Top

'മൂന്ന്-നാല് തവണ ആ ഐപിഎല്‍ ടീം ഉടമ എന്നെ തല്ലി'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലര്‍

"പ്രൊഫഷണല്‍ കായിക ചുറ്റുപാടുകളില്‍ ഇങ്ങനൊരു സംഭവം ആലോചിക്കാന്‍ പോലും കഴിയില്ല"

13 Aug 2022 2:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൂന്ന്-നാല് തവണ ആ ഐപിഎല്‍ ടീം ഉടമ എന്നെ തല്ലി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലര്‍
X

ആത്മകഥയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ റോസ് ടെയ്‌ലര്‍. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്ന സമയത്ത് ടീം ഉടമകളിലൊരാള്‍ തന്റെ മുഖത്തടിച്ചെന്ന് റോസ് ടെയ്‌ലര്‍ തുറന്നു പറഞ്ഞു. പഞ്ചാബ് കിങ്‌സുമായുള്ള (അന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്) മത്സരത്തില്‍ കടുത്ത റണ്‍ ചേസ് നടക്കുന്നതിനിടെ താന്‍ ഡക്ക് ആയെന്നും ഇതില്‍ പ്രകോപിതനായാണ് ഉടമ തന്നെ തല്ലിയതെന്നും മുന്‍ ന്യുസീലന്‍ഡ് താരം വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ 'ബ്ലാക് ആന്‍ഡ് വൈറ്റ്' എന്ന ആത്മകഥയിലാണ് റോസ് ടെയ്‌ലര്‍ അനുഭവം പങ്കുവെയ്ക്കുന്നത്.

'മൊഹാലിയില്‍ കിങ്‌സ് ഇലന്‍ പഞ്ചാബും രാജസ്ഥാനും തമ്മിലുള്ള മത്സരം. 195 റണ്‍സ് ചേസ് ചെയ്യണം. ഒരു എല്‍ബിഡബ്ല്യുവില്‍ ഞാന്‍ ഡക്ക് ആയി. കളിക്ക് ശേഷം ടീമും സപ്പോര്‍ട്ട് സ്റ്റാഫും മാനേജ്‌മെന്റും ഹോട്ടലിന്റെ മുകളിലുള്ള ബാറില്‍ ഒത്തുകൂടിയിരുന്നു. ഷെയ്ന്‍ വോണും ഒപ്പം ലിസ് ഹേര്‍ളിയും അവിടെയുണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമകളില്‍ ഒരാള്‍ എന്നോട് പറഞ്ഞു, 'റോസ്, നിങ്ങള്‍ക്ക് പത്ത് ലക്ഷം ഡോളര്‍ ഞങ്ങള്‍ തരുന്നത് ഡക്ക് ആകാനല്ല', എന്നിട്ട് എന്റെ മുഖത്ത് മൂന്ന്-നാല് തവണ അടിച്ചു' ടെയ്‌ലര്‍ എഴുതി.



'അയാള്‍ ചിരിച്ചുകൊണ്ടാണ് അത് ചെയ്തത്. ഊക്കോടെയല്ല അടിച്ചതും. പക്ഷെ, അത് പൂര്‍ണമായും ഒരു കളിതമാശയായിരുന്നോ എന്നെനിക്ക് സംശയം തോന്നി. ആ സാഹചര്യത്തില്‍ ഞാനതൊരു പ്രശ്‌നമാക്കാന്‍ ഉദ്ദേശിച്ചില്ല. പക്ഷെ, പ്രൊഫഷണല്‍ കായിക ചുറ്റുപാടുകളില്‍ ഇങ്ങനൊരു സംഭവം ആലോചിക്കാന്‍ പോലും കഴിയില്ല,' റോസ് ടെയ്‌ലര്‍ എഴുതുന്നു.

2008 മുതല്‍ 2010 വരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച റോസ് ടെയ്‌ലര്‍ 2011ലാണ് രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. പിന്നീട് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി കളിച്ചു. ന്യൂസ്‌ലന്‍ഡ് ടീമില്‍ കളിക്കുന്ന സമയത്ത് സഹതാരങ്ങളില്‍ നിന്നും, ഒഫീഷ്യല്‍സില്‍ നിന്നും വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്ന ടെയ്‌ലറുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.

Story Highlights: Slapped Me Across The Face three four Times Ross Taylor's Allegation Against IPL Team Owner

Next Story