Top

കോച്ച് രാഹുലിന് ക്യാപ്റ്റനായി ഈ താരത്തെ വേണം; കോഹ്ലിയുടെ പിന്‍ഗാമി ആരാകുമെന്ന് സൂചന നല്‍കി വന്മതില്‍

പുതിയ പരിശീലകനായി തെരഞ്ഞെടുത്തത് വലിയ ബഹുമതിയെന്നാണ് രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണം.

4 Nov 2021 10:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോച്ച് രാഹുലിന് ക്യാപ്റ്റനായി ഈ താരത്തെ വേണം; കോഹ്ലിയുടെ പിന്‍ഗാമി ആരാകുമെന്ന് സൂചന നല്‍കി വന്മതില്‍
X

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു തലമുറമാറ്റത്തിന്റെ പടിവാതില്‍ക്കലാണ്. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം പരിശീലകന്‍ രവി ശാസ്ത്രിയും ഏകദിന-ട്വന്റി 20 ടീമുകളുടെ നായക സ്ഥാനത്തു നിന്ന് വിരാട് കോഹ്ലിയും പടിയിറങ്ങുമെന്ന് ഏറെക്കുറേ ഉറപ്പായി. ശാസ്ത്രിക്കു പകരം ടീം ഇന്ത്യയുടെ പുതിയ പരിശീലകനായി മുന്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനെ ഇന്നലെ ബി.സി.സി.ഐ. പ്രഖ്യാപിച്ചിരുന്നു.

ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കു തൊട്ടുമുമ്പ് ദ്രാവിഡ് സ്ഥാനമേല്‍ക്കുമെന്നാണ് വിവരം. അതോടൊപ്പം തന്നെ ബോര്‍ഡ് പുതിയ നായകനെയും പ്രഖ്യാപിച്ചേക്കും. കോഹ്ലിയുടെ പകരക്കാരനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ ആഴ്ച അവസാനം സെലക്ഷന്‍ കമ്മിറ്റി പ്രത്യേക യോഗം ചേരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോഹ്ലിയുടെ പകരക്കാരന്‍ ആരാകണം എന്നതു സംബന്ധിച്ച് ഇന്ത്യയുടെ നിയുക്ത കോച്ച് ദ്രാവിഡ് അഭിപ്രായം പറയുന്നത്.

ടീം ഇന്ത്യയുടെ പരിശീലകനായി നിയമിതനായതിനു പിന്നാലെ മാധ്യമങ്ങളോടു സംസാരിക്കവെയാണ് ദ്രാവിഡ് മനസുതുറന്നത്. 'ഇന്ത്യയുടെ വൈറ്റ്‌ബോള്‍ ടീം നായകനായി ആരു വരണം?' എന്ന ചോദ്യത്തിന് ഉത്തരമായി രോഹിത് ശര്‍മയെന്നാണ് ദ്രാവിഡ് മറുപടി നല്‍കിയത്. രോഹിതിനു പിന്നില്‍ കെ.എല്‍. രാഹുലിനും ദ്രാവിഡ് സ്ഥാനം നല്‍കുന്നുണ്ട്. നായകനായി രോഹിതിനെയും ഉപനായകനായി രാഹുലിനെയുമാണ് ദ്രാവിഡ് മനസില്‍ കാണുന്നതെന്ന് വ്യക്തം.

പുതിയ പരിശീലകനായി തെരഞ്ഞെടുത്തത് വലിയ ബഹുമതിയെന്നാണ് രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മുന്നോട്ടു നയിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. രവി ശാസ്ത്രിയുടെ കീഴില്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതേ രീതിയില്‍ ടീമിനെ നയിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും ദ്രാവിഡ് പറഞ്ഞു.


Next Story

Popular Stories