Top

ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കാന്‍ പഴയ ത്രിമൂര്‍ത്തികള്‍; ദ്രാവിഡിന്റെ കസേര ലക്ഷ്മണിനു തന്നെ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണരംഗത്ത് മുന്‍ താരങ്ങള്‍ തന്നെ വരണമെന്ന് നേരത്തേ തന്നെ ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. ഇതു രാജ്യത്ത് ക്രിക്കറ്റിനെ കൂടുതല്‍ വളരാന്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

14 Nov 2021 11:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കാന്‍ പഴയ ത്രിമൂര്‍ത്തികള്‍; ദ്രാവിഡിന്റെ കസേര ലക്ഷ്മണിനു തന്നെ
X

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണയന്ത്രം ഇനി പഴയ ത്രിമൂര്‍ത്തികള്‍ നിയന്ത്രിക്കും. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍.സി.എ.) മേധാവിയായി മുന്‍ താരം വി.വി.എസ്. ലക്ഷ്മണ്‍ വരുമെന്ന് ഉറപ്പായതോടെ ഒരുകാലത്ത് ദേശീയ ടീമിലെ സഹതാരങ്ങളും ഇതിഹാസങ്ങളുമായ മൂന്നു പേരുടെ കൈകളിലേക്ക് ഒതുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ്.

ബി.സി.സി.ഐ. അധ്യക്ഷനായി സൗരവ് ഗാംഗുലിയും ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡും നേരത്തെ ചുമതലയേറ്റു കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ 'ഭാവി' കണ്ടെത്താനുള്ള ചുമതലയിലേക്കു ലക്ഷ്മണും എത്തിയതോടെ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.

ദ്രാവിഡായിരുന്നു എന്‍.സി.എ. തലവന്‍. രവി ശാസ്ത്രിക്കു പകരം ദ്രാവിഡ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായതോടെ ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്കാണ് ഗാംഗുലി ലക്ഷ്മണിനെ കൊണ്ടുവന്നത്. നേരത്തെ ഇന്ത്യന്‍ ടീമിന്റെ കോച്ചായി ദ്രാവിഡിനെ എത്തിച്ചതും ഗാംഗുലിയുടെ താല്‍പര്യമായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണരംഗത്ത് മുന്‍ താരങ്ങള്‍ തന്നെ വരണമെന്ന് നേരത്തേ തന്നെ ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. ഇതു രാജ്യത്ത് ക്രിക്കറ്റിനെ കൂടുതല്‍ വളരാന്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അടുത്ത തലമുറയിലെ താരങ്ങളെ വാര്‍ത്തെടുക്കാന്‍ മുന്‍ കളിക്കാരെപ്പോലെ മറ്റാര്‍ക്കും കഴിയില്ലെന്നും ബി.സി.സി.ഐ. വൃത്തങ്ങള്‍ നേരത്തേ പറഞ്ഞിരുന്നു.

നിലവില്‍ ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ലക്ഷ്മണ്‍. കഴിഞ്ഞ ഐ.പി.എല്ലിനും അദ്ദേഹം ഓറഞ്ച് ആര്‍മിക്കൊപ്പമുണ്ടായിരുന്നു. കൂടാതെ കമന്റേറ്ററുടെ റോളിലും സജീവമായിരുന്നു ലക്ഷ്മണ്‍. എന്നാല്‍ എന്‍.സി.എയുടെ തലപ്പത്തേക്കു വരുന്നതോടെ ഈ രണ്ടു റോളുകളും അദ്ദേഹത്തിനു ഉപക്ഷിക്കേണ്ടി വരും.

Next Story