സെഞ്ചുറിക്കരികെ പൊരുതിവീണു വാര്‍ണര്‍; ആഷസ് ആദ്യ ടെസ്റ്റില്‍ ഓസീസിനു മേല്‍കൈ
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് 48 റണ്‍സിന്റെ ലീഡ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 147 പിന്തുടര്‍ന്നിറങ്ങിയ ഓസീസ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് എന്ന നിലയിലാണ്.
9 Dec 2021 5:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയ്ക്കു മേല്‍കൈ. ബ്രിസ്ബെയ്നില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് 48 റണ്‍സിന്റെ ലീഡ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 147 പിന്തുടര്‍ന്നിറങ്ങിയ ഓസീസ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് എന്ന നിലയിലാണ്.
രണ്ടാം ദിനം ചായയ്ക്കു പിരിയുമ്പോള്‍ മൂന്നിന് 193 എന്ന അതിശക്തമായ നിലയില്‍ നിന്ന് ക്ഷണത്തില്‍ അവര്‍ക്കു രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. പേസര്‍ ഒലി റോബിന്‍സണ്‍ തുടര്‍ച്ചയായ പന്തുകളില്‍ നേടിയ രണ്ടു വിക്കറ്റുകളാണ് ഇംഗ്ലണ്ടിനെ ഇന്നു ചിത്രത്തില്‍ എത്തിച്ചത്.
തങ്ങളുടെ ഒന്നാമിന്നിങ്സിനായി ഇന്നിറങ്ങിയ ഓസീസിനായി ഓപ്പണര്‍ ഡേവിഡ് വാര്‍ണറും മധ്യനിര താരം മാര്‍നസ് ലബുഷാഗ്നെയുമാണ് തിളങ്ങിയത്. വാര്‍ണര്‍ 176 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 94 റണ്‍സ് നേടിയപ്പോള്‍ 117 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 74 റണ്‍സായിരുന്നു ലബുഷാഗ്നെയുടെ സമ്പാദ്യം.
തകര്‍ച്ചയോടെയാണ് ഓസീസ് തുടങ്ങിയത്. ഇന്നിങ്സിന്റെ ആറാം ഓവറില്‍ത്തന്നെ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ(3) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വാര്‍ണര്‍-ലബ്ഷാഗ്നെ സഖ്യം അവരെ കരകയറ്റുകയായിരുന്നു. 156 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ തന്നെ ഇംഗ്ലീഷ് സ്കോര്‍ മറികടക്കാന്‍ ഓസീസിനെ സഹായിച്ചു.
എന്നാല്‍ ടീം സ്കോര്‍ 166-ല്‍ നില്‍ക്കെ ലബുഷാഗ്നെയെ വീഴ്ത്തി ജാക്ക് ലീച്ച് ഇംഗ്ലണ്ടിന് ബ്രേക്ക്ത്രൂ സമ്മാനിച്ചു. അധികം വൈകാതെ ഉപനായകന്‍ സ്റ്റീവ് സ്മിത്തും വീണു. 12 റണ്‍സ് എടുത്ത സ്മിത്തിനെ മാര്‍ക്ക് വുഡാണ് മടക്കിയത്. പിന്നീട് ചായയ്ക്കു പിരിയുകയായിരുന്നു. ഇതിനു ശേഷമുള്ള രണ്ടാം ഓവറില്‍ തുടരെ രണ്ടു വിക്കറ്റ് വീഴ്ത്തിയാണ് റോബിന്‍സണ്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചത്. സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന വാര്‍ണറാണ് ആദ്യ ഇരയായത്. തൊടടുത്ത പന്തില്‍ കാമറൂണ്‍ ഗ്രീനിന്റെ സ്റ്റംപ് തെറിപ്പിച്ച റോബിന്‍സണ്‍ ഇരട്ടപ്രഹരം ഏല്പിച്ചു.
നേരത്തെ പുതിയ നായകന് പാറ്റ് കമ്മിന്‍സിന്റെ തകര്‍പ്പന്‍ ബൗളങ്ങിലൂടെയാണ് ഓസീസ് ഇംഗ്ലണ്ടിനെ കുറഞ്ഞ സ്കോറില്‍ ഒതുക്കിയത്. അഞ്ചു വിക്കറ്റുകളാണ് കമ്മിന്‍സ് വീഴ്ത്തിയത്. നായകനു പുറമേ രണ്ടുവീതം വിക്കറ്റുകളുമായി മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസില്‍വുഡ് എന്നിവരും ഒരു വിക്കറ്റുമായി കാമറൂണ്‍ ഗ്രീനും തിളങ്ങി. 39 റണ്‍സ് നേടിയ ജോസ് ബട്ലറും 35 റണ്‍സ് നേടിയ ഒലി പോപ്പുമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ചുനിന്ന ബാറ്റര്‍മാര്‍.