Top

വീണ്ടും സെഞ്ചുറി നഷ്ടം, രണ്ടാം ആഷസ് ടെസ്റ്റില്‍ വാര്‍ണര്‍ പുറത്തായത് 95 റണ്‍സിന്, ഓസീസ് രണ്ടിന് 198

മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എന്ന നിലയിലാണ്.

16 Dec 2021 10:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീണ്ടും സെഞ്ചുറി നഷ്ടം, രണ്ടാം ആഷസ് ടെസ്റ്റില്‍ വാര്‍ണര്‍ പുറത്തായത് 95 റണ്‍സിന്, ഓസീസ് രണ്ടിന് 198
X

ആഷസ് ക്രിക്കറ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനു വീണ്ടും സെഞ്ചുറി നഷ്ടം. ഗാബയില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 94 റണ്‍സിനു പുറത്തായ വാര്‍ണര്‍ ഇന്ന് അഡ്‌ലെയ്ഡില്‍ ആരംഭിച്ച രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം 95 റണ്‍സ് എടുത്തുനില്‍ക്കെയാണ് വിക്കറ്റ് തുലച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്കു സ്‌കോര്‍ബോര്‍ഡില്‍ വെറും നാലു റണ്‍സ് മാത്രം നില്‍ക്കെ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ(3) നഷ്ടമായ ശേഷം മധ്യനിര താരം മാര്‍നസ് ലബുഷാഗ്‌നെയെ കൂട്ടുപിടിച്ചു ടീമിനെ മികച്ച നിലയില്‍ എത്തിച്ച ശേഷമാണ് വാര്‍ണര്‍ വീണത്.

രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 172 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 167 പന്തില്‍ നിന്ന് 11 ബൗണ്ടറികളോടെയാണ് വാര്‍ണര്‍ 95 റണ്‍സ് നേടിയത്. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നഷ്ടം തിരിച്ചുവരവില്‍ മിന്നുന്ന ഫോമില്‍ തുടരുന്ന വാര്‍ണറിനു വന്‍ തിരിച്ചടിയാകുമെന്നു തീര്‍ച്ച.

മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എന്ന നിലയിലാണ്. 215 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 85 റണ്‍സുമായി ലബുഷാഗ്‌നെയും 17 പന്തുകളില്‍ നിന്ന് അഞ്ചു റണ്‍സുമായി സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍.

Next Story

Popular Stories