Top

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് തെളിയിച്ചിട്ട് വന്നാല്‍ മതി; ഇന്ത്യന്‍ സൂപ്പര്‍ താരത്തോട് സെലക്ടര്‍മാര്‍!!!

അഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്‌നസും തെളിയിക്കാതെ താരത്തെ ഇന്ത്യന്‍ ടീമിലേക്ക് ഇനി തിരികെയെടുക്കില്ലെന്നാണ് ടീമിന്റെ സെലക്ടര്‍മാരിലൊരാള്‍ ദേശീയ മാധ്യമങ്ങളോടു തുറന്നു പറഞ്ഞത്.

10 Nov 2021 1:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് തെളിയിച്ചിട്ട് വന്നാല്‍ മതി; ഇന്ത്യന്‍ സൂപ്പര്‍ താരത്തോട് സെലക്ടര്‍മാര്‍!!!
X

ന്യൂസിലന്‍ഡിനെതിരേ 17-ന് ആരംഭിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവമാണ്. ഹാര്‍ദ്ദിക്കിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതു സംബന്ധിച്ചുള്ള വിവാദങ്ങള്‍ കെട്ടടങ്ങിത്തീരും മുമ്പേ തന്നെ ഹാര്‍ദ്ദിക്കിന് സ്ഥാനം നഷ്ടമായിരിക്കുകയാണ്.

ഈ ലോകകപ്പില്‍ ടീം ഇന്ത്യയുടെ സൂപ്പര്‍ ഫ്‌ളോപ്പായിരുന്നു ഹാര്‍ദ്ദിക്. ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ടീമില്‍ ഇടം പിടിച്ച ഹാര്‍ദ്ദിക്കിന് ബാറ്റിങ്ങിലോ, ബൗളിങ്ങിലോ എന്തിനു ഫീല്‍ഡിങ്ങില്‍പ്പോലും മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കിവീസിനെതിരായ പരമ്പരയില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഇനി ഹാര്‍ദ്ദിക്കിന് ഉടനൊന്നും ടീം ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ സാധിക്കില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. അഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്‌നസും തെളിയിക്കാതെ താരത്തെ ഇന്ത്യന്‍ ടീമിലേക്ക് ഇനി തിരികെയെടുക്കില്ലെന്നാണ് ടീമിന്റെ സെലക്ടര്‍മാരിലൊരാള്‍ ദേശീയ മാധ്യമങ്ങളോടു തുറന്നു പറഞ്ഞത്.

'വിശ്രമം അനുവദിച്ചതല്ല, ഹാര്‍ദിക്കിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്. ഇനി ദേശീയ ടീമിലെ സെലക്ഷന് പരിഗണിക്കണമെങ്കില്‍ അദ്ദേഹം തന്റെ ഫോമും, ഫിറ്റ്‌നസും തെളിയിക്കേണ്ടതുണ്ട്. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മാത്രം പാണ്ഡ്യ ഞങ്ങളുടെ പദ്ധതികളോട് യോജിച്ചു നില്‍ക്കുന്നില്ല. അഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ അദ്ദേഹത്തോട് ഞങ്ങള്‍ ആവശ്യപ്പെടും. സ്‌ക്വാഡിലേക്ക് തിരിച്ചു വരണമെങ്കില്‍ അതിനായുള്ള പ്രോസസിലൂടെ അദ്ദേഹം കടന്നു പോകണം.'' - അദ്ദേഹം വ്യക്തമാക്കി.

അതേ സമയം പാണ്ട്യയെ തഴഞ്ഞ സെലക്ടര്‍മാര്‍ യുവ ഓള്‍ റൗണ്ടര്‍ വെങ്കടേഷ് അയ്യരെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ദിക്കിന് പകരക്കാരനായി വെങ്കിടേഷ് അയ്യരെ വളര്‍ത്തിയെടുക്കാന്‍ ടീമിന് പദ്ധതികളുണ്ടെന്നാണ് സൂചന.




Next Story

Popular Stories