Top

വാര്‍ണറെ വീഴ്ത്തിയത് ടോം മൂഡി, ലക്ഷ്യം ഇന്ത്യന്‍ ടീമിന്റെ അമരത്തെ സ്ഥാനം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

ബി.സി.സി.ഐയില്‍ സ്വാധീനമുള്ളവരാണ് ഹൈദരാബാദിന്റെ ഉടമകളെന്നും അതിനാല്‍ വാര്‍ണറെ പുറത്താക്കി യുവാക്കള്‍ക്ക് അവസരം കൊടുക്കുകയായിരുന്നു മൂഡിയെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

9 Oct 2021 3:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാര്‍ണറെ വീഴ്ത്തിയത് ടോം മൂഡി, ലക്ഷ്യം ഇന്ത്യന്‍ ടീമിന്റെ അമരത്തെ സ്ഥാനം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്
X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അവസാന സ്ഥാനക്കാരായി പുറത്തായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തീര്‍ത്തും നിരാശജനകമായ സീസണായിരുന്നു ഇക്കുറി. 14 മത്സരങ്ങളില്‍ കേവലം മൂന്നെണ്ണത്തില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്. മോശം പ്രകടനത്തിനിടയില്‍ ടീമിലുണ്ടായ പൊട്ടിത്തെറിയും പടലപ്പിണക്കവുമെല്ലാം അവരെ നാണക്കേടിന്റെ പടുകുഴിയിലേക്കു തള്ളിയിട്ടു.

നായകനും സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണറിനെ ടൂര്‍ണമെന്റ് മധ്യേ നായകസ്ഥാനത്തു നിന്നു നീക്കിയതും പിന്നീട് പ്ലേയിങ് ഇലവനില്‍ നിന്നുതന്നെ ഒഴിവാക്കിയതും ഏറെ വാര്‍ത്തയായിരുന്നു. മോശം ഫോം കാരണമാണ് വാര്‍ണര്‍ക്കു സ്ഥാനം നഷ്ടമായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വാര്‍ണറിനെ ഒതുക്കുകയായിരുന്നുവെന്നും അതിനു പിന്നില്‍ കളിച്ചത് ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയ ടോം മൂഡിയാണെന്നുമാണ് തെളിയുന്നത്.

സീസണിന്റെ തുടക്കത്തില്‍ വാര്‍ണര്‍ ആയിരുന്നു ടീമിനെ നയിച്ചത്. എന്നാല്‍ ടീം മോശം പ്രകടനം ആവര്‍ത്തിച്ചതോടെ വാര്‍ണറെ മാറ്റുകയായിരുന്നു. വാര്‍ണറിന് പകരം മൂഡിയാണ് കെയ്ന്‍ വില്യംസണിനെ നായകനാക്കി മാറ്റിയത്. മോശം ഫോമിലായിരുന്ന മനീഷ് പാണ്ഡയെ പുറത്തിരുത്തിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ പരസ്യമായി തന്നെ വാര്‍ണര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു തീരുമാനം. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളും 2016 ല്‍ ഹൈദരാബാദിനെ ചാമ്പ്യന്മാരാക്കുകയും ചെയ്ത നായകനായിരുന്നു വാര്‍ണര്‍.

ഇന്ത്യയുടെ അടുത്ത പരിശീലകനായി മാറുക എന്ന ലക്ഷ്യത്തോടെയാണ് മൂഡി ഇങ്ങനൊരു നീക്കം നടത്തിയതെന്നാണ്. നേരത്തേയും ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് മൂഡിയുടെ പേര് പരിഗണിക്കപ്പെട്ടിരുന്നു.ബി.സി.സി.ഐയില്‍ സ്വാധീനമുള്ളവരാണ് ഹൈദരാബാദിന്റെ ഉടമകളെന്നും അതിനാല്‍ വാര്‍ണറെ പുറത്താക്കി യുവാക്കള്‍ക്ക് അവസരം കൊടുക്കുകയായിരുന്നു മൂഡിയെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഹൈദരാബാദിന്റെ അവസാന മത്സരത്തില്‍ നായകന്‍ കെയ്ന്‍ വില്യംസണും ഉപനായകന്‍ ഭുവനേശ്വര്‍ കുമാറും ഇല്ലാതിരുന്നിട്ടും വാര്‍ണറെ കളിപ്പിക്കാതിരുന്നതും വിമര്‍ശിക്കപ്പെട്ടിരുന്നു.നായക സ്ഥാനത്തു നിന്നും പുറത്തായ ശേഷം വാര്‍ണര്‍ രണ്ടാം പാദത്തില്‍ രണ്ട് മത്സരത്തില്‍ കളിച്ചുവെങ്കിലും പൂജ്യവും രണ്ട് റണ്‍സുമായിരുന്നു സമ്പാദ്യം. ഇതോടെ 18 അംഗ സ്‌ക്വാഡില്‍ നിന്നു തന്നെ ഒഴിവാക്കുകയായിരുന്നു. അതേസമയം ഹൈദരാബാദ് ടീമില്‍ നിന്നുമുണ്ടായ ദുരനുഭവങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ഹൈദരാബാദിന്റെ ആരാധകര്‍ക്ക് വാര്‍ണര്‍ നന്ദി പറഞ്ഞിരുന്നു. വൈകാരികമായൊരു കുറിപ്പിലൂടെയായിരുന്നു വാര്‍ണര്‍ നന്ദി പറഞ്ഞത്.

Next Story

Popular Stories