Top

കോഹ്ലിക്കു പകരക്കാരന്‍ രോഹിത് അല്ല; കിവീസിനെതിരേ ഈ താരം നയിക്കും

തഴയുന്നതല്ലെന്നും മറിച്ച് നിലവിലെ ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണിതെന്നും ബി.സി.സി.ഐ. വൃത്തങ്ങള്‍

2 Nov 2021 11:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഹ്ലിക്കു പകരക്കാരന്‍ രോഹിത് അല്ല; കിവീസിനെതിരേ ഈ താരം നയിക്കും
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം ഇന്ത്യയുടെ നായക സ്ഥാനം വിരാട് കോഹ്ലി ഒഴിയുമ്പോള്‍ പകരം ആരാകും എന്നാണ് ചര്‍ച്ചകള്‍. ഉപനായകന്‍ രോഹിത് ശര്‍മയുടെ പേരാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നതെങ്കിലും തത്കാലം രോഹിതിനായിരിക്കില്ല ആ ചുമതല എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.

ലോകകപ്പിനു പിന്നാലെ ന്യൂസിലന്‍ഡുമായി നാട്ടില്‍ നടക്കുന്ന പരമ്പരയാണ് ഇന്ത്യക്കുള്ളത്. ഇതില്‍ കെ.എല്‍. രാഹുല്‍ ആയിരിക്കും ഇന്ത്യയെ നയിക്കുകയെന്നാണ് റിപ്പോര്‍ട്ട്. രോഹിത് ശര്‍മയെ തഴയുന്നതല്ലെന്നും മറിച്ച് നിലവിലെ ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണിതെന്നും ബി.സി.സി.ഐ. വൃത്തങ്ങള്‍ അറിയിച്ചു.

ആറു മാസത്തോളമായി ഇടവേളയില്ലാതെ കളിക്കുകയാണെന്നും തങ്ങള്‍ ആകെ തളര്‍ന്നുവെന്നും ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനു ശേഷം തുറന്നു പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ലോകകപ്പ് ടീമിന്റെ ഭാഗമായ പ്രധാനതാരങ്ങള്‍ക്കു വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചത്.

ഇതോടെ രാഹുലിന് നറുക്ക് വീഴുകയായിരുന്നു. യുവ താരങ്ങള്‍ക്ക് പ്രാധാന്യമുള്ള ടി20 പരമ്പരയാണ് നടക്കുക. പൃഥ്വി ഷാ, റിതുരാജ് ഗെയ്ക്ക്വാദ്, മായങ്ക് അഗര്‍വാള്‍, യുസ്വേന്ദ്ര ചാഹല്‍, ശിഖര്‍ ധവാന്‍ തുടങ്ങിയവരെല്ലാം പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലെത്തിയേക്കും. കൂടാതെ ഹര്‍ഷാല്‍ പട്ടേല്‍, മുഹമ്മദ് സിറാജ് തുടങ്ങിയവരും പരിഗണനയിലാണ്.

നവംബര്‍ 17ന് ജയ്പൂരിലാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. 19-ന് റാഞ്ചിയിലും, 21-ന് കൊല്‍ക്കത്തയിലും പരമ്പരയിലെ മറ്റു രണ്ടു ടി20 മത്സരങ്ങല്‍ നടക്കും. ഇതിനുശേഷം ന്യൂസിലന്‍ഡിനെതിരെ രണ്ടു മത്സര ടെസ്റ്റ് പരമ്പരയുമുണ്ട്. നവംബര്‍ 25നാണ് ആദ്യ ടെസ്റ്റ്. ഡിസംബര്‍ 3-ന് രണ്ടാം ടെസ്റ്റും ആരംഭിക്കും. ആദ്യ ടെസ്റ്റിന് കാണ്‍പൂരും രണ്ടാം ടെസ്റ്റിന് മുംബൈയും ആയിരിക്കും വേദികള്‍.

അതേസമയം ടീം ഇന്ത്യയുടെ പുതിയ പരിശീലകനായി രാഹുല്‍ ദ്രാവിഡ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കു ശേഷമേ ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയുള്ളൂ. ടി20 പരമ്പരയ്ക്ക് സ്റ്റേഡിയത്തിലേക്ക് ആരാധകരെ തിരിച്ചെത്തിക്കാന്‍ ബി.സി.സി.ഐ. ആലോചിക്കുന്നുണ്ട്.

Next Story

Popular Stories