Top

പീറ്റേഴ്‌സണെ വീഴ്ത്തി; പക്ഷേ കാര്യങ്ങള്‍ ഇന്ത്യയുടെ പിടിയില്‍ നിന്നു വഴുതുന്നു, ദക്ഷിണാഫ്രിക്കയ്ക്ക് 41 റണ്‍സ് കൂടി വേണം

വ്യക്തിഗത സ്‌കോര്‍ 59-ല്‍ നില്‍ക്കെ പീറ്റേഴ്‌സണെ ജസ്പ്രീത് ബുംറയുടെ പന്തില്‍ ഒന്നാം സ്ലിപ്പില്‍ ചേതേശ്വര്‍ പൂജാര വിട്ടുകളഞ്ഞതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

14 Jan 2022 10:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പീറ്റേഴ്‌സണെ വീഴ്ത്തി; പക്ഷേ കാര്യങ്ങള്‍ ഇന്ത്യയുടെ പിടിയില്‍ നിന്നു വഴുതുന്നു, ദക്ഷിണാഫ്രിക്കയ്ക്ക് 41 റണ്‍സ് കൂടി വേണം
X

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കാര്യങ്ങള്‍ ഇന്ത്യയുടെ പിടിയില്‍ നിന്നു വഴുതുന്നു. 212 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ നാലാം ദിനം ഉച്ചഭക്ഷണത്തിനു കളിനിര്‍ത്തുമ്പോള്‍ മൂന്നിന് 171 എന്ന നിലയിലാണ്. ഏഴു വിക്കറ്റും ഒരു ദിനവും രണ്ടു സെഷനുകളും ശേഷിക്കെ അവര്‍ക്ക് ജയത്തിലേക്ക് ഇനി വെറും 41 റണ്‍സ് കൂടി മതി.

ഇന്നു ശേഷിച്ച രണ്ടു സെഷനുകളില്‍ ലോകോത്തര നിലവാരത്തിനു മേലുള്ള ബൗളിങ് പ്രകടനം കാഴ്ചവച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഇനി പ്രതീക്ഷയ്ക്കു വകയുള്ളു. രണ്ടിന് 101 എന്ന നിലയില്‍ ഇന്നു രണ്ടാമിന്നിങ്‌സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് ആദ്യ സെഷനില്‍ വീഴ്ത്താനായത്.

ഇന്ത്യക്ക് ഏറെ തലവേദനയുണ്ടാക്കി അര്‍ധസെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കയെ മുന്നോട്ടു നയിച്ച മധ്യനിര താരം കീഗന്‍ പീറ്റേഴ്‌സണാണ് പുറത്തായത്. 113 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളോ2െ 82 റണ്‍സ് നേടിയ പീറ്റേഴ്‌സണെ പേസര്‍ ഷാര്‍ദ്ദൂല്‍ താക്കൂര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

വ്യക്തിഗത സ്‌കോര്‍ 59-ല്‍ നില്‍ക്കെ പീറ്റേഴ്‌സണെ ജസ്പ്രീത് ബുംറയുടെ പന്തില്‍ ഒന്നാം സ്ലിപ്പില്‍ ചേതേശ്വര്‍ പൂജാര വിട്ടുകളഞ്ഞതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. പിന്നീട് വിലപ്പെട്ട 22 റണ്‍സും അതിലുപരി നല്ലൊരു കൂട്ടുകെട്ടും ഉണ്ടാക്കിയ ശേഷമാണ് പീറ്റേഴ്‌സണ്‍ മടങ്ങിയത്.

പീറ്റേഴ്‌സണു പുറമേ 16 റണ്‍സ് നേടിയ ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രം 30 റണ്‍സ് നേടിയ നായകന്‍ ഡീന്‍ എല്‍ഗാര്‍ എന്നിവരാണ് പുറത്തായ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍. നാലാം ദിനം ഉച്ചഭക്ഷണത്തിനു കളിനിര്‍ത്തുമ്പോള്‍ 22 റണ്‍സുമായി റാസി വാന്‍ഡെര്‍ ഡസനും 12 റണ്‍സുമായി തെംബ ബാവ്മയുമാണ് ക്രീസില്‍.

ഒന്നാമിന്നിങ്‌സില്‍ 223 റണ്‍സ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് 210-ല്‍ ഒതുക്കി 13 റണ്‍സിന്റെ നേരിയ ലീഡ് നേടിയിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് തകര്‍ചബ്ച നേരിട്ട ഇന്ത്യക്ക് 198 റണ്‍സ് മാത്രമേ നേടാനായുള്ളു. 100 റണ്‍സുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനു മാത്രമേ പിടിച്ചു നില്‍ക്കാനായുള്ളു.

Next Story

Popular Stories