Top

എല്ലാം പൂര്‍ണം; കേപ്ടൗണില്‍ വീണ്ടും തലകുമ്പിട്ട് ടീം ഇന്ത്യ, പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

കേപ്ടൗണില്‍ നടന്ന നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് ഏഴു വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയാണ് 2-1 എന്ന നിലയില്‍ ഇന്ത്യ പരമ്പര കൈവിട്ടത്.

14 Jan 2022 11:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാം പൂര്‍ണം; കേപ്ടൗണില്‍ വീണ്ടും തലകുമ്പിട്ട് ടീം ഇന്ത്യ, പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്
X

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയ ജയത്തിന് ഇന്ത്യ വീണ്ടും കാത്തിരിക്കണം. കടലാസില്‍ കരുത്തരായി എത്തി ആദ്യ ടെസ്റ്റില്‍ ആധികാരിക ജയം നേടി പ്രതീക്ഷ നല്‍കിയ ശേഷം തുടരെ രണ്ടു മത്സരങ്ങളില്‍ കീഴടങ്ങി വിരാട് കോഹ്ലിയും സംഘവും ടെസ്റ്റ് ക്രിക്കറ്റ് പരമ്പര അടിയറ വച്ചു.

കേപ്ടൗണില്‍ നടന്ന നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് ഏഴു വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയാണ് 2-1 എന്ന നിലയില്‍ ഇന്ത്യ പരമ്പര കൈവിട്ടത്. മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു ദക്ഷിണാഫ്രിക്ക ജയവും പരമ്പരയും സ്വന്തമാക്കി.

113 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളോടെ 82 റണ്‍സ് നേടിയ മധ്യനിര താരം കീഗന്‍ പീറ്റേഴ്‌സണാണ് അവരുടെ റണ്‍ ചേസിന്റെ നട്ടെല്ലായത്. പീറ്റേഴ്‌സണു പുറമേ 95 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 41 റണ്‍സുമായി റാസി വാന്‍ഡെര്‍ ഡസനും 58 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 32 റണ്‍സുമായി തെംബ ബാവ്മയും 96 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 30 റണ്‍സുമായി നായകന്‍ ഡീന്‍ എല്‍ഗാറും ദക്ഷിണാഫ്രിക്കയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. ഡസനും ബാവ്മയും പുറത്താകാതെ നിന്നപ്പോള്‍ 16 റണ്‍സ് നേടിയ എയ്ഡന്‍ മര്‍ക്രമാണ് പുറത്തായ മറ്റൊരു ബാറ്റര്‍.

ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഷാര്‍ദ്ദൂല്‍ താക്കൂര്‍ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. രണ്ടിന് 101 എന്ന നിലയില്‍ ഇന്നു രണ്ടാമിന്നിങ്‌സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് ഇന്നു വീഴ്ത്താനായത്.

ഇന്ത്യക്ക് ഏറെ തലവേദനയുണ്ടാക്കി അര്‍ധസെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കയെ മുന്നോട്ടു നയിച്ച മധ്യനിര താരം കീഗന്‍ പീറ്റേഴ്‌സണാണ് പുറത്തായത്. 113 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളോ2െ 82 റണ്‍സ് നേടിയ പീറ്റേഴ്‌സണെ പേസര്‍ ഷാര്‍ദ്ദൂല്‍ താക്കൂര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

വ്യക്തിഗത സ്‌കോര്‍ 59-ല്‍ നില്‍ക്കെ പീറ്റേഴ്‌സണെ ജസ്പ്രീത് ബുംറയുടെ പന്തില്‍ ഒന്നാം സ്ലിപ്പില്‍ ചേതേശ്വര്‍ പൂജാര വിട്ടുകളഞ്ഞതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. പിന്നീട് വിലപ്പെട്ട 22 റണ്‍സും അതിലുപരി നല്ലൊരു കൂട്ടുകെട്ടും ഉണ്ടാക്കിയ ശേഷമാണ് പീറ്റേഴ്‌സണ്‍ മടങ്ങിയത്.

പീറ്റേഴ്‌സണു പുറമേ 16 റണ്‍സ് നേടിയ ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രം 30 റണ്‍സ് നേടിയ നായകന്‍ ഡീന്‍ എല്‍ഗാര്‍ എന്നിവരാണ് പുറത്തായ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍. നാലാം ദിനം ഉച്ചഭക്ഷണത്തിനു കളിനിര്‍ത്തുമ്പോള്‍ 22 റണ്‍സുമായി റാസി വാന്‍ഡെര്‍ ഡസനും 12 റണ്‍സുമായി തെംബ ബാവ്മയുമാണ് ക്രീസില്‍.

ഒന്നാമിന്നിങ്‌സില്‍ 223 റണ്‍സ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് 210-ല്‍ ഒതുക്കി 13 റണ്‍സിന്റെ നേരിയ ലീഡ് നേടിയിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് തകര്‍ചബ്ച നേരിട്ട ഇന്ത്യക്ക് 198 റണ്‍സ് മാത്രമേ നേടാനായുള്ളു. 100 റണ്‍സുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനു മാത്രമേ പിടിച്ചു നില്‍ക്കാനായുള്ളു.

Next Story

Popular Stories