Top

ഫിലിപ്‌സും നീഷമും ആളിക്കത്തി; തകര്‍ച്ചയില്‍ നിന്നു കരകയറി കിവീസ്, ഭേദപ്പെട്ട സ്‌കോര്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട കിവീസ് തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി. മധ്യനിര താരങ്ങളായ ജയിംസ് നീഷമിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും മിന്നുന്ന പ്രകടനമാണ് അവര്‍ക്കു രക്ഷയായയത്.

5 Nov 2021 12:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫിലിപ്‌സും നീഷമും ആളിക്കത്തി; തകര്‍ച്ചയില്‍ നിന്നു കരകയറി കിവീസ്, ഭേദപ്പെട്ട സ്‌കോര്‍
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സെമി ഫൈനല്‍ സ്ഥാനത്തിനായി ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമൊപ്പം പോരടിക്കുന്ന ന്യൂസിലന്‍ഡിന് ഇന്നു നടന്ന നിര്‍ണായക മത്സരത്തില്‍ നമീബിയയ്‌ക്കെതിരേ ഭേദപ്പെട്ട സ്‌കോര്‍.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട കിവീസ് തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി. മധ്യനിര താരങ്ങളായ ജയിംസ് നീഷമിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും മിന്നുന്ന പ്രകടനമാണ് അവര്‍ക്കു രക്ഷയായയത്.

ഫിലിപ്‌സ് 21 പന്തില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറുകളും സഹിതം 39 റണ്‍സുമായും നീഷം 23 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം 35 റണ്‍സുമായും പുറത്താകാതെ നിന്നു. 25 പന്തുകളില്‍ നിന്ന് രണ്ടു ഫോറുകളും ഒരു സിക്‌സറും സഹിതം 28 റണ്‍സ് നേടിയ നായകന്‍ കെയ്ന്‍ വില്യംസണാണ് മറ്റൊരു പ്രധാന സ്‌കോറര്‍. മാര്‍ട്ടിന്‍ ഗുപ്റ്റില്‍(18), ഡാരില്‍ മിച്ചല്‍(19), ഡെവണ്‍ കോണ്‍വേ(17) എന്നിവരും ചെറുതായ സംഭാവനകള്‍ നല്‍കി.

ടോസ് നേടിയ നമീബിയന്‍ ക്യാപ്റ്റന്‍ ജെറാര്‍ഡ് എറാസ്മസ് ന്യൂസിലന്‍ഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരെ അതിവേഗ സ്‌കോറിങ് നടത്തിയ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ അഞ്ചാം ഓവറില്‍ മടക്കിയാണ് നമീബിയ കിവീസിനെ ആദ്യം ഞെട്ടിച്ചത്.

തൊട്ടടുത്ത ഓവറില്‍ ഡാരില്‍ മിച്ചലും(15 പന്തില്‍ 19) വീണതോടെ രണ്ടിന് 43 എന്ന നിലയിലാണ് ടീമിനെ രക്ഷിക്കാന്‍ നായകന്‍ വില്യംസണും കോണ്‍വേയും ചേര്‍ന്നു ശ്രമിച്ചെങ്കിലും ഫലിച്ചില്ല. 12-ാം ഓവറില്‍ വില്യംസനും 14-ാം ഓവറില്‍ കോണ്‍വേയും വീണതോടെ നാലിന് 87 എന്ന നിലയില്‍ അവര്‍ പതറി.

ഈ നിലയില്‍ നിന്നാണ് ഫിലിപ്‌സ്-നീഷം സഖ്യം അവരെ കരകയറ്റിയത്. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 76 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നമീബിയയ്ക്കായി ബെര്‍ണാര്‍ഡ് സ്‌കോള്‍സ്, ഡേവിഡ് വീസ്, ഗെര്‍ഹാര്‍ഡ് എറാസ്മസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.




Next Story

Popular Stories