Top

ചെന്നൈയെ നേരിടാന്‍ കൊല്‍ക്കത്തയ്ക്കു വേണം 136; ഡല്‍ഹി 20 ഓവറില്‍ അഞ്ചിന് 125

13 Oct 2021 4:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെന്നൈയെ നേരിടാന്‍ കൊല്‍ക്കത്തയ്ക്കു വേണം 136; ഡല്‍ഹി 20 ഓവറില്‍ അഞ്ചിന് 125
X

ഐ.പി.എല്‍. 2021-ലെ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിനു ഭേദപ്പെട്ട സ്‌കോര്‍. ബാറ്റിങ് ദുഷ്‌കരമായ ഷാര്‍ജയിലെ പിച്ചില്‍ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ അവര്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്.

39 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം 36 റണ്‍സ് നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനും 27 പന്തുകളില്‍ നിന്ന് ഓരോ ഫോറിന്റെയും സിക്‌സറിന്റയും അകമ്പടിയോടെ 30 റണ്‍സ് നേടിയ ശ്രേയസ് അയ്യരുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന ഡല്‍ഹിക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ നാലോവറില്‍ 32 റണ്‍സെടുത്തു. എന്നാല്‍ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അപകടകാരിയായ ഷായെ മടക്കി വരുണ്‍ ചക്രവര്‍ത്തി മടക്കിയതോടെ ആ താളം നഷ്ടമായി.

ബാറ്റിങ് പവര്‍പ്ലേയില്‍ ഡല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെടുത്തെങ്കിലുംമധ്യ ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്താനായില്ല. 7.1 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. എന്നാല്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ 70 റണ്‍സായിരുന്നു സമ്പാദ്യം. സ്‌കോര്‍ 71 ല്‍ നില്‍ക്കേ 23 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത സ്റ്റോയിനിസിന്റെ വിക്കറ്റ് വീഴ്ത്തിയ യുവതരാം ശിവം മാവി കൊല്‍ക്കത്തയെ തിരിച്ചെത്തിച്ചു. സ്റ്റോയിനിസിന് പകരം ക്രീസിലെത്തിയ ശ്രയസ് അയ്യര്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കണിശതയോടെ പന്തെറിഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാര്‍ അതിന് അനുവദിച്ചില്ല.

15-ാം ഓവറിലെ ആദ്യ പന്തില്‍ ക്ഷമയോടെ പിടിച്ചുനിന്ന ശിഖര്‍ ധവാനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. പിന്നാലെ വന്ന നായകന്‍ ഋഷഭ് പന്തിനും പിടിച്ചുനില്‍ക്കാനായില്ല. വെറും ആറ് റണ്‍സ് മാത്രമെടുത്ത പന്തിനെ ലോക്കി ഫെര്‍ഗൂസന്‍ രാഹുല്‍ ത്രിപാഠിയുടെ കൈയ്യിലെത്തിച്ചു. ഇതോടെ ഡല്‍ഹി 15.2 ഓവറില്‍ 90 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു

17.1 ഓവറിലാണ് ടീം സ്‌കോര്‍ 100 കടന്നത്. അവസാന ഓവറില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരാണ് ടീം സ്‌കോര്‍ 130 കടത്തിയത്. ശ്രേയസ് 30 റണ്‍സെടുത്തും അക്‌സര്‍ പട്ടേല്‍ നാല് റണ്‍സ് നേടിയും പുറത്താവാതെ നിന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 26 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശിവം മാവി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ക്വാളിഫയര്‍ വണ്ണില്‍ കളിച്ച് ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങിയത്. ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ടോം കറനു പകരം ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് തിരിച്ചെത്തി. എന്നാല്‍ കൊല്‍ക്കത്ത ടീമില്‍ മാറ്റമില്ല. ഫൈനല്‍ ബെര്‍ത്ത് തേടിയാണ് ഇരുടീമുകളും ഇന്നു കൊമ്പുകോര്‍ക്കുന്നത്. നിലവിലെ റണ്ണറപ്പുകളായ ഡല്‍ഹിയും മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്തയും ലീഗ് റൗണ്ടില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും ഓരോ ജയം പങ്കിട്ടെടുക്കുകയായിരുന്നു.

ക്വാളിഫയര്‍ വണ്ണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു നാലു വിക്കറ്റിനു തോറ്റതിന്റെ ക്ഷീണത്തിലാണ് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ജീവനമരണ പോരാട്ടത്തിനിറങ്ങുന്നത്. മോര്‍ഗന്‍ നയിക്കുന്ന കൊല്‍ക്കത്തയാവട്ടെ എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നാലു വിക്കറ്റിനു തകര്‍ത്തതിന്റെ ആവേശത്തിലാണ്. ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത ടീമായിരുന്നു ഡല്‍ഹിയെങ്കില്‍ കൊല്‍ക്കത്ത നാലാംസ്ഥാനക്കാരായിരുന്നു. 14 മല്‍സരങ്ങളില്‍ 10 ജയവും നാലു തോല്‍വിയുമടക്കം 20 പോയിന്റോടെയായിരുന്നു ഡല്‍ഹി ഒന്നാംസ്ഥാനക്കാരായത്. കൊല്‍ക്കത്തയാവട്ടെ 14 മല്‍സരങ്ങളില്‍ ഏഴെണ്ണത്തിലാണ് വിജയിച്ചത്.

ഇന്ത്യയിലെ ആദ്യപാദത്തില്‍ വിജയം ഡല്‍ഹിക്കായിരുന്നു. ഏഴു വിക്കറ്റിനായിരുന്നു അന്നു കൊല്‍ക്കത്തയെ ഡല്‍ഹി തുരത്തിയത്. എന്നാല്‍ ഇടവേളയ്ക്കു ശേഷം യു.എ.ഇയില്‍ ആരംഭിച്ച രണ്ടാം പാദത്തില്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്ന കൊല്‍ക്കത്ത മൂന്നു വിക്കറ്റിനു ഡല്‍ഹിയെ വീഴ്ത്തി കണക്കുതീര്‍ത്തു.




Popular Stories

    Next Story