Top

മിച്ചലിന്റെ നങ്കൂരം, നീഷാമിന്റെ വെടിക്കെട്ട്; കണക്ക് തീര്‍ത്ത് കിവീസ് ഫൈനലില്‍

2019-ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നിന്നു തങ്ങളുടെ ലോകകപ്പ് ജയം തട്ടിയെടുത്ത ഇംഗ്ലണ്ടിനെ ഇക്കുറി ട്വന്റി 20 ലോകകപ്പിന്റെ ഫൈനല്‍ കാണിക്കാതെ മടക്കിയയച്ച് കിവീസ് കലാശപ്പോരിന് ടിക്കറ്റ് ബുക്ക് ചെയ്തു.

10 Nov 2021 5:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മിച്ചലിന്റെ നങ്കൂരം, നീഷാമിന്റെ വെടിക്കെട്ട്; കണക്ക് തീര്‍ത്ത് കിവീസ് ഫൈനലില്‍
X

ഏകദിന ലോകകപ്പിലെ കലിപ്പ് ടി20 ലോകകകപ്പില്‍ പലിശ സഹിതം തീര്‍ത്തി ന്യൂസിലന്‍ഡ് ഫൈനലില്‍. 2019-ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നിന്നു തങ്ങളുടെ ലോകകപ്പ് ജയം തട്ടിയെടുത്ത ഇംഗ്ലണ്ടിനെ ഇക്കുറി ട്വന്റി 20 ലോകകപ്പിന്റെ ഫൈനല്‍ കാണിക്കാതെ മടക്കിയയച്ച് കിവീസ് കലാശപ്പോരിന് ടിക്കറ്റ് ബുക്ക് ചെയ്തു.

ഇന്നു അബുദബിയില്‍ നടന്ന ആദ്യ സെമിയില്‍ അഞ്ചു വിക്കറ്റിനാണ് അവര്‍ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച കിവീസ് ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് ന്ഷടത്തില്‍ 167 റണ്‍സ് നേടി ലക്ഷ്യം കണ്ടു.

48 പന്തുകളില്‍ നിന്ന് നാലു വീതം ഫേറും സിക്‌സറും സഹിതം 73 റണ്‍സുമായി പുറത്താകാതെ നിന്ന ഡാരില്‍ മിച്ചലാണ് അവരെ വിജയത്തിലേക്കു നയിച്ചത്. മിച്ചലിനൊപ്പം ഡെവണ്‍ കോണ്‍വേ, ജയിംസ് നീഷാം എന്നിവരുടെ സംഭാവനകളും അവര്‍ക്കു ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കി.

തകര്‍ച്ചയോടെയായിരുന്നു കിവീസിന്റെ തുടക്കം. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയും(4) നായകന്‍ കെയ്ന്‍ വില്യംസണെയും(5) നഷ്ടപ്പെട്ട് ഒരു ഘട്ടത്തില്‍ രണ്ടിന് 13 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട അവര്‍ക്ക് മൂന്നാം വിക്കറ്റില്‍ മിച്ചല്‍-കോണ്‍വേ കൂട്ടുകെട്ടാണ് തുണയായത്.

മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്ത 82 റണ്‍സാണ് കിവീസ് ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 38 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 46 റണ്‍സ് നേടിയ ഡെവണ്‍ കോണ്‍വേ 14-ാം ഓവറിന്റെ നാലാം പന്തില്‍ മടങ്ങുമ്പോള്‍ 95 റണ്‍സായിരുന്നു സ്‌കോര്‍ ബോര്‍ഡില്‍.

തൊട്ടുപിന്നാലെ ഗ്ലെന്‍ ഫിലിപ്‌സും(2) വീണതോടെ 15.1 ഓവറില്‍ നാലിന് 107 എന്ന നിലയില്‍ തോല്‍വിയെ അഭിമുഖീകരിച്ച കിവീസിനെ നീഷാം ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ 17-ാം ഓവറില്‍ രണ്ടു സികസറും ഒരു ഫോറും സഹിതം 23 റണ്‍സാണ് നീഷാം അടിച്ചുകൂട്ടിയത്.

24 പന്തില്‍ നിന്ന് 57 റണ്‍സ് വേണമെന്ന നിലയില്‍ നില്‍ക്കെയായിരുന്നു ഈ പ്രകടനം. ഇതോടെ മത്സരത്തിലേക്ക് തിരിച്ചെത്തിയ കിവീസ് പിന്നെ എതിരാളികള്‍ക്ക് അവസരം നല്‍കിയില്ല. ആദില്‍ റഷീദ് എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ 14 റണ്‍സ് അവര്‍ നേടി. എന്നാല്‍ അവസാന പന്തില്‍ നീഷാമിനെ വീഴ്ത്തി റഷീദ് ഇംഗ്ലണ്ടിന് നേരിയ പ്രതീക്ഷ സമ്മാനിച്ചു. പുറത്താകുമ്പോള്‍ 11 പന്തില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറുകളും സഹിതം 27 റണ്‍സാണ് നീഷാം നേടിയത്.

രണ്ടോവറില്‍ ജയിക്കാന്‍ 20 റണ്‍സായിരുന്നു കിവീസിന് അപ്പോള്‍ വേണ്ടിയിരുന്നത്. ക്രിസ് വോക്‌സ് എറിഞ്ഞ 19-ാം ഓവറില്‍ രണ്ടു സികസറുകളും ഒരു ഫോറും അടിച്ച് മിച്ചല്‍ ഒരോവര്‍ ബാക്കിനില്‍ക്കെ തന്നെ ചടങ്ങ് തീര്‍ക്കുകയും ചെയ്തു.

നേരത്തെ ടോസ് ജയിച്ച കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഡേവിഡ് മലാന്‍-മൊയീന്‍ അലി സഖ്യം കൂട്ടിച്ചേര്‍ത്ത 63 റണ്‍സാണ് ഇംഗ്ലീഷ് ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 37 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 51 റണ്‍സുമായി അലി പുറത്താകാതെ നിന്നപ്പോള്‍ മലാന്‍ 30 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 41 റണ്‍സ് നേടി.

ഇംഗ്ലണ്ടിനായി ജോസ് ബട്‌ലറും-ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 37 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. ബെയര്‍ സ്‌റ്റോയെ വീഴ്ത്തി ആദം മില്‍നെയാണ് കിവീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

വൈകാതെ അപകടകാരിയായ ബട്ട്ലറെ ഇഷ് സോധി മടക്കി. 24 പന്തില്‍ നിന്ന് നാലു ബൗണ്ടറിയടക്കം 29 റണ്‍സായിരുന്നു ബടലറുടെ സമ്പാദ്യം. പിന്നീടായിരുന്നു അലി-മലാന്‍ സഖ്യത്തിന്റെ പ്രകടനം. മലാനെ മടക്കി 16-ാം ഓവറില്‍ ടിം സൗത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് ലിയാം ലിവിങ്സ്റ്റണൊപ്പം നാലാം വിക്കറ്റില്‍ മോയിന്‍ അലി 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 10 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത ലിവിങ്സ്റ്റണ്‍ അവസാന ഓവറിലാണ് പുറത്തായത്.

അഫ്ഗാനിസ്ഥാനെതിരായ അവസാന സൂപ്പര്‍ 12 മത്സരം കളിച്ച അതേ ഇലവനുമായാണ് ഇന്ന് അബുദബിയില്‍ നടക്കുന്ന മത്സരത്തില്‍ കിവീസ് ഇറങ്ങുന്നത്. അതേസമയം ഇംഗ്ലീഷ് നിരയില്‍ ഒരു മാറ്റമുണ്ട്. പരുക്കേറ്റ് പുറത്തായ ഓപ്പണര്‍ ജേസണ്‍ റോയിക്ക്പകരം സാം ബില്ലിംഗ്‌സ് ആദ്യ ഇലവനില്‍ ഇടംപിടിച്ചു.
Next Story

Popular Stories