Top

'ഇവരാരും യന്ത്രങ്ങളല്ല, ആവശ്യത്തിന് വിശ്രമം അത്യാവശ്യമാണ്'; റൊട്ടേഷന്‍ പോളിസി സൂചന നല്‍കി ദ്രാവിഡ്

ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ടീം ഇന്ത്യക്ക് യാതൊരുവിധ മേല്‍കൈയും അവകാശപ്പെടുന്നില്ലെന്നും ന്യൂസിലന്‍ഡ് വലിയ ടീം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

16 Nov 2021 1:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇവരാരും യന്ത്രങ്ങളല്ല, ആവശ്യത്തിന് വിശ്രമം അത്യാവശ്യമാണ്; റൊട്ടേഷന്‍ പോളിസി സൂചന നല്‍കി ദ്രാവിഡ്
X

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വീണ്ടും റൊട്ടേഷന്‍ പോളിസി കൊണ്ടുവരുമെന്ന സൂചന നല്‍കി പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ടീം ഇന്ത്യയുടെ കോച്ചായി സ്ഥാനമേറ്റ ശേഷം നടക്കുന്ന ആദ്യ പരമ്പരയ്ക്കു മുന്നോടിയായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരം നാളെ ജയ്പൂരിലാണ് അരങ്ങേറുക. ദ്രാവിഡിന്റെയും പുതിയ നായകന്‍ രോഹിത് ശര്‍മയുടെയും നേതൃത്വത്തില്‍ ടീം ഇന്ത്യ ഇന്നു ജയ്പൂരില്‍ പരിശീലനം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ദ്രാവിഡ് മാധ്യപ്രവര്‍ത്തകരെ കണ്ടത്.

വാര്‍ത്താ സമ്മേളനത്തില്‍ ക്രിക്കറ്റ് താരങ്ങളുടെ ജോലിഭാരം കുറയ്ക്കണമെന്ന നിര്‍ദേശമാണ് ദ്രാവിഡ് മുന്നോട്ടുവച്ചത്. താരങ്ങള്‍ യന്ത്രങ്ങള്‍ അല്ലെന്നും നിശ്ചിത സമയത്ത് വേണ്ട വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണെന്നും താരങ്ങളുടെ ഫിറ്റ്‌നെസ് നിലനിര്‍ത്താനും ടീമിന്റെ പ്രകടനം മെച്ചപ്പെടാനും അതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''വലിയ ടൂര്‍ണമെന്റുകളിലേക്ക് ഇന്ത്യയുടെ മികച്ച താരങ്ങള്‍ നല്ല ഫിറ്റ്‌നസോടെ എത്തണം. ഇതിനായി അവരുടെ ജോലി ഭാരം കുറയ്‌ക്കേണ്ടതുണ്ട്. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ ഇന്ത്യ പല താരങ്ങള്‍ക്കും വിശ്രമം നല്‍കിയിരുന്നു. അത് നിശ്ചിത ഇടവേളകളില്‍ തുടരണം''- ദ്രാവിഡ് പറഞ്ഞു.

''എല്ലാ താരങ്ങളെയും ഫ്രഷായി ലഭിക്കേണ്ടതുണ്ട്. അതിന് ഇന്ത്യ കളിക്കുന്ന എല്ലാ സീരീസും ഇനി മോണിറ്റര്‍ ചെയ്യണം. അതുവഴി ആവശ്യമുള്ളവര്‍ക്കു വിശ്രമം നല്‍കാന്‍ സാധിക്കും. ഈ രീതി പിന്തുടരുന്നത് സീനിയര്‍ താരങ്ങളുടെ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുമെന്നതിനു പുറമേ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിനും സഹായിക്കും''- ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

അതേസമയം നാളെ ആരംഭിക്കുന്ന ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ടീം ഇന്ത്യക്ക് യാതൊരുവിധ മേല്‍കൈയും അവകാശപ്പെടുന്നില്ലെന്നും ന്യൂസിലന്‍ഡ് വലിയ ടീം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

Popular Stories