Top

ത്രില്ലര്‍ പോരാട്ടത്തില്‍ പൊരുതിത്തോറ്റു ഡല്‍ഹി; ഫൈനലില്‍ ചെന്നൈയ്‌ക്കെതിരേ കൊല്‍ക്കത്ത

അവസാനനിമിഷം വരെ ത്രസിപ്പിച്ച മത്സരത്തിനൊടുവില്‍ പൊരുതിക്കളിച്ച ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ച് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഫൈനലില്‍ കടന്നു. 15 -ന് ദുബായിയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ അവര്‍ മൂന്നു തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.

13 Oct 2021 6:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ത്രില്ലര്‍ പോരാട്ടത്തില്‍ പൊരുതിത്തോറ്റു ഡല്‍ഹി; ഫൈനലില്‍ ചെന്നൈയ്‌ക്കെതിരേ കൊല്‍ക്കത്ത
X

ഐ.പി.എല്‍. 2021-ല്‍ പുതിയ ചാമ്പ്യന്മാര്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി. അവസാനനിമിഷം വരെ ത്രസിപ്പിച്ച മത്സരത്തിനൊടുവില്‍ പൊരുതിക്കളിച്ച ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ച് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഫൈനലില്‍ കടന്നു. 15 -ന് ദുബായിയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ അവര്‍ മൂന്നു തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.

ഇന്നു ഷാര്‍ജയിലെ സ്ലോ വിക്കറ്റില്‍ നടന്ന രണ്ടാം ക്വാളിഫയറില്‍ മൂന്നു വിക്കറ്റിനാണ് കെ.കെ.ആര്‍. ഡല്‍ഹിയെ വീഴ്ത്തിയത്. ബാറ്റിങ് ദുഷ്‌കരമായ ഷാര്‍ജയിലെ പിച്ചില്‍ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്.

ഇതു പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത മികച്ച തുടക്കത്തിനു ശേഷം ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും അവസാന ഓവറില്‍ ഒരു പന്തു ബാക്കിനില്‍ക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടി ലക്ഷ്യം കാണുകയായിരുന്നു. 16 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്ന കൊല്‍ക്കത്തയെ അസാമാന്യ പോരാട്ടവീര്യത്തിലൂടെ പിടിച്ചുകെട്ടിയ ഡല്‍ഹി വിജയം മണത്തതാണ്.

എന്നാല്‍ അവസാന ഓവറില്‍ ആറു പന്തില്‍ ഏഴു റണ്‍സ് വേണമെന്ന നിലയില്‍ ഇറങ്ങിയ കൊല്‍ക്കത്തയുടെ രണ്ടു വിക്കറ്റുകള്‍ കൂടി പിഴുതെടുക്കാന്‍ ആയെങ്കിലും രവിചന്ദ്രന്‍ അശ്വിന്‍ എറിഞ്ഞ ഓവറില്‍ അഞ്ചാം പന്ത് സിക്‌സറിനു തൂക്കി രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തയെ ജയത്തിലേക്കു നയിക്കുകയായിരുന്നു.

ഓപ്പണര്‍മാരായ വെങ്കിടേഷ് അയ്യരും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു നല്‍കിയ മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് തുണയായത്. അയ്യര്‍ 41 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 55 റണ്‍സ് നേടിയപ്പോള്‍ ഗില്‍ 46 പന്തുകളില്‍ നിന്ന് ഓരോ ഫോറും സിക്‌സറും സഹിതം 46 റണ്‍സാണ് കുറിച്ചത്. ഒന്നാം വിക്കറ്റില്‍ 96 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇവരാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്.

നേരത്തെ 39 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം 36 റണ്‍സ് നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനും 27 പന്തുകളില്‍ നിന്ന് ഓരോ ഫോറിന്റെയും സിക്‌സറിന്റയും അകമ്പടിയോടെ 30 റണ്‍സ് നേടിയ ശ്രേയസ് അയ്യരുമാണ് ഡല്‍ഹിയെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന ഡല്‍ഹിക്ക് മി കച്ച തുടക്കമാണ് ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ നാലോവറില്‍ 32 റണ്‍സെടുത്തു. എന്നാല്‍ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അപകടകാരിയായ ഷായെ മടക്കി വരുണ്‍ ചക്രവര്‍ത്തി മടക്കിയതോടെ ആ താളം നഷ്ടമായി. ബാറ്റിങ് പവര്‍പ്ലേയില്‍ ഡല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെടുത്തെങ്കിലുംമധ്യ ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്താനായില്ല.

7.1 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. എന്നാല്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ 70 റണ്‍സായിരുന്നു സമ്പാദ്യം.സ്‌കോര്‍ 71 ല്‍ നില്‍ക്കേ 23 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത സ്റ്റോയിനിസിന്റെ വിക്കറ്റ് വീഴ്ത്തിയ യുവതരാം ശിവം മാവി കൊല്‍ക്കത്തയെ തിരിച്ചെത്തിച്ചു. സ്റ്റോയിനിസിന് പകരം ക്രീസിലെത്തിയ ശ്രയസ് അയ്യര്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കണിശതയോടെ പന്തെറിഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാര്‍ അതിന് അനുവദിച്ചില്ല.

15-ാം ഓവറിലെ ആദ്യ പന്തില്‍ ക്ഷമയോടെ പിടിച്ചുനിന്ന ശിഖര്‍ ധവാനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. പിന്നാലെ വന്ന നായകന്‍ ഋഷഭ് പന്തിനും പിടിച്ചുനില്‍ക്കാനായില്ല. വെറും ആറ് റണ്‍സ് മാത്രമെടുത്ത പന്തിനെ ലോക്കി ഫെര്‍ഗൂസന്‍ രാഹുല്‍ ത്രിപാഠിയുടെ കൈയ്യിലെത്തിച്ചു. ഇതോടെ ഡല്‍ഹി 15.2 ഓവറില്‍ 90 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു

17.1 ഓവറിലാണ് ടീം സ്‌കോര്‍ 100 കടന്നത്. അവസാന ഓവറില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരാണ് ടീം സ്‌കോര്‍ 130 കടത്തിയത്. ശ്രേയസ് 30 റണ്‍സെടുത്തും അക്‌സര്‍ പട്ടേല്‍ നാല് റണ്‍സ് നേടിയും പുറത്താവാതെ നിന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 26 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശിവം മാവി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
Popular Stories

    Next Story