ്യില്ല, അതിലെനിക്കൊന്നും ചെയ്യാനാകില്ല; ആരാധകന് വൈകാരിക മറുപടി നല്‍കി വാര്‍ണര്‍
X

2022 ഐ.പി.എല്‍. സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം ഡിസംബര്‍ പകുതിയോടെ നടക്കാനിരിക്കെ ആരാധകര്‍ മുഴുവന്‍ ഉറ്റുനോക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറിലേക്കാണ്.

കഴിഞ്ഞ ഐ.പി.എല്ലിനിടെ മോശം ഫോമെന്ന കാരണം പറഞ്ഞ് താരത്തെ സണ്‍റൈസേഴ്‌സ് അപമാനിച്ച് പുറത്തിരുത്തിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ മിന്നുന്ന പ്രകടനവുമായി ഓസീസിനെ കിരീടം ചൂടിച്ച വാര്‍ണര്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം തക്കതായ മറുപടി നല്‍കി.

ഇതിനു പിന്നാലെ അദ്ദേഹത്തെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്തുമോയെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. ക്ലബിന്റെ ഭാഗത്തു നിന്ന് ഇതു സംബന്ധിച്ച് ഒരു സ്ഥിരീകരണവും ലഭിക്കാതെ വന്നതോടെ ആരാധകര്‍ വാര്‍ണറിന്‍െ സോഷ്യല്‍ മീഡിയ പേജുകളില്‍ എത്തി അദ്ദേഹത്തോടു തന്നെ ഇക്കാര്യം ആരായുകയും ചെയ്തു.

ഇപ്പോള്‍ ഒരു ആരാധകന് അതു സംബന്ധിച്ചു വാര്‍ണര്‍ നല്‍കിയ മറുപടി വൈറലാകുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു ആരാധകന്റെ ''താങ്കളെ എസ്.ആര്‍.എച്ച് നിലനിര്‍ത്തുമോ''എന്ന ചോദ്യത്തിനാണ് വാര്‍ണര്‍ മറുപടി നല്‍കിയത്. ''അവരത് ചെയ്യില്ല, പക്ഷേ, അതിലെനിക്കൊന്നും ചെയ്യാനാകില്ല'' എന്നായിരുന്നു വാര്‍ണര്‍ മറുപടി നല്‍കിയത്.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സിന്റെ ഒരേയൊരു കിരീടം നേടിക്കൊടുത്ത നായകന്‍ വാര്‍ണറാണ്. ഹൈദരാബാദ് കൈവിട്ടതോടെ മെഗാലേലത്തില്‍ വാര്‍ണര്‍ക്ക് വേണ്ടി കടുത്ത മത്സരം തന്നെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സൂചനകള്‍ അനുസരിച്ച് നായകന്‍ കെയിന്‍ വില്യംസണിനെ മാത്രമാണ് ഹൈദരാബാദ് നിലനിര്‍ത്തിയിരിക്കുന്നത്.

Next Story

Popular Stories