Top

സഹപ്രവര്‍ത്തകയ്ക്ക് നഗ്ന ഫോട്ടോയും അശ്ലീല സന്ദേശങ്ങളും; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്റെ കസേര തെറിച്ചു

. കുടുംബത്തെയും ക്രിക്കറ്റ് ഓസ്‌ട്രേലിയയേയും വേദനിപ്പിച്ചതില്‍ മാപ്പ് ചോദിക്കുന്നതായി രാജി പ്രഖ്യാപിച്ചു കൊണ്ടു പെയ്ന്‍ പറഞ്ഞു.

19 Nov 2021 2:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഹപ്രവര്‍ത്തകയ്ക്ക് നഗ്ന ഫോട്ടോയും അശ്ലീല സന്ദേശങ്ങളും; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്റെ കസേര തെറിച്ചു
X

ആഷസ് ക്രിക്കറ്റ് പരമ്പര ആരംഭിക്കാന്‍ 18 ദിവസം മാത്രം ശേഷിക്കെ ടെസ്റ്റ് ടീം നായകനെ നഷ്ടമായി ഓസ്‌ട്രേലിയ. ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് ജീവനക്കാരിക്ക് അശ്ലീല സന്ദേശം അയച്ചു എന്ന ആരോപണത്തില്‍ കുടുങ്ങി നായകന്‍ ടീം പെയ്ന്‍ രാജിവച്ചതോടെയാണ് ആഷസിനു മുമ്പ് പുതിയ നായകനെ കണ്ടെത്തേണ്ട ഗതികേടിലായത്.

2017-ല്‍ ഗാബയില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റിനിടെ ക്രിക്കറ്റ് ബോര്‍ഡ് ജീവനക്കാരിക്ക് പെയ്ന്‍ അശ്ലീല സന്ദേശം അയച്ചെന്നാണ് ആരോപണമുയര്‍ന്നത്. ഓസീസ് മാധ്യമമായ ഹെറാള്‍ഡ് സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തിയ ക്രിക്കറ്റ് ഓസ്‌ട്രേലിയ പെയ്ന്‍ കുറ്റക്കരനാണെന്ന് കണ്ടെത്തുകയായിരുന്നു.

ഇതിനു പിന്നാലെയാണ് പെയ്ന്‍ രാജി സമര്‍പ്പിച്ചത്. കുടുംബത്തെയും ക്രിക്കറ്റ് ഓസ്‌ട്രേലിയയേയും വേദനിപ്പിച്ചതില്‍ മാപ്പ് ചോദിക്കുന്നതായി രാജി പ്രഖ്യാപിച്ചു കൊണ്ടു പെയ്ന്‍ പറഞ്ഞു. രാജി അംഗീകരിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ പുതിയ നായകനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി.

പെയ്ന്‍ സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തില്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സ് പുതിയ നായകനാകുമെന്നാണ് സൂചന. 2018 മാര്‍ച്ചില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്റ്റീവ് സ്മിത്ത് രാജിവച്ചതോടെയാണ് പെയ്‌നെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ടെസ്റ്റ് ക്യാപ്റ്റനാക്കിയത്. പെയ്‌ന് കീഴില്‍ കളിച്ച 23 ടെസ്റ്റില്‍ 11ല്‍ ഓസ്‌ട്രേലിയ ജയിച്ചിരുന്നു. ഓസ്‌ട്രേലിയക്കായി 35 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ടിം പെയ്ന്‍ ഒമ്പത് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെ 1535 റണ്‍സ് നേടിയിട്ടുണ്ട്. 32.66 ആണ് ബാറ്റിംഗ് ശരാശരി.


Next Story

Popular Stories