Top

'നാടന്‍ ബോംബ് മുതല്‍ അള്‍ട്രാ മോഡേണ്‍ മെഷീന്‍ ഗണ്‍'വരെ...

9 Nov 2021 9:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാടന്‍ ബോംബ് മുതല്‍ അള്‍ട്രാ മോഡേണ്‍ മെഷീന്‍ ഗണ്‍വരെ...
X

ഓറഞ്ച് രാഹുല്‍, ഹിറ്റ്മാന്‍ രോഹിത്, കിങ് കോഹ്ലി, 360 സൂര്യ, ഫിയര്‍ലെസ് പന്ത്, കുങ്ഫു പാണ്ഡ്യ, റോക്ക് സ്റ്റാര്‍ ജഡ്ഡു, ലോര്‍ഡ് താക്കൂര്‍, ഹീറോ ഷമി, ബും ബും ബുംറ, മിസ്റ്ററി വരുണ്‍... സൂപ്പര്‍ ഹിറ്റ് മലയാള സിനിമയില്‍ പറയുന്ന ഡയലോഗ് പോലെ 'നാടന്‍ ബോംബ് മുതല്‍ അള്‍ട്രാ മോഡേണ്‍ മെഷീന്‍ ഗണ്‍' വരെയുള്ള തകര്‍പ്പന്‍ താരനിര.

ന്യൂസിലന്‍ഡിലും ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ശ്രീലങ്കയിലും വിജയപതാക നാട്ടിയവര്‍. അതിലുമുപരി ലോകത്തെ ഏറ്റവും മികച്ച ട്വന്റി 20 ക്രിക്കറ്റ് ലീഗിന്റെ മുന്നണിപ്പോരാളികളും. ലോകകപ്പ് കിരീടം ഉയര്‍ത്താന്‍ എന്തുകൊണ്ടും യോഗ്യര്‍ എന്ന് ആരാധകരും സ്തുതിപാടകരും കണ്ണടച്ചു വിശ്വസിച്ചു പോയതില്‍ തെറ്റു പറയാനില്ല. അത്രകണ്ട് മിന്നുന്ന പ്രകടനമായിരുന്നല്ലോ രണ്ടു മാസം മുമ്പു വരെ ഈ ടീമില്‍ നിന്നു കണ്ടത്.

ഒടുവില്‍ 'പവനായി ശവമായി' എന്നു പറയും പോലെ കിരീടം ചൂടാന്‍ വന്നവര്‍ ഫൈനല്‍ പോയിട്ട് സെമി ഫൈനല്‍പോലും കാണാതെ വീട്ടിലേക്കു മടങ്ങുന്നു. ടീം ഇന്ത്യയുടെ ഈ ഞെട്ടിക്കുന്ന തോല്‍വി ഇതുവരെ ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഫോമിന്റെ പാര്യമതയില്‍ നിന്ന ടീമിന് എന്താണ് സംഭവിച്ചത് എന്നാണ് ഏവരും പരസ്പരം ചോദിക്കുന്നത്.

എവിടെയായിരിക്കും ടീം ഇന്ത്യക്ക് പിഴച്ചത്. നിര്‍ണായക മത്സരങ്ങളില്‍ ബാറ്റിങ് മറന്നതാണോ കാരണം, അതോ ബൗളര്‍മാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയാതെ പോയതോ. ഇനി ഇതു രണ്ടും അല്ലെങ്കില്‍ ബൗളിങ് കോച്ച് ഭരത് അരുണ്‍ 'കണ്ടെത്തിയത്' പോലെ ടോസ് ആണോ വില്ലനായത്. അടുത്ത ഏതാനും ദിവസങ്ങള്‍ ഇന്ത്യന്‍ തിങ്ക്ടാങ്കുകള്‍ ഇതേക്കുറിച്ച് ആലോചിച്ചു തലപുകയ്ക്കുമെന്നു തീര്‍ച്ച.

ഠ അമിത സമ്മര്‍ദ്ദം വിനയായി

ടീം ഇന്ത്യയെ ഈ അവസ്ഥയില്‍ എത്തിച്ചത് ഇന്ത്യ തന്നെയെന്നു വേണം പറയാന്‍. ഇന്ത്യ-പാകിസ്താന്‍ മത്സരം എന്നും 'യുദ്ധ'സമാനവും അതീവ സമ്മര്‍ദ്ദമുണര്‍ത്തുന്നവയുമാണ്. 1992- മുതല്‍ ആ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ പാകിസ്താന്‍ താരങ്ങളെക്കാള്‍ മികവ് കാട്ടിയതാണ് ലോകകപ്പുകളില്‍ പാകിസ്താനെതിരായ മികച്ച റെക്കോഡ് ഇന്ത്യക്ക് സ്വന്തമാകാന്‍ കാരണം.

എന്നാല്‍ ഇക്കുറി അതു നേരെ തിരിഞ്ഞാണ് വന്നത്. അധികമായാല്‍ അമൃതും വിഷമെന്നപോലെ നിറഞ്ഞ സമ്മര്‍ദ്ദത്തില്‍ കളി മറന്നുപോയ ടീം ഇന്ത്യയെയാണ് സൂപ്പര്‍ 12-ലെ ആദ്യ മത്സരത്തില്‍ കണ്ടത്. നായകന്‍ വിരാട് കോഹ്ലിയുടെ വാക്കുകള്‍ തന്നെ ഇതിന് ഉദാഹരണം. ''ആദ്യ രണ്ടു വിക്കറ്റുകള്‍ പോയപ്പോള്‍ തന്നെ ഇന്ത്യ പാകിസ്താന് പിന്നിലായി'' എന്നാണ് മത്സരശേഷം കോഹ്ലി പറഞ്ഞത്.

ലോകക്രിക്കറ്റില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ച ബാറ്റ്സ്മാനായ താന്‍ തന്നെ ക്രീസില്‍ നില്‍ക്കുമ്പോള്‍ അത്തരത്തില്‍ ഒരു വിചാരം ക്യാപ്റ്റന് തോന്നിച്ചെങ്കില്‍ സ്വന്തം കഴിവില്‍പോലും വിശ്വാസമില്ലാത്ത അവസ്ഥയിലേക്ക് സമ്മര്‍ദ്ദം അദ്ദേഹത്തെ എത്തിച്ചുവെന്നു വേണം മനസിലാക്കാന്‍. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലും ഇതേ മനോഭാവമാണ് ഇന്ത്യയെ ചതിച്ചത്.

ഠ പിഴവ് ടീം തെരഞ്ഞെടുപ്പ് മുതല്‍

ലോകകപ്പിനുള്ള ടീം തെരഞ്ഞെടുപ്പു മുതല്‍ വിവാദങ്ങള്‍ ടീം ഇന്ത്യയെ പിന്തുടരുന്നുണ്ട്. പരുക്കില്‍ നിന്നു മുക്തനല്ലാത്ത ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തിയതും മികച്ച ഫോമിലുള്ള സ്പിന്നര്‍ യൂസ്വേന്ദ്ര ചഹാലിനെ ഒഴിവാക്കിയതുമൊക്കെ വിവാദമായിരുന്നു.

സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ പലതും തെറ്റിപ്പോയെന്ന് ഇന്ത്യയുടെ ആദ്യ നാലു മത്സരങ്ങള്‍ തെളിയിക്കുന്നു. പേസര്‍ മുഹമ്മദ് ഷമി, സ്പിന്നര്‍ രാഹുല്‍ ചഹാര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ കാര്യത്തില്‍ ഉത്തരവാദിത്തില്‍ നിന്ന് സെലക്ടര്‍മാര്‍ക്ക് ഒളിച്ചോടാനാകില്ല. ലോകകപ്പിനു തൊട്ടുമുമ്പാണ് ഐ.പി.എല്‍. യു.എ.ഇയില്‍ സമാപിച്ചത്. ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഒരുപിടി താരങ്ങള്‍ ഇവര്‍ക്ക് കൃത്യമായ പകരക്കാരാകുമായിരുന്നു. ചഹാല്‍, ഹര്‍ഷല്‍ പട്ടേല്‍, വെങ്കിടേഷ് അയ്യര്‍ തുടങ്ങിയവര്‍ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ സ്ഥിതി വ്യത്യസ്തമായേനെ.

ഠ ബുംറയുടെ പരാതിയും ബോര്‍ഡിന്റെ പണക്കൊതിയും

''ആറുമാസമായി ഞങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നു. യാതൊരു വിശ്രമവുമില്ല. കുറേക്കാലമായി ബയോ ബബിളിലാണ്. ഞങ്ങള്‍ ആകെ ക്ഷീണിതരാണ്. വിശ്രമം അത്യവശ്യമാണ്''്.... നൂ്യസിലന്‍ഡിനെതിരായ മത്സരശേഷം പേസര്‍ ജസ്പ്രീത് ബുംറ പറഞ്ഞത് ഇങ്ങനെയായിരുന്നു.

തുടര്‍ച്ചയായ മത്സരങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ലോകകപ്പിനായി ദുബായിയില്‍ എത്തിയത്. ലോകകപ്പ് ക്രിക്കറ്റിന് മുമ്പായി മറ്റെല്ലാ ടീമുകളും തങ്ങളുടെ മികച്ച താരങ്ങള്‍ അത്യാവശ്യം വിശ്രമവും മറ്റും ഏര്‍പ്പാടാക്കിയപ്പോള്‍ ഒന്നും രണ്ടും നിര ടീമുകളെ പല രാജ്യങ്ങളിലേക്ക് പര്യടനത്തിനയച്ച് ബെഞ്ച് ബലത്തില്‍ അഭിമാനം കൊള്ളുകയായിരുന്നു ബി.സി.സി.ഐ.

രാജ്യാന്തര ക്രിക്കറ്റ് കലണ്ടറില്‍ മുന്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ലോകകപ്പിനു മുമ്പായി ഇന്ത്യന്‍ താരങ്ങള്‍ക്ക് അത്യാവശ്യം വിശ്രമം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ 2000 കോടി രൂപയുടെ നഷ്ടം ഒഴിവാക്കാന്‍ നിര്‍ത്തിവച്ച ഐ.പി.എല്‍. കൃത്യം ആ സമയത്ത് നടത്താന്‍ ബി.സി.സി.ഐ. തീരുമാനിച്ചതോടെ വിശ്രമം ഇല്ലാതെ കളിക്കാന്‍ താരങ്ങള്‍ നിര്‍ബന്ധിതരായി.

ലോകകപ്പ് പോലുള്ള ഒരു വലിയ ടൂര്‍ണമെന്റില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദവും തുടര്‍ച്ചയായ മത്സരങ്ങള്‍ കളിച്ചതുമൂലമുള്ള ക്ഷീണവും പേറി കളിച്ച താരങ്ങള്‍ക്ക് ഇതില്‍ക്കൂടുതല്‍ എന്ത് മികവ് ഗ്രൗണ്ടില്‍ പ്രകടിപ്പിക്കാനാകും. ഈ ലോകകപ്പ് തോല്‍വിയില്‍ നിന്ന് ബി.സി.സി.ഐ. പഠിക്കേണ്ട വലിയ പാഠമാണത്.

ഠ പടലപ്പിണക്കവും അധികാര കേന്ദ്രീകരണവും

രണ്ടു മാസം മുമ്പ് വരെ തകര്‍പ്പന്‍ ജയങ്ങളുമായി കുതിച്ച ടീം ഇന്ത്യക്ക് ലോകകപ്പില്‍ എന്തു മാറ്റമാണ് സംഭവിച്ചത്? ആകെ രണ്ടു മാറ്റങ്ങളാണ് വന്നത്. ഇംഗ്ലണ്ട് പര്യടനത്തിനിടയില്‍ താരങ്ങള്‍ക്കിടയില്‍ തമ്മലടി രൂക്ഷമായി, ടീമിന്റെ ഉപദേഷ്ടാവായി മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ ബി.സി.സി.ഐ. നിയമിച്ചു.

ടീമിലെ പടലപ്പിണക്കങ്ങളും ഒഫീഷ്യലുകള്‍ക്കിടയിലെ താന്‍പോരിമയും ടീം ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചില്ലെന്നു പറഞ്ഞാല്‍ അത് ശുദ്ധ നുണയായി മാറും. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനം മുതല്‍ക്കാണ് ടീം ഇന്ത്യയില്‍ പടലപ്പിണക്കങ്ങള്‍ ഉണ്ടായത്. എന്നാല്‍ ഉള്ളില്‍ പുകയുന്നുണ്ടായിരുന്നെങ്കിലും കളത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു വരികയായിരുന്നു.

ഇതിനിടെയിലാണ് ടീമിന്റെ ഉപദേശകനായി മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ നിയമിക്കുന്നത്. ഇതോടെ ടീമില്‍ പ്രശ്നങ്ങള്‍ മുന്‍പത്തേതില്‍ കൂടുതലാകുകയായിരുന്നു. പരിശീലകന്‍ രവി ശാസ്ത്രിയും ധോണിയും വാക്കേറ്റത്തോളം നീണ്ട തര്‍ക്കങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ധോണി അല്‍പ്പം ദേഷ്യത്തോടെ രവി ശാസ്ത്രിയോട് സംസാരിക്കുന്ന രീതിയിലാണ് വീഡിയോയിലുള്ളത്. ഇത് രണ്ട് പേരും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്.

ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ധോണിയുടെ തീരുമാനങ്ങളും രവി ശാസ്ത്രിയുടെ തീരുമാനങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാകുമെന്നായിരുന്നു അവരുടെ പ്രവചനം. അതിപ്പോള്‍ സത്യമായി ഭവിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്പിന്നിനെ തുണയ്ക്കുന്ന ദുബായിയിലെ പിച്ചില്‍ ഒരൊറ്റ സ്പെഷലിസ്റ്റ് സ്പിന്നറിനെ മാത്രം ഉള്‍പ്പെടുത്തി നാലു പേസര്‍മാരുമായി ഇറങ്ങിയതിനു പിന്നിലും രവിചന്ദ്രന്‍ അശ്വിനെപ്പോലൊരു അനുഭവസമ്പന്നനെ ബെഞ്ചിലിരുത്തിയതിനു പിന്നിലും 2013 മുതല്‍ ടീം ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്ത് സ്ഥിര സാന്നിദ്ധ്യമായ രോഹിത് ശര്‍മയെ മധ്യനിരയിലേക്ക് മാറ്റി നിര്‍ണായക മത്സരത്തില്‍ കെ.എല്‍. രാഹുലിനെയും ഇഷാന്‍ കിഷനെയും ഓപ്പണിങ്ങിന് ഇറക്കിയതിനും പിന്നിലും ധോണിയുടെ 'ടിപ്സ്' ആണെന്നാണ് സൂചന. അങ്ങനെയെങ്കില്‍ മെന്റര്‍ എന്ന നിലയില്‍ ധോണിയുടെ ഉപദേശങ്ങള്‍ ടീം ഇന്ത്യയെ പിന്നോട്ട് ഓടിക്കുകയാണ് ചെയ്തതെന്നു തീര്‍ച്ച.

ഠ തലമുറമാറ്റം ഉടന്‍; പിഴവുകള്‍ തിരുത്താം 2022-ല്‍

ഈ ലോകകപ്പിനു പിന്നാലെ ടീം ഇന്ത്യ ഒരു തലമുറമാറ്റത്തിനാണ് തയാറെടുക്കുന്നത്. പരിശീലക സ്ഥാനത്തു നിന്ന് രവി ശാസ്ത്രിയും നായക സ്ഥാനത്തു നിന്ന് വിരാട് കോഹ്ലിയും പടിയിറങ്ങുകാണ്. ശാസ്ത്രിക്കു പകരം രാഹുല്‍ ദ്രാവിഡും കോഹ്ലിക്കു പകരം അഭ്യൂഹങ്ങള്‍ ശരിയെങ്കില്‍ രോഹിത് ശര്‍മയും എത്തും.

ഇരുവര്‍ക്കും മുമ്പില്‍ ഹിമാലയന്‍ ദൗത്യങ്ങളാണുള്ളത്. 2022 ലോകകപ്പ് മുന്നില്‍ക്കണ്ട് ടീമിനെ ഒരുക്കിയെടുക്കുയാകും അവരുടെ പ്രഥമ ലക്ഷ്യം. അടുത്ത ലോകകപ്പ് ഓസ്ട്രേലിയയിലാണെന്നു മറക്കരുത് എന്നാണ് മുന്‍ താരം വി.വി.എസ്. ലക്ഷ്മണ്‍ മുന്നറിയിപ്പ് നല്‍കിയത്. ഓസ്ട്രേലിയയിലെ സാഹചര്യങ്ങള്‍ കണ്ടറിഞ്ഞ് അതിന് ഉതകുന്ന തരത്തിലുള്ള യുവതാരങ്ങളെ കണ്ടെത്തി മികവിലേക്ക് എത്തിക്കാനാകും ദ്രാവിഡും ടീം നായകനും ശ്രമിക്കുക.

തൊട്ടതെല്ലാം പൊന്നാക്കിയ അപൂര്‍വ ക്രിക്കറ്റര്‍മരില്‍ ഒരാളാണ് ദ്രാവിഡ്. ക്യാപ്റ്റന്‍, ബാറ്റ്സ്മാന്‍, വിക്കറ്റ് കീപ്പര്‍ തുടങ്ങി ദേശീയ ടീമിന്റെ ഭാഗമായ എല്ലാ റോളുകളിലും ഒരുപോലെ ശോഭിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പരിശീലകന്‍ എന്ന പുതിയ റോളിലും വെല്ലുവിളികളെയെല്ലാം 'വന്മതില്‍' കെട്ടിത്തടഞ്ഞ് ഇന്ത്യയെ മുന്നോട്ടുനയിക്കാന്‍ അദ്ദേഹത്തിനാകുമെന്ന് പ്രത്യാശിക്കാം. ഒപ്പം നായകന്‍ എന്ന നിലയില്‍ കഴിവ് തെളിയിച്ച രോഹിതും ചേര്‍ന്നാല്‍ ഇന്നത്തെ നിരാശ നാളത്തെ ആഹ്ലാദമായി മാറിയേക്കാം.

Next Story

Popular Stories