Top

'കോഹ്ലി എന്തിനു കലിപ്പെടുക്കുന്നു, ടെക്‌നോളജി സച്ചിനെയും രക്ഷിച്ചിട്ടില്ലേ'; എല്‍.ബി.ഡബ്ല്യു വിവാദത്തില്‍ പാക് മുന്‍ താരം

2011 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യ-പാക് പോരാട്ടത്തിനിടെയുള്ള സംഭവം ചൂണ്ടിക്കാട്ടിയാണ് അജ്മലിന്റെ പ്രസ്താവന.

14 Jan 2022 2:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഹ്ലി എന്തിനു കലിപ്പെടുക്കുന്നു, ടെക്‌നോളജി സച്ചിനെയും രക്ഷിച്ചിട്ടില്ലേ; എല്‍.ബി.ഡബ്ല്യു വിവാദത്തില്‍ പാക് മുന്‍ താരം
X

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാറിന്റെ എല്‍.ബി.ഡബ്ല്യു നിഷേധിച്ചത് ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതായി വിശ്വസിക്കുന്നവരാണ് ഇന്ത്യന്‍ ആരാധകരില്‍ ഏറെയും.

ഇന്ത്യന്‍ താരങ്ങള്‍ക്കും ഇതേ ചിന്താഗതിയാണ്. അതിനാലാണ് സംഭവത്തില്‍ ഗ്രൗണ്ടില്‍വച്ചു തന്നെ സ്റ്റംപ് മൈക്കിലൂടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഉപനായകന്‍ കെ.എല്‍. രാഹുലും ബൗളര്‍ രവിചന്ദ്രന്‍ അശ്വിനും പരസ്യമായി പ്രതികരിച്ചത്.

എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ നായകന്‍ കോഹ്ലിയും സഹതാരങ്ങളും ഇത്ര രോഷം കൊള്ളേണ്ട കാര്യമില്ലെന്നും 2011 ലോകകപ്പില്‍ സച്ചിന്‍ രക്ഷപ്പെട്ടതാണെന്നുമാണ് പാകിസ്താന്‍ മുന്‍ സ്പിന്നര്‍ സയിദ് അജ്മല്‍ പറയുന്നത്. 2011 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യ-പാക് പോരാട്ടത്തിനിടെയുള്ള സംഭവം ചൂണ്ടിക്കാട്ടിയാണ് അജ്മലിന്റെ പ്രസ്താവന.

ഈ മത്സരത്തില്‍ സച്ചിനെ അജ്മല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയിരുന്നു. പാക് താരങ്ങളുടെ അപ്പീലില്‍ ഓണ്‍ഫീല്‍ഡ് അംപയര്‍ ഇയാന്‍ ഗൗള്‍ഡ് ഔട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍ ഡി.ആര്‍.എസ്. എടുത്തതോടെ തീരുമാനം പുനപരിശോധിക്കപ്പെടുകയായിരുന്നു. റീപ്ലേയില്‍ പന്ത് സ്റ്റംപിന് പുറത്തേക്കാണ് പോകുന്നതെന്നു തെളിഞ്ഞതോടെയാണ് തീരുമാനം തിരുത്തിയത്.

''അന്നും ഞങ്ങള്‍ സാങ്കേതിക വിദ്യയെ അനുകൂലിക്കുന്നെന്നും അതിന്റെ കൃത്യതയില്‍ വിശ്വസിക്കുന്നതായുമാണ് പറഞ്ഞത്. അന്ന് ടെക്നോളജിയെ വിശ്വസിച്ച ഇന്ത്യ ഇപ്പോള്‍ തീരുമാനം അവര്‍ക്കെതിരേ വന്നപ്പോള്‍ എന്താണ് സ്വീകരിക്കാന്‍ മടിക്കുന്നത്'' അജ്മല്‍ ചോദിക്കുന്നു.

ദക്ഷിണാഫ്രിക്കയിലെ മൂന്നാം ടെസ്റ്റില്‍ എല്‍ഗാറിനെതിരേ അമ്പയര്‍ മാരിയാസ് ഇറാസ്മസ് ഇന്ത്യന്‍ താരങ്ങളുടെ അപ്പീല്‍ അംഗീകരിച്ച് ചൂണ്ടുവിരല്‍ ഉയര്‍ത്തി. എന്നാല്‍ റിവ്യൂവിന് കൊടുത്തപ്പോള്‍ തീരുമാനം തിരുത്തേണ്ടിയും വന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ എറിഞ്ഞ പന്തില്‍ എല്‍ഗാറിനെ ഫീല്‍ഡ് അമ്പയര്‍ മരാസ് ഇരാസ്മസ് എല്‍.ബി.ഡബ്ല്യു. വിധിച്ചതാണ്. താന്‍ പ്ലമ്പ് ആയെന്നു കരുതി തിരിഞ്ഞു നടന്ന എല്‍ഗാര്‍ അവസാന നിമിഷം ഡി.ആര്‍.എസ്. എടുക്കാന്‍ തീരുമാനിച്ചതോടെയാണ് നാടകീയ സംഭവങ്ങള്‍ ആരംഭിച്ചത്.

പന്ത് പ്രതിരോധിക്കാനുള്ള എല്‍ഗാറിന്റെ ശ്രമം പാളുകയും ബാറ്റിനെ മറികടന്നു പന്ത് താരത്തിന്റെ പാഡില്‍ തട്ടുകയുമായിരുന്നു. ക്ലീന്‍ വിക്കറ്റ് എന്നു എല്ലാവരും ഉറപ്പിച്ച നിമിഷം. ഇന്ത്യന്‍ താരങ്ങള്‍ ആഘോഷം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഡി.ആര്‍.എസില്‍ അവിശ്വസനീയ ദൃശ്യങ്ങളാണ് കണ്ടത്.

പന്ത് പിച്ച് ചെയ്ത് ബാറ്റില്‍ സ്പര്‍ശിക്കാതെ എല്‍ഗാറിന്റെ പാഡില്‍ പതിക്കുന്നതുവരെ എല്ലാം കൃത്യം. എന്നാല്‍ =ോള്‍ ട്രാക്കിങ് എടുത്തപ്പോള്‍ സ്ഥിരം സ്റ്റാന്‍ഡില്‍ നിന്ന് ഏറെ കുനിഞ്ഞു പ്രതിരോധിച്ച എല്‍ഗാറിന്റെ പാഡില്‍ തട്ടിയ പന്ത് ട്രാക്കിങ്ങില്‍ സ്റ്റംപിനു മുകളിലൂടെ പോകുമെന്നായിരുന്നു കണ്ടത്. അമ്പയര്‍ ഇരാസ്മസ് ഉള്‍പ്പടെ അന്തംവിട്ടുപോയ ട്രാക്കിങ്. അദ്ദേഹത്തിനു തന്റെ തീരുമാനം തിരുത്തേണ്ടി വരുകയും ചെയ്തു.

തന്റെ തീരുമാനം തിരുത്തുമ്പോള്‍ 'ഇത് സംഭവ്യം... തികച്ചും അസംഭവ്യം' എന്ന് ഇരാസ്മസ് പറയുന്നത് സ്റ്റംപ് മൈക്കില്‍ വ്യകതമായി കേള്‍ക്കാമായിരുന്നു. കിട്ടിയെന്നു കരുതിയ വിക്കറ്റ് കൈവിട്ടുപോയതില്‍ ഇന്ത്യന്‍ താരങ്ങളും പ്രതികരിക്കാന്‍ മറന്നില്ല.

Next Story

Popular Stories