'ഒരു കവർ ഡ്രൈവ് പോലുമില്ലാതെ സച്ചിൻ ഇരട്ട സെഞ്ചുറി നേടി' ; കോഹ്ലിക്ക് വിശ്രമം നൽകുന്നതിനെതിരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ
22 July 2022 11:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിരാട് കൊഹ്‌ലിക്ക് വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും വിശ്രമം നൽകിയത് തെറ്റായ ആശയമാണെന്നും അതൊരു ദുസ്സൂചന നൽകുമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ ദിലീപ് വെങ്സർക്കർ. ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ കളിക്കുന്നതിന് മുന്നോടിയായി കോഹ്ലി ഫോം വീണ്ടെടുക്കേണ്ടതുണ്ട്. കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനായി കോഹ്ലിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും വെങ്സർക്കർ പറഞ്ഞു.
അവസാന മത്സരങ്ങളിൽ കോഹ്ലി നിലവാരത്തിനൊത്ത് പ്രകടനം നടത്തിയിരുന്നില്ല. 2019 മുതൽ താരത്തിന് ഒരു സെഞ്ചിറി പോലും നേടാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് വെങ്സർക്കറുടെ വിമർശനം. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും കോഹ്ലിയെ മാറ്റി നിർത്തുന്നത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്ന് ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
2004-ൽ ഓസ്ട്രേലിയൻ പര്യടന സമയത്ത് സച്ചിൻ തെണ്ടുൽക്കറും സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയത് വെങ്സർക്കർ ഓർമ്മിപ്പിച്ചു. ' സച്ചിൻ ഒരേ രീതിയിൽ പുറത്താകുന്നത് അന്ന് പതിവായിരുന്നു. അതിനാൽ ഓസ്ട്രേലിയക്കെതിരെ സ്ഥിരമായി പുറത്താകുന്ന ഏരിയ ഒഴിവാക്കി കളിച്ച് സച്ചിൻ 241 റൺസ് നേടി. അതിൽ ഒരു കവർ ഡ്രൈവ് പോലുമുണ്ടായില്ല' - വെങ്സർക്കർ ഓർമിപ്പിച്ചു. അതേരീതിയിൽ തിരിച്ചെത്തുന്നതിന് കോഹ്ലി കഠിനാധ്വാനം ചെയ്യണമെന്നും വെങ്സർക്കർ പറഞ്ഞു.
വേൾഡ്ക്കപ്പിൽ കളിക്കാൻ ആത്മവിശ്വാസവും കായിക ക്ഷമതയും വേണം. അതിന് മികച്ച സ്കോറുകൾ കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ മത്സരങ്ങളിൽ കളിക്കുന്നതിലൂടെ മികച്ച പ്രകടനങ്ങൾ അദ്ദേഹത്തെ സഹായിക്കും. നിങ്ങൾ റൺസ് നേടാതിരിക്കുമ്പോൾ കൂടുതൽ മത്സരങ്ങൾ കളിക്കുകയും മധ്യ ഭാഗത്ത് സമയം ചിലവഴിക്കുകയും റൺസ് നേടുകയും വേണം. - വെങ്സർക്കർ പറഞ്ഞു. വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ നിന്നും ഒഴിവാക്കിയെങ്കിലും സിംബാബെക്ക് എതിരെ ഓഗസ്റ്റ് പതിനെട്ടിന് നടക്കാനിരിക്കുന്ന പരമ്പരയിൽ കോഹ്ലിയെ ഉൾപ്പെടുത്തുമെന്നാണ് വിവരം. വരാനിരിക്കുന്ന ഏഷ്യകപ്പ് മുൻനിർത്തിയാണ് തീരുമാനം.
Story highlights : Sachin Tendulkar scored 241 in the last Test match against Australia without playing the cover drive; Criticism of former Indian captain against giving rest to Virat Kohli