Top

ഡി കോക്ക് 'മുട്ടുകുത്തിയ' മത്സരത്തില്‍ ലങ്കയ്ക്ക് മുട്ടിടിച്ചു; ബാറ്റിങ് തകര്‍ച്ചയ്‌ക്കൊടുവില്‍ 142-ന് പുറത്ത്

ഓപ്പണര്‍ പാതും നിസാക്കയുടെ ചെറുത്തുനില്‍പ്പിനോടാണ് ഇതിനു ലങ്ക നന്ദി പറയേണ്ടത്. ടീം സ്‌കോറിന്റെ പകുതിയിലേറെ റണ്‍സും പിറന്നത് നിസാങ്കയുടെ ബാറ്റില്‍ നിന്നാണ്.

30 Oct 2021 12:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡി കോക്ക് മുട്ടുകുത്തിയ മത്സരത്തില്‍ ലങ്കയ്ക്ക് മുട്ടിടിച്ചു; ബാറ്റിങ് തകര്‍ച്ചയ്‌ക്കൊടുവില്‍ 142-ന് പുറത്ത്
X

ഒടുവില്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് 'മുട്ടുകുത്തി'. വര്‍ണവിവേചനത്തിനെതിരേ പ്രതിഷേധിക്കാന്‍ തയാറാകാഞ്ഞതിനേത്തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരം മാപ്പുപറഞ്ഞതിനേത്തുടര്‍ന്ന് ഇന്നു ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ഇലവനില്‍ തിരിച്ചെത്തി.

ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരത്തില്‍ ടീമില്‍ ഉണ്ടായിരുന്ന ഡി കോക്ക് സഹതാരങ്ങള്‍ മുട്ടുകുത്തി പ്രതിഷേധിച്ചപ്പോള്‍ അതിനു തയാറാകാതെ നിന്നത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് താരത്തിന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ശക്തമായ താക്കീത് നല്‍കിയിട്ടും വഴങ്ങാഞ്ഞതിനേത്തുടര്‍ന്ന് രണ്ടാം മത്സരത്തില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു.

പിന്നീട് തന്റെ ഉദ്ദേശം തെറ്റല്ലായിരുന്നുവെന്നും താനൊരു വംശീയ വിദ്വേഷിയല്ലെന്നും ചൂണ്ടിക്കാട്ടി രംഗത്തുവന്ന ഡി കോക്ക് പ്രതിഷേധത്തിനായി ബോര്‍ഡ് നിര്‍ബന്ധിച്ചതു മൂലമാണ് അതു ചെയ്യാതിരുന്നതെന്നും വ്യക്തമാക്കി മാപ്പ് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്നു ലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ടീമില്‍ ഉള്‍പ്പെട്ട താരം ടീമംഗങ്ങള്‍ക്കൊപ്പം മുട്ടുകുത്തി പ്രതിഷേധമറിയിക്കുകയും ചെയ്തു.

അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ചയ്ക്കു ശേഷം 142 എന്ന മാന്യമായ സ്‌കോറില്‍ എത്തി. ഓപ്പണര്‍ പാതും നിസാക്കയുടെ ചെറുത്തുനില്‍പ്പിനോടാണ് ഇതിനു ലങ്ക നന്ദി പറയേണ്ടത്.

ടീം സ്‌കോറിന്റെ പകുതിയിലേറെ റണ്‍സും പിറന്നത് നിസാങ്കയുടെ ബാറ്റില്‍ നിന്നാണ്. 58 പന്തുകളില്‍ നിന്ന് ആറു ഫോറുകളും മൂന്നു സിക്‌സറുകളും സഹിതം 72 റണ്‍സാണ് താരം നേടിയത്. നിസാങ്കയ്ക്കു പുറമേ 14 പന്തുകളില്‍ നിന്്‌ന രണ്ടു ഫോറുകളും ഒരു സിക്‌സറും സഹിതം 21 റണ്‍സ് നേടിയ ചരിത് അസലങ്ക, 12 പന്തില്‍ നിന്ന് 11 റണ്‍സ് നേടിയ നായകന്‍ ദസുന്‍ ഷനക എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ തബ്‌രിസ് ഷംസിയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. മൂന്നോവറില്‍ 17 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഡ്വെയ്ന്‍ പ്രിട്ടോറിയസ്, നാലോവറില്‍ 27 റണ്‍സ് വഴങ്ങി രണ്ടു വീഴ്ത്തിയ ആന്റ്‌റിച്ച് നോര്‍ക്കെ എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ജയം നിവാര്യമാണ്. ഗ്രൂപ്പില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവുമായി രണ്ടു പോയിന്റോടെ ദക്ഷിണാഫ്രിക്ക മൂന്നാമതും ലങ്ക നാലാമതുമാണ്. നാലു പോയിന്റ് വീതമുള്ള ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ഇന്നു രാത്രി നടക്കുന്ന രണ്ടാം മത്സരത്തില്‍ ഈ ടീമുകള്‍ ഏറ്റുമുട്ടുന്നുണ്ട്.

Next Story

Popular Stories