Top

ധോണി വീണ്ടും 'ടീം ഇന്ത്യ'യില്‍; ഊഷ്മള സ്വീകരണം നല്‍കി താരങ്ങള്‍, ചിത്രങ്ങള്‍ പങ്കുവച്ച് ബി.സി.സി.ഐ.

''പുതിയ ചുമതലയില്‍ ടീം ഇന്ത്യയില്‍ മടങ്ങിയെത്തിയ 'കിംഗിന്' ഊഷ്മളമായ സ്വാഗതം അറിയിക്കുന്നു''

18 Oct 2021 10:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ധോണി വീണ്ടും ടീം ഇന്ത്യയില്‍; ഊഷ്മള സ്വീകരണം നല്‍കി താരങ്ങള്‍, ചിത്രങ്ങള്‍ പങ്കുവച്ച് ബി.സി.സി.ഐ.
X

മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡ്രെസിങ് റൂമില്‍. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി ചുമതലയേറ്റ ധോണി ഇന്നലെ ദുബായിയില്‍ ടീമിനൊപ്പം ചേര്‍ന്നു. ഇതിഹാസ നായകന് ടീമംഗങ്ങള്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്.

ബി.സി.സി.ഐയും ധോണിയുടെ മടങ്ങിവരവില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു ട്വീറ്റ് ചെയ്തു. ''പുതിയ ചുമതലയില്‍ ടീം ഇന്ത്യയില്‍ മടങ്ങിയെത്തിയ 'കിംഗിന്' ഊഷ്മളമായ സ്വാഗതം അറിയിക്കുന്നു'' എന്നായിരുന്നു ട്വീറ്റ്. ഇതിനു പുറമേ ഇന്ത്യന്‍ താരങ്ങളുമായി ധോണി ആശയവിനിമയം നടത്തുന്ന ചിത്രങ്ങളും ബി.സി.സി.ഐ. പങ്കുവച്ചു.


ഐ.പി.എല്ലിനു ശേഷം ഇന്ത്യന്‍ ടീമിന്റെ ബയോബബിളില്‍ പ്രവേശിച്ച താരങ്ങള്‍ ഇന്നലെ മുതല്‍ പരിശീലനം തുടങ്ങി. ലോകകപ്പിനു മുമ്പുള്ള ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ്. 20-ന് ഓസ്‌ട്രേലിയയ്‌ക്കെതിരേയും ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്.

സൂപ്പര്‍ 12-ല്‍ ഗ്രൂപ്പ് ബിയില്‍ പാകിസ്താനെതിരേ 24-നാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ധോണിയുടെ സാന്നിദ്ധ്യം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും പറഞ്ഞു.

''ധോണിയുടെ പ്രായോഗിക നിര്‍ദേശങ്ങളും കളിയെക്കുറിച്ചുള്ള വിലയിരുത്തലുകളും ടീമിന് ഗുണകരമാകും. ടീമില്‍ നായകനായിരുന്ന കാലത്തും അദ്ദേഹം ഞങ്ങള്‍ക്കെല്ലാം മെന്ററായിരുന്നു. ഞങ്ങളെല്ലാം ഞങ്ങളുടെ കരിയറിന്റെ തുടക്കത്തിലായിരുന്നു അപ്പോള്‍. ഇപ്പോഴിതാ അതേ റോളിലേക്ക് അദ്ദേഹം തിരിച്ചെത്തിയിരിക്കുകയാണ്''- കോഹ്ലി പറഞ്ഞു.

മൂന്ന് ഐ.സി.സി. കിരീടങ്ങള്‍ ഉയര്‍ത്തിയ നായകനാണ് ധോണി. ധോണി. 2007-ല്‍ പ്രഥമ ടി20 ലോകകപ്പ് കിരീടവും 2011-ല്‍ ഏകദിന ലോകകപ്പും 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് സമ്മാനിച്ചു. ഈ മൂന്ന് കിരീടങ്ങളും ഉയര്‍ത്തിയ ആദ്യ ക്യാപ്റ്റന്‍ കൂടിയാണ് ധോണി.

Next Story

Popular Stories