Top

ടി 20 ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ മാറ്റം; ഷാര്‍ദൂല്‍ ഇടംനേടി, സൂപ്പര്‍ താരം തുടരും, യുവതാരം പുറത്ത്

ടീമില്‍ നിന്നു സ്ഥാനം നഷ്ടമാകുമെന്നു പ്രതീക്ഷിക്കപ്പെട്ട സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, സ്പിന്നര്‍ രാഹുല്‍ ചഹാര്‍ എന്നിവര്‍ക്ക് അവസരം നല്‍കാനും കമ്മിറ്റി തീരുമാനിച്ചു. അതേസമയം അക്‌സറിനെ മാറ്റിയ തീരുമാനം വന്‍വിവാദങ്ങള്‍ക്കു വഴിവയ്ക്കുമെന്നാണ് സൂചന.

13 Oct 2021 12:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടി 20 ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ മാറ്റം; ഷാര്‍ദൂല്‍ ഇടംനേടി, സൂപ്പര്‍ താരം തുടരും, യുവതാരം പുറത്ത്
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം വരൃത്തി ബി.സി.സി.ഐ. ഏവരും പ്രതീക്ഷിച്ചതില്‍ നിന്നു വ്യത്യസ്തമായ തീരുമാനമാണ് ബോര്‍ഡ് അവസാന നിമിഷം കൈക്കൈാണ്ടത്. യുവതാരവും സ്പിന്നറുമായ അക്‌സര്‍ പട്ടേലിനെ ടീമില്‍ നിന്നു റിസര്‍വ് നിരയിലേക്കു മാറ്റിയ സെലക്ഷന്‍ കമ്മിറ്റി ഓള്‍റൗണ്ടറായി ഷാര്‍ദ്ദൂല്‍ താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തി.

ടീമില്‍ നിന്നു സ്ഥാനം നഷ്ടമാകുമെന്നു പ്രതീക്ഷിക്കപ്പെട്ട സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, സ്പിന്നര്‍ രാഹുല്‍ ചഹാര്‍ എന്നിവര്‍ക്ക് അവസരം നല്‍കാനും കമ്മിറ്റി തീരുമാനിച്ചു. അതേസമയം അക്‌സറിനെ മാറ്റിയ തീരുമാനം വന്‍വിവാദങ്ങള്‍ക്കു വഴിവയ്ക്കുമെന്നാണ് സൂചന.

യു.എ.ഇയില്‍ ഇപ്പോള്‍ നടന്നു വരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2021 സീസണില്‍ മികച്ച പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അക്‌സര്‍ പട്ടേല്‍ പുറത്തെടുക്കുന്നത്. എന്നാല്‍ മോശം പ്രകടനം കാഴ്ചവച്ച ഹാര്‍ദ്ദിക്കിനും രാഹുലിനും അവസരം നല്‍കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചപ്പോള്‍ അക്‌സറിനെ കൈവിട്ടതിനു മറുപടി നല്‍കേണ്ടി വരും.

ടീമില്‍ ഉള്‍പ്പെട്ട ചില താരങ്ങള്‍ ഫോം ഔട്ട് ആയതും പരുക്കിന്റെ പിടിയിലായതുമടക്കമുള്ള കാരണങ്ങളാല്‍ ടീമില്‍ മാറ്റം ഉണ്ടാകുമെന്നുറപ്പായിരുന്നു. ഐ.പി.എല്ലില്‍ തീര്‍ത്തും നിറം മങ്ങിയ ഹാര്‍ദിക് പണ്ഡ്യ, രാഹുല്‍ ചാഹര്‍ എന്നിവരുടെ സ്ഥാനങ്ങളായിരുന്നു സംശയ ദൃഷ്ടിയില്‍.

മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ മാത്രം ടീമില്‍ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാര്‍ ഹാര്‍ദിക് പാണ്ഡ്യ എല്ലാ കളിയിലും നാല് ഓവര്‍വീതം എറിയുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഹാര്‍ദിക് ഐ.പി.എല്ലില്‍ ബൗള്‍ ചെയ്തതേയില്ല. പരുക്കില്‍ നിന്നു മുക്തരാകാത്ത പാണ്ഡ്യ, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, മോശം ഫോമിലുള്ള രാഹുല്‍ ചഹാര്‍ എന്നിവര്‍ പുറത്തു പോകുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.

ഹാര്‍ദ്ദിക്കിനെയും വരുണ്‍ ചക്രവര്‍ത്തിയെയും ഒഴിവാക്കണമെന്നു പലകോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇവര്‍ക്കു പകരം ഐ.പി.എല്‍. രണ്ടാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വെങ്കിടേഷ് അയ്യര്‍, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരങ്ങളായ യൂസ്‌വേന്ദ്ര ചഹാല്‍, ഹര്‍ഷല്‍ പട്ടേല്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഷാര്‍ദ്ദൂല്‍ താക്കൂര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേട്ടത്.

എന്നാല്‍ താക്കൂറിനെ പരിഗണിക്കാന്‍ തയാറായ സെലക്ഷന്‍ കമ്മിറ്റി മോശം ഫോമിലുള്ള താരങ്ങളെ ഒഴിവാക്കി പകരം നല്ല രീതിയില്‍ കളിച്ച അക്‌സറിനെ ബലിയാടാക്കുകയുമായിരുന്നു. കൂടാതെ യൂസ്‌വേന്ദ്ര ചഹാലിനെ പരിഗണിക്കാത്തതും വിവാദമാകുമെന്നു തീര്‍ച്ചയാണ്. വരുണിനെ ഒഴിവാക്കിയാല്‍ തീര്‍ച്ചയായും ചഹാലിന് സ്ഥാനം ഉറപ്പായിരുന്നു. ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വരുണ്‍ ഇതുവരെയും ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ല. ഹാര്‍ദ്ദിക്കിനു പകരം ബൗളിംഗ് ഓള്‍റൗണ്ടറായി ഷാര്‍ദുല്‍ താക്കൂറിനെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഹാര്‍ദ്ദിക്കിനെ നിലനിര്‍ത്തി അക്‌സറിനെ ഒഴിവാക്കിയതെന്തിന് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ബി.സി.സി.ഐ. വിയര്‍ക്കും.

Popular Stories

    Next Story