Top

സഞ്ജു ഇറങ്ങുമെന്ന് അറിഞ്ഞപ്പോൾ ഇളകിമറിഞ്ഞ് സ്റ്റേഡിയം; അദ്ഭുതത്തോടെ ഹർദിക്, വീഡിയോ കാണാം

മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് മത്സരം കാണാനെത്തിയത്

29 Jun 2022 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഞ്ജു ഇറങ്ങുമെന്ന് അറിഞ്ഞപ്പോൾ ഇളകിമറിഞ്ഞ് സ്റ്റേഡിയം; അദ്ഭുതത്തോടെ ഹർദിക്, വീഡിയോ കാണാം
X

ഏറെ നാളുകൾക്ക് ശേഷം ഇന്ത്യൻ ജഴ്സിയിൽ തിരികെയെത്തിയ മലയാളി താരം സഞ്ജു സാംസണിന് അയർലണ്ട് സ്റ്റേഡിയത്തിൽ ലഭിച്ചത് വൻ വരവേൽപ്പ്. ടോസിന് ശേഷം കമന്റേറ്ററുമായി സംസാരിക്കുന്നതിനിടയിലാണ് ടീമിലെ മൂന്ന് മാറ്റങ്ങളെക്കുറിച്ച് നായകൻ ഹർദിക് പാണ്ഡ്യ വെളിപ്പെടുത്തിയത്. ഋതുരാജ് ​ഗെയ്ക്വാഡിന് പകരക്കാരനായി സഞ്ജുവാണ് ടീമിലുള്ളതെന്ന് ഹർദിക് വ്യക്തമാക്കി. ഇത് കേട്ടതോടെ സ്റ്റേഡിയത്തിൽ വലിയ ആരവങ്ങളുയർന്നു. 'ഇവിടെയുള്ള കുറേയധികം പേർ ആ മാറ്റം ഇഷ്ടമായെന്ന് തോന്നുന്നു' എന്നാണ് ഹർദിക് ആരവങ്ങളോട് പ്രതികരിച്ചത്. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് മത്സരം കാണാനെത്തിയത്.

മത്സരത്തിൽ മിന്നും പ്രകടനത്തോടെ സഞ്ജു രാജ്യത്തിനായി ആദ്യ അർധസെഞ്ച്വറി നേടിയിരുന്നു. ഓപ്പണറായിട്ടാണ് രാജസ്ഥാൻ നായകൻ ഇറങ്ങിയത്. ആദ്യ പന്ത് മുതൽ ആക്രമണോത്സുക പ്രകടിപ്പിച്ച സഞ്ജു വെറും 42 പന്തിൽ 77 റൺസ് അടിച്ചെടുത്തു. 4 തകർപ്പൻ സിക്‌സറുകളും 9 ഫോറും ഉൾപ്പെടുന്നതായിരുന്നു മലയാളിയുടെ വെടിക്കെട്ട് ഇന്നിംഗ്‌സ്. മത്സരത്തിൽ ഇന്ത്യ നാല് റൺസിന് വിജയിച്ചു.

ഏറെ നാളായി ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിന് അവസരം ലഭിച്ചിരുന്നില്ല. നേരത്തെ അയർലണ്ടിനെതിരെയും ബാറ്റിംഗിനിറങ്ങാനാവില്ലെന്നായിരുന്നു നിരീക്ഷകരുടെ നിഗമനം. എന്നാൽ പ്രവചനങ്ങളൊക്കെ അട്ടിമറിച്ചുകൊണ്ട് വീണുകിട്ടിയ അവസരത്തിൽ കഴിവ് തെളിയിക്കുന്ന പ്രകടനം പുറത്തെടുക്കാൻ താരത്തിനായി. ഇഷാൻ കിഷൻ-സഞ്ജു സാസംൺ ജോടിയാണ് ഓപ്പണിംഗിറങ്ങിയത്. എന്നാൽ നേരിട്ട അഞ്ചാം പന്തിൽ ഇഷാൻ കൂടാരം കയറി. പിന്നീടെത്തിയ ദീപക് ഹുഡയ്‌ക്കൊപ്പം സഞ്ജു അതിശയ കൂട്ടുക്കെട്ടുണ്ടാക്കി.

മത്സരത്തിൽ കന്നി സെഞ്ച്വറി സ്വന്തമാക്കിയാണ് ഹുഡ പുറത്തായത്. 57 പന്തിൽ 104 റൺസാണ് ഹുഡയുടെ സംഭാവന. അതേസമയം ദിനേഷ് കാർത്തിക്, അക്‌സർ പട്ടേൽ, ഹർഷൽ പട്ടേൽ എന്നീ മൂന്ന് ഇന്ത്യൻ താരങ്ങൾ ഡോൾഡൺ ഡെക്കായി മടങ്ങിയത് നാണക്കേടായി. ലോകകപ്പിൽ ഫിനിഷർ റോളിലേക്ക് മാനേജ്‌മെന്റ് പരിഗണിക്കുന്ന താരമാണ് ഡി.കെ. അയർലണ്ടിനെ പോലുള്ള ചെറു ടീമുകൾക്ക് മുന്നിൽ മധ്യനിര തകരുന്നത് ഇന്ത്യക്ക് ഒട്ടും ശുഭകരമായ സൂചനയല്ല.

Story Highlights: Sanju Samson fans surprices hardik pandey video

Next Story