സച്ചിന്റെ 100-ാം സെഞ്ചുറി വൈകിപ്പിച്ചതിന് വധഭീഷണി നേരിട്ട ഓള്‍റൗണ്ടര്‍ വിരമിച്ചു
1 Feb 2022 12:34 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ 100-ാം സെഞ്ചുറി വൈകിപ്പിച്ച് 91 റണ്‍സില്‍ അദ്ദേഹത്തെ പുറത്താക്കിയതിന്റെ പേരില്‍ വധഭീഷണി വരെ നേരിട്ട ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ടിം ബ്രെസ്നാന്‍ വിരമച്ചു. രാജ്യാന്തര തലത്തില്‍ നിന്നു നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച ബ്രെസ്നാന്‍ തന്റെ 20 വര്‍ഷം നീണ്ട രാജ്യാന്തര-കൗണ്ടി ക്രിക്കറ്റ് കരിയറിനൊടുവിലാണ് സജീവ ക്രിക്കറ്റില്‍ നിന്നു പാഡഴിച്ചത്.
ഇംഗ്ലണ്ടിനു വേണ്ടി 23 ടെസ്റ്റുകളും 85 ഏകദിനവും 34 ടി ട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2010- 11 ലെ ആഷസ് പരമ്പര നേടിയ ഇംഗ്ലീഷ് ടീമിലും 2010-ലെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു.
ഇന്ത്യയ്ക്ക് എതിരേ 2011 ല്‍ നടന്ന പരമ്പരയില്‍ സച്ചിനെ പുറത്താക്കിയതിനാണ് അന്ന് ബ്രെസ്നാന്‍ വധഭീഷണി നേരിടേണ്ടി വന്നത്. താരം തന്നെയായിരുന്നു ഈ വെളിപ്പെടുത്തല്‍ നടത്തിയതും. അന്നു നാലു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ നാലാം മത്സരത്തില്‍ 91 ല്‍ നില്‍ക്കേ സച്ചിനെ ബ്രസ്നാന് എല്‍.ബി.ഡബബ്ല്യു ആക്കിയിരുന്നു. എന്നാല്‍ ഇത് ലെഗ് സ്റ്റംപിന് പുറത്തേക്ക് ദിശയുള്ള പന്ത് പാഡില്‍ കൊള്ളുകയും ബ്രെസ്നന്റെ അപ്പീല്‍ അംപയര്‍ ടക്കര്‍ വിക്കറ്റ് അനുവദിക്കുകയുമായിരുന്നു.
രാജ്യാന്തര ക്രിക്കറ്റില്‍ 99 സെഞ്ച്വറികളുമായി നില്‍ക്കുകയായിരുന്നു സച്ചിന് അന്ന്. സച്ചിനെ പുറത്താക്കിയതിന് അന്ന് കളി കഴിഞ്ഞപ്പോള്‍ തനിക്കും അംപയര്‍ ടക്കറിനും വധഭീഷണി വന്നിരുന്നതായി പിന്നീട് ബ്രെസ്നാന്‍ വ്യക്തമാക്കിയിരുന്നു.