പച്ചപ്പ് കണ്ട് പേടിച്ച് ശ്രേയസ്!!! കഠിന പരിശീലനം നടത്തൂ എന്ന് വന്മതില്
ദക്ഷിണാഫ്രിക്കയുടെ ഭാഗ്യഗ്രൗണ്ടുകളില് ഒന്നുകൂടിയാണ് സെഞ്ചൂറിയന്‍. ഇവിടെ ഇതുവരെ കളിച്ചിട്ടുള്ള 26 ടെസ്റ്റുകളില്‍ 21-ലും അവര്‍ ജയിച്ചു. ഇന്ത്യയാവട്ടെ ഇവിടെ ഇതുവരെ രണ്ടു ടെസ്റ്റുകളാണ് കളിച്ചത്. രണ്ടിലും വന്‍ മാര്‍ജിനില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.
21 Dec 2021 6:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ക്രിസ്മസ് പിറ്റേന്ന് സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട് പാര്‍ക്കില്‍ ആരംഭിക്കാനിരിക്കെ പിച്ചിലെ പച്ചപ്പ് കണ്ട് ഞെട്ടി ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യര്‍. ന്യൂസിലന്ഡിനെതിരേ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച ശ്രേയസിന്റെ ആദ്യ ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് ഇത്.
സെഞ്ചൂറിയനില്‍ കഴിഞ്ഞ ദിവസം ടീം ഇന്ത്യയുടെ ആദ്യ പരിശീലന സെഷന് എത്തിയപ്പോഴാണ് പിച്ചിലെ പുല്ല് കണ്ട് യുവതാരം അമ്പരന്നത്. ഇത്രയും പുല്ലുനിറഞ്ഞ പിച്ചില്‍ ബാറ്റിങ് ഏറെ ദുഷ്കരമായിരിക്കുമെന്നാണ് താരം അഭിപ്രായപ്പെട്ടത്. തന്റെ ആശങ്ക ടീം കോച്ചും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡുമായി താരം പങ്കുവയ്ക്കുകയും ചെയ്തു.
ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ നിന്നുള്ള വീഡിയോ ബി.സി.സി.ഐ. ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ഇതിലാണ് പിച്ചിലെ പച്ചപ്പിനെക്കുറിച്ച് ശ്രേയസ് പറയുന്നത്. ''ഒരുപാട് പുല്ല് നിറഞ്ഞ പിച്ചാണിത്. ഇവിടെ ബാറ്റ് ചെയ്യുകയെന്നത് ഒരു ബാറ്റര്‍ക്ക് കനത്ത വെല്ലുവിളിയാണ്''- എന്നാണ് ശ്രേയസ് പറഞ്ഞത്.
ഇതിനു മറുപടിയായി ദ്രാവിഡ് വെറും ഒരു വാചകം മാത്രമാണ് നല്‍കിയത്. അത് യുവതാരത്തിന്റെ ആത്മവിശ്വാസം പകരുന്നതുമായിരുന്നു. ''നല്ല ആത്മാര്‍ഥതയോടെ നിലവാരമുള്ള പരിശീലനം ചെയ്യൂ'' എന്നു മാത്രമാണ് ദ്രാവിഡ് പറഞ്ഞത്. മികച്ച പരിശീലനത്തിലൂടെ ഇതുപോലെയുള്ള ഏതു പിച്ചും കീഴടക്കാനാകുമെന്നാണ് ദക്ഷിണാഫ്രിക്കയില്‍ ഏറെ പരിചയമുള്ള ദ്രാവിഡ് ഉദ്ദേശിച്ചതെന്നു വ്യക്തം.
പിച്ചിനെക്കുറിച്ച് ടീമംഗവും പരിചയസമ്പന്നായ പേസ് ബൗളറുമായ ഇഷാന്ത് ശര്‍മയോടും ശ്രേയസ് വീഡിയോയില്‍ ചോദിക്കുന്നുണ്ട്. ''നിങ്ങള്‍ക്ക് എന്തു തോന്നുന്നു ഇഷാന്ത്'' എന്നായിരുന്നു ശ്രേയസിന്റെ ചോദ്യം. ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ച് കണ്ട ആഹ്ളാദം ഇഷാന്ത് മറച്ചുവച്ചതുമില്ല.''നല്ല ഈര്‍പ്പമുള്ള പിച്ചത്. ഒരുപാട് മൂവ്മെന്റുണ്ടാവും'' എന്ന് ആദ്യം പറഞ്ഞ ഇഷാന്ത് 'ബാറ്റിങ് വളരെ കടുപ്പമായിരിക്കും'' എന്നു ശ്രേയസിന് മുന്നറിയിപ്പും നല്കി.
സെഞ്ചൂറിയനിലെ പിച്ച് ബാറ്റര്‍മാര്‍ക്കു മാത്രമല്ല ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും വെല്ലുവിളിയാകുമെന്നാണ് സൂചന. ഇക്കാര്യം ഇന്ത്യന്‍ ബൗളിങ് കോച്ച് പരസ് മാംബ്രെ വീഡിയോയില്‍ പറയുന്നുണ്ട്. പേസ് ബൗളിങ്ങിനോട് നല്ല കാര്യക്ഷമമായി പ്രതികരിക്കുന്ന പിച്ചാണ് ഇതെന്നും അതനുസരിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ലൈനിലും ലെങ്തിലും വ്യത്യാസം വരുത്തേണ്ടതുണ്ടെന്നും നേരിയ പിഴവു പോലും തിരിച്ചടിയാകുമെന്നും മാംബ്രെ പറഞ്ഞു.
ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ ഭാഗ്യഗ്രൗണ്ടുകളില് ഒന്നുകൂടിയാണ് സെഞ്ചൂറിയന്‍. ഇവിടെ ഇതുവരെ കളിച്ചിട്ടുള്ള 26 ടെസ്റ്റുകളില്‍ 21-ലും അവര്‍ ജയിച്ചു. മൂന്നെണ്ണം സമനിലയില്‍ കലാശിച്ചപ്പോള്‍ വെറും രണ്ടു മത്സരത്തില്‍ മാത്രമാണ് അവര്‍ തോല്‍വി അറിഞ്ഞത്. അതാകട്ടെ ഏഴു വര്‍ഷം മുമ്പ് 2014-ല്‍ മികച്ച പേസ് നിരയുള്ള ഓസ്ട്രേലിയയോടും. ഇന്ത്യയാവട്ടെ ഇവിടെ ഇതുവരെ രണ്ടു ടെസ്റ്റുകളാണ് കളിച്ചത്. രണ്ടിലും വന്‍ മാര്‍ജിനില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.