Top

ഇനി കളിച്ചാല്‍ 'ഹൃദയം പിണങ്ങും'; അര്‍ജന്റീന ഫുട്‌ബോള്‍ സൂപ്പര്‍ താരം ബൂട്ട് അഴിക്കാന്‍ ഒരുങ്ങുന്നു

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കരുതിയിരുന്നതിലും ഗൗരവമുള്ളതാണെന്നും ഈ സാഹചര്യത്തില്‍ ഇനി കളിക്കുന്നത് താരത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കുമെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നു കാറ്റലൂണിയ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

12 Nov 2021 12:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി കളിച്ചാല്‍ ഹൃദയം പിണങ്ങും; അര്‍ജന്റീന ഫുട്‌ബോള്‍ സൂപ്പര്‍ താരം ബൂട്ട് അഴിക്കാന്‍ ഒരുങ്ങുന്നു
X

ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അര്‍ജന്റീന ഫുട്‌ബോള്‍ സൂപ്പര്‍ താരം കളി നിര്‍ത്താനൊരുങ്ങുന്നു. ഗോള്‍വേട്ടയിലൂടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസമായി മാറിയ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയാണ് ബൂട്ടഴിക്കാന്‍ ഒരുങ്ങുന്നത്.

ഈ സീസണില്‍ സിറ്റി വിട്ട് സ്പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ എത്തിയ താരം കഴിഞ്ഞ ദിവസം ബാഴ്‌സയ്ക്കായി കളിക്കവെ നെഞ്ചുവേദനയെത്തുടര്‍ന്ന് കളംവിട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് ഗുരുതരമായ ഹൃദയസംബന്ധ രോഗങ്ങളുണ്ടെന്നു വ്യക്തമായത്.

ഇതേത്തുടര്‍ന്ന് അഗ്യൂറോ ഇനി ഫുട്‌ബോള്‍ കളത്തിലേക്കു തിരിച്ചുവരാന്‍ സാധ്യതയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അലാവസിനെതിരായ ലീഗ് മത്സരത്തിനിടെയാണ് അഗ്യൂറോയ്ക്ക് നെഞ്ചുവേദനയുണ്ടായത്. തുടര്‍ന്ന് കളിക്കളം വിട്ട താരം മൂന്ന് മാസത്തോളം വിശ്രമിക്കേണ്ടിവരുമെന്നാണ് ആ?ദ്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ അഗ്യൂറോയ്ക്ക് പകരക്കാരനെ കൊണ്ടുവരാനും ബാഴ്‌സ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടെയാണിപ്പോള്‍ താരം ഫുട്‌ബോളില്‍ നിന്നു തന്നെ വിരമിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്. അഗ്യൂറോയുടെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കരുതിയിരുന്നതിലും ഗൗരവമുള്ളതാണെന്നും ഈ സാഹചര്യത്തില്‍ ഇനി കളിക്കുന്നത് താരത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കുമെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നു കാറ്റലൂണിയ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

Next Story