Top

തിരിച്ചടിച്ചു ശ്രേയസും ജഡേജയും; ഒന്നാം ദിനം ഇന്ത്യ ശക്തമായ നിലയില്‍, നാലിന് 258

മത്സരത്തില്‍ മികച്ച തുടക്കത്തിനു ശേഷം ഇടയ്ക്കു പതറിയ ഇന്ത്യക്ക് ശ്രേയസ്-ജഡേജ കൂട്ടുകെട്ടാണ് തുണയായത്. പരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതിനോടകം 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു.

25 Nov 2021 11:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരിച്ചടിച്ചു ശ്രേയസും ജഡേജയും; ഒന്നാം ദിനം ഇന്ത്യ ശക്തമായ നിലയില്‍, നാലിന് 258
X

ഒരുപിടി സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ മെച്ചപ്പെട്ട നിലയില്‍. കാണ്‍പൂരില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം വെളിച്ചക്കുറവു മൂലം മത്സരം നേരത്തെ നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് എന്ന മികച്ച നിലയിലാണ് ഇന്ത്യ.

136 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 75 റണ്‍സുമായി അരങ്ങേറ്റ താരം ശ്രേയസ് അയ്യരും 100 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളുമായി 50 റണ്‍സോടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍(13), ശുഭ്മാന്‍ ഗില്‍(52), ഉപനായകന്‍ ചേതേശ്വര്‍ പൂജാര(26), നായകന്‍ അജിന്‍ക്യ രഹാനെ(35) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ കൈല്‍ ജാമിസണാണ് ഇന്ത്യക്ക് തലവേദനയായത്.

മത്സരത്തില്‍ മികച്ച തുടക്കത്തിനു ശേഷം ഇടയ്ക്കു പതറിയ ഇന്ത്യക്ക് ശ്രേയസ്-ജഡേജ കൂട്ടുകെട്ടാണ് തുണയായത്. പരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതിനോടകം 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. നാലിന് 145 എന്ന നിലയില്‍ ടീം പതറുമ്പോഴായിരുന്നു ഇരുവരും ഒത്തുചേര്‍ന്നത്.

അവസാന ദിനങ്ങളില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഗില്ലും മായങ്കും ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്. എന്നാല്‍ എട്ടാം ഓവറില്‍ത്തന്നെ ഇന്ത്യക്ക് തിരിച്ചടിയേറ്റു. 28 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 13 റണ്‍സ് നേടിയ മായങ്കിനെ വിക്കറ്റിനു പിന്നില്‍ ടോം ബ്ലണ്ടലിന്റെ കൈകളില്‍ എത്തിച്ചു കൈല്‍ ജാമിസണാണ് കിവീസിന് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗില്ലും പൂജാരയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 61 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ലഞ്ചിനു ശേഷമുള്ള ആദ്യ ഓവറില്‍ത്തന്നെ ഗില്ലിനെ പുറത്താക്കി ജാമിസണ്‍ ഇന്ത്യയെ പ്രഹരിച്ചു.

93 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതമായാിരുന്നു ഗില്ലിന്റെ 52 റണ്‍സ്. ഇതിനു ശേഷം പൂജാരയക്കു കൂട്ടായി നായകന്‍ രഹാനെയാണ് എത്തിയത്. ഇരുവരും ചേര്‍ന്നു ക്ഷമയോടെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികം മുന്നോട്ടു പോകാനായില്ല. 88 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 26 റണ്‍സ് നേടിയ പൂജാരയെ വിക്കറ്റിനു പിന്നില്‍ ബ്ലണ്ടലിന്റെ കൈകളില്‍ എത്തിച്ചു ടിം സൗത്തി ഈ കൂട്ടുകെട്ടു പൊളിച്ചു.

മൂന്നാം വിക്കറ്റില്‍ 24 റണ്‍സാണ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തത്. പൂജാരയ്ക്കു പകരമെത്തിയ അരങ്ങേറ്റ താരം ശ്രേയസ് അയ്യര്‍ നായകന് മികച്ച കൂട്ടായി ബാറ്റുവീശിയതോടെ ഇന്ത്യ തകര്‍ച്ചയില്‍ നിന്നു കരകയറുമെന്നു തോന്നിപ്പിച്ചു. എന്നാല്‍ തന്റെ അടുത്തവരവില്‍ ജാമിസണ്‍ ഇന്ത്യന്‍ നായകനെ പുറത്താക്കി കിവീസിനു മേല്‍ക്കൈ സമ്മാനിക്കുകയായിരുന്നു.

63 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 35 റണ്‍സുമായി മികച്ച രീതിയില്‍ കളിച്ചുവന്ന രഹാനെ ഓഫ്‌സ്റ്റംപിനു പുറത്തുകൂടി പോയ ജാമിസന്റെ പന്തില്‍ ബാറ്റുവച്ച് പ്ലെയ്ഡ് ഓണ്‍ ആകുകയായിരുന്നു. നാലാം വിക്കറ്റില്‍ 39 റണ്‍സായിരുന്നു രഹാനെ-ശ്രേയസ് സഖ്യം കൂട്ടിച്ചേര്‍ത്തത്. പിന്നീടാണ് ശ്രേയസും ജഡേജയും ഒന്നിച്ചത്.

Next Story

Popular Stories