വരവറിയിച്ച് ദ്രാവിഡിന്റെ മകന്; കര്‍ണാടക അണ്ടര്‍ 14 ടീമിനെ അന്വയ് നയിക്കും
ജനുവരി 23 മുതല്‍ ഫെബ്രുവരി 11 വരെ കേരളത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
19 Jan 2023 12:01 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ മകന് അന്വയ് ദ്രാവിഡിനെ അണ്ടര്‍ 14 കര്‍ണാടക ക്യാപ്റ്റനായി തെരഞ്ഞെടുത്തു. അണ്ടര്‍ 14 ദക്ഷിണ മേഖല ടൂര്‍ണമെന്റിലാണ് അന്വയ് കര്‍ണാടകയെ നയിക്കുക. അന്വയ് കര്‍ണാടകയ്ക്ക് വേണ്ടി ജൂനിയര്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെയാണ് അന്‍വയെ കര്‍ണാടകയുടെ ക്യാപ്റ്റനാക്കാന്‍ തീരുമാനിച്ചത്. ജനുവരി 23 മുതല്‍ ഫെബ്രുവരി 11 വരെ കേരളത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
അച്ഛനെ പോലെ തന്നെ അന്‍വയും വിക്കറ്റ് കീപ്പറാണ്. ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ വിക്കറ്റ് കീപ്പറായിരുന്നു രാഹുല്‍ ദ്രാവിഡ്. വിക്കറ്റ് കീപ്പറെ കണ്ടെത്താന്‍ ടീം ബുദ്ധിമുട്ടിയ സമയത്തായിരുന്നു ബാറ്റര്‍ ആയിരുന്ന ദ്രാവിഡ് വിക്കറ്റ് കീപ്പര്‍ റോള്‍ ഏറ്റെടുക്കുന്നത്. പിന്നീട് ധോണിയുടെ വരവോടെ ഗ്ലൗ അദ്ദേഹത്തിന് കൈമാറി രാഹുല്‍ സ്പെഷ്യലിസ്റ്റ് ബാറ്റര്‍ ആവുകയായിരുന്നു.
ദ്രാവിഡിന്റെ രണ്ടാമത്തെ മകനാണ് അന്വയ്. ഒന്നാമത്തെ മകന് സമിത്ത് ദ്രാവിഡും ക്രിക്കറ്ററാണ്. അണ്ടര്‍ 14 ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സമിത്ത് 2019-20 സീസണില്‍ രണ്ട് ഇരട്ട സെഞ്ച്വറികള്‍ നേടിയിരുന്നു.
STORY HIGHLIGHTS: Rahul Dravids son Anvay appointed captain of Karnataka Under14 team