എല്ലാം 'കേട്ട' സഹതാരത്തെ വിശ്വസിച്ചത് വിനയായി!!!
പാക് സ്പിന്നര്‍ ഷദാബ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച് എടുത്തതായി പാക് താരങ്ങള്‍ അപ്പീല്‍ ചെയ്തത് അമ്പയര്‍ ഔട്ട് അനുവദിക്കുകയായിരുന്നു. റിവ്യൂ നല്‍കാതെ വാര്‍ണര്‍ മടങ്ങുകയും ചെയ്തു എന്നാല്‍, ടിവി റീപ്ലേയില്‍ പന്ത് ബാറ്റില്‍ തട്ടിയിരുന്നില്ലെന്നു പിന്നീട് വ്യക്തമായി.
12 Nov 2021 11:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം മത്സരം നാടകീയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരുന്നു. ജയപരാജയങ്ങള്‍ ഇരുവശത്തേക്കും മാറിമറിഞ്ഞ മത്സരത്തില്‍ അഞ്ചു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് പാകിസ്താനെതിരേ ഓസ്ട്രേലിയ നേടിയത്.
മാര്‍ക്കസ് സ്റ്റോയിനിസും മാത്യൂ വേഡും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഓസീസിനു ജയമൊരുക്കിയത്. അതേസമയം തന്നെ മുന്‍നിരയില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ പ്രകടനവും ഓസ്ട്രേലിയന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
30 പന്തുകളില്‍ നിന്ന് മൂന്നു വീതം ഫോറും സിക്സറും സഹിതം 49 റണ്‍സ് നേടിയ വാര്‍ണറാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. മത്സരത്തില്‍ ഡി.ആര്.എസ്. ആനുകൂല്യമെടുക്കാതെ പുറത്തുപോയ ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ആരാധകര്‍ ചര്‍ച്ചാ വിഷയമാക്കിയത്.
പാക് സ്പിന്നര്‍ ഷദാബ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച് എടുത്തതായി പാക് താരങ്ങള്‍ അപ്പീല്‍ ചെയ്തത് അമ്പയര്‍ ഔട്ട് അനുവദിക്കുകയായിരുന്നു. റിവ്യൂ നല്‍കാതെ വാര്‍ണര്‍ മടങ്ങുകയും ചെയ്തു എന്നാല്‍, ടിവി റീപ്ലേയില്‍ പന്ത് ബാറ്റില്‍ തട്ടിയിരുന്നില്ലെന്നു പിന്നീട് വ്യക്തമായി.
വാര്‍ണര്‍ ഡി.ആര്.എസ് ആനുകൂല്യം എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്നായിരുന്നു ആരാധകര്‍ ആലോചിച്ചത്. അതിനുള്ള ഉത്തരം നല്‍കുകയാണ് മത്സരത്തില്‍ ഓസീസിന്റെ ഹീറോയായ വേഡ്. വാര്‍ണര്‍ ബാറ്റു ചെയ്യുമ്പോള്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ഗ്ലെന്‍ മാക്സ്വെലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് താരം ഡി.ആര്.എസ്. എടുക്കാതിരുന്നതെന്നാണ് വേഡ് വെളിപ്പെടുത്തിയത്.
''പന്ത് എഡ്ജ് ചെയ്യുന്ന ശബ്ദം കേട്ടതായി മാക്സ്വെല് വാര്‍ണറോട് പറയുകയായിരുന്നു. കൂടുതല്‍ സമയം ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനൊന്നും സമയമില്ലല്ലോ. മാക്സ്വെല് ശബ്ദം കേട്ടെന്ന് പറഞ്ഞതോടെ വാര്‍ണര്‍ മടങ്ങി. ബാറ്റ് മറ്റെന്തിലെങ്കിലും ഉരസിയതാകാം. അല്ലെങ്കില്‍ ബാറ്റിന്റെ ഹാന്‍ഡിലിന്റെ ശബ്ദമാകാം. ഇത്തരം സാഹചര്യങ്ങളില്‍ തീരുമാനമെടുക്കുക എളുപ്പമല്ല. എത്രയോ തവണ നാം കണ്ടതാണ് ഈ രീതിയില്‍ ബാറ്റര്‍ക്ക് ആശയക്കുഴപ്പമുണ്ടാകുന്നത്'' - വേഡ് പറഞ്ഞു.
17 പന്തില്‍ 41 റണ്‍സടിച്ച വേഡ് ആണ് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. ഷഹീന് അഫ്രീദി എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ മൂന്നു സിക്സറടിച്ച വേഡ് ഓസ്ട്രേലിയയ്ക്ക് ഒരോവര്‍ ബാക്കിനില്‍ക്കെ ജയം സമ്മാനിക്കുകയായിരുന്നു.