Top

യുവതാരത്തെ 'തല'യോട് ഉപമിച്ചു 'ചിന്നത്തല'; ചെന്നൈയുടെ അടുത്ത നായകനായേക്കുമെന്ന് ആരാധകര്‍ മത്സരം

യുവതാരത്തിനെ പ്രശംസകൊണ്ടു മൂടുകയാണ് റെയ്‌ന ഇപ്പോള്‍. തന്റെ പ്രിയ സുഹൃത്ത് ധോണിയോടാണ് റെയ്‌ന റുതുരാജിനെ ഉപമിക്കുന്നത്. രണ്ട് പേരും തമ്മില്‍ വലിയ സാമ്യതയുണ്ടെന്നാണ് റെയ്നയുടെ വിലയിരുത്തല്‍.

18 Oct 2021 11:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുവതാരത്തെ തലയോട് ഉപമിച്ചു ചിന്നത്തല; ചെന്നൈയുടെ അടുത്ത നായകനായേക്കുമെന്ന് ആരാധകര്‍ മത്സരം
X

ഇന്ത്യന്‍ ടീമിലും ചെന്നൈ സൂപ്പര്‍ കിങ്‌സിലും സഹതാരങ്ങളായിരുന്ന മഹേന്ദ്ര സിങ് ധോണിയും സുരേഷ് റെയ്‌നയും തമ്മിലുള്ള സൗഹൃദം ക്രിക്കറ്റ് പ്രേമികള്‍ക്കെല്ലാം അറിയാവുന്നതാണ്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ തമ്മിലും നല്ല അടുപ്പമാണ്. ധോണി ക്രിക്കറ്റില്‍ നിന്നു പൂര്‍ണമായി വിരമിച്ചാല്‍ താനും കളി നിര്‍ത്തുമെന്ന് റെയ്‌ന പറഞ്ഞത് അടുത്തിടെയാണ്.

ഇരുവരും വരുന്ന ഐ.പി.എല്ലില്‍ കൂടി കളിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍. ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടം നേടിയപ്പോള്‍ ഇരുവരുടെയും നാലാം ഐ.പി.എല്‍. കിരീടം കൂടിയായിരുന്നു അത്. ഇക്കുറി ചെന്നൈ ടീമിന്റെ വിജയശില്‍പിയായത് യുവതാരം റുതുരാജ് ഗെയ്ക്ക്‌വാദ് ആയിരുന്നു.

24-കാരനായ താരം 16 മത്സരത്തില്‍ നിന്ന് 635 റണ്‍സുമായി ടോപ്‌സ്‌കോററായിരുന്നു. ഈ സീസണില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും നേടിയ ഗെയ്ക്‌വാദിനെ അടുത്ത സീസണിലെ മെഗാ ലേലത്തിന് മുമ്പായി ചെന്നൈ നിലനിര്‍ത്താനും സാധ്യതയേറെയാണ്.

യുവതാരത്തിനെ പ്രശംസകൊണ്ടു മൂടുകയാണ് റെയ്‌ന ഇപ്പോള്‍. തന്റെ പ്രിയ സുഹൃത്ത് ധോണിയോടാണ് റെയ്‌ന റുതുരാജിനെ ഉപമിക്കുന്നത്. രണ്ട് പേരും തമ്മില്‍ വലിയ സാമ്യതയുണ്ടെന്നാണ് റെയ്നയുടെ വിലയിരുത്തല്‍.

''റുതുരാജ് ഏറെ വൈകാതെ തന്നെ ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകമാകും. അതിനുള്ള മികവ് അവന്‍ ആര്‍ജ്ജിച്ചു കഴിഞ്ഞു. സമ്മര്‍ദ്ദ ഘട്ടത്തില്‍ അവന്‍ ബാറ്റ് ചെയ്യുന്ന രീതിയെ വര്‍ണിക്കാന്‍ വാക്കുകളില്ല. പ്ലേ ഓഫിലടക്കം അവന്‍ നന്നായി ബാറ്റ് ചെയ്തു. മഹി ഭായിയെപ്പോലുള്ള താരമാണവന്‍''- റെയ്ന പറഞ്ഞു.

2020 സീസണിലെ അവസാന മത്സരങ്ങളിലാണ് റുതുരാജിന് സിഎസ്‌കെ അവസരം നല്‍കിയത്. തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയാണ് അദ്ദേഹം മികവ് തെളിയിച്ചത്. ശ്രീലങ്കന്‍ പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു.

ചെന്നൈ ടീമിന്റെ ഉപനായകനായ റെയ്‌നയുടെ ഈ വാക്കുകള്‍ക്കു പിന്നാലെ റുതുരാജിനെ ചെന്നൈയുടെ ഭാവി നായകനായി വാഴ്ത്തുകയാണ് ആരാധകര്‍. ധോണി പടിയിറങ്ങിക്കഴിയുമ്പോള്‍ റുതുരാജില്‍ ചെന്നൈയുടെ ക്യാപ്റ്റന്‍സി ഭദ്രമായിരിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.

അതേ സമയം അടുത്ത സീസണിലും ധോണി നായകനായി ചെന്നൈയ്‌ക്കൊപ്പം ഉണ്ടാകുമെന്നു ടീം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത സീസണില്‍ കളിക്കുമെന്ന് ധോണിയും സൂചന നല്‍കിയിരുന്നു.


Next Story

Popular Stories