പിറന്നാള്‍ ആശംസിച്ച് കോഹ്ലിയും രാഹുലുമടക്കം ക്രിക്കറ്റ് ലോകം; 'നന്ദി ചേട്ടാ' എന്ന മറുപടിയുമായി സഞ്ജു
നിലവില്‍ സയിദ് മുഷ്താഖ് അലി ട്രോഫി ചാമ്പ്യന്‍ഷിപ്പിനായി കേരളാ ടീമിനൊപ്പം ന്യൂഡല്‍ഹിയിലാണ് സഞ്ജു. അതിനാല്‍ തന്നെ പിറന്നാള്‍ ആഘോഷം സഹതാരങ്ങള്‍ക്കൊപ്പമാണ്.
11 Nov 2021 1:20 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് പിറന്നാള്‍ ആശംസകളുമായി ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ട്വന്റി 20 ടീം ഉപനായകന്‍ കെ.എല്‍. രാഹുലുമടക്കം നിലവിലെ താരങ്ങളും മുന്‍ താരങ്ങളുമടക്കം നിരവധിപ്പേര്‍ സഞ്ജുവിന് പിറന്നാള്‍ ആശസംകളുമായി രംഗത്തെത്തി.
ഇന്ന് 27-ാം പിറന്നാളാണ് സഞ്ജു ആഘോഷിക്കുന്നത്. നിലവില്‍ സയിദ് മുഷ്താഖ് അലി ട്രോഫി ചാമ്പ്യന്‍ഷിപ്പിനായി കേരളാ ടീമിനൊപ്പം ന്യൂഡല്‍ഹിയിലാണ് സഞ്ജു. അതിനാല്‍ തന്നെ പിറന്നാള്‍ ആഘോഷം സഹതാരങ്ങള്‍ക്കൊപ്പമാണ്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കോഹ്ലി സഞ്ജുവിന് ആശംസ നേര്‍ന്നത്. 'ദൈവം അനുഗ്രഹിക്കട്ടെ, മുന്നോട്ടു പോകൂ' എന്നാണ് കോഹ്ലി ആശംസാ സന്ദേശം നല്‍കിയത്. ഒപ്പം സഞ്ജുവിനെ ആലിംഗനം ചെയ്ത് ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ചിത്രവും കോഹ്ലി പോസ്റ്റ് ചെയ്തു.
കോഹ്ലിക്കു പുറമേ കെ.എല്‍. രാഹുല്‍, ബി.സി.സി.ഐ, യുവരാജ് സിങ്, ഹര്ഭജന് സിങ്, ദക്ഷിണാഫ്രിക്കന്‍ താരവും രാജസ്ഥാന് റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരവുമായിരുന്ന ഡേവിഡ് മില്ലര്‍ എന്നിവരും ആശംസയുമായെത്തി. രാഹുലിന്റെ ആശംസയ്ക്ക് ''നന്ദി ചേട്ടാ'' എന്നു സഞ്ജു നല്കിയ മറുപടിയും ട്വിറ്ററില്‍ വൈറലായി.
പിറന്നാള്‍ ദിനത്തില്‍ ''എ ഇയര്‍ ഓള്‍ഡര്‍, എ ഇയര്‍ ബോള്‍ഡര്‍'' എന്ന കുറിപ്പായിരുന്നു സഞ്ജുവിന്റെ ട്വീറ്റ്. അതേസമയം, ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരേ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.