Top

നാണയ ഭാഗ്യമില്ല; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, ഇഷാനും ഷാര്‍ദൂലും കളിക്കും

31 Oct 2021 1:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാണയ ഭാഗ്യമില്ല; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, ഇഷാനും ഷാര്‍ദൂലും കളിക്കും
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ നിര്‍ണായക മത്സരത്തിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് നാണയഭാഗ്യമില്ല. ടോസ് നിര്‍ണായകമായ ദുബായിയിലെ പിച്ചില്‍ അതു ജയിച്ച ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു.

സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ ഇരുടീമുകളും രണ്ടു മാറ്റങ്ങളുമായാണ് ഇറങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ നിരയില്‍ പരുക്കേറ്റ മധ്യനിര താരം സൂര്യകുമാര്‍ യാദവിനു പകരം ഇഷാന്‍ കിഷനും ഫോമില്ലല്ലാത്ത പേസര്‍ ഭുവനേശ്വർ കുമാറിന് പകരം ഷാര്‍ദൂല്‍ താക്കൂറും ഇടംപിടിച്ചു. കിവീസ് നിരയില്‍ ആദം മില്‍ തിരിച്ചെത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഡെവണ്‍ കോണ്‍വേയ്ക്കും അവസരം നല്‍കി.

ദുബായ് ഇന്ന് സാക്ഷിയാകാന്‍ പോകുന്നത് തുല്യ ശക്തികളുടെ പോരാട്ടത്തിനാണ്. ഇതുവരെ 16 ടി 20 മത്സരങ്ങളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ എട്ടു വീതം ജയം ഇരുടീമുകളും നേടി. പക്ഷേ ലോകകപ്പുകളിലെ റെക്കോഡ് നോക്കുമ്പോള്‍ മുന്‍തൂക്കം ന്യൂസിലന്‍ഡിനാണ്. പരസ്പരം ഏറ്റുമുട്ടിയ രണ്ട് ലോകകപ്പ് മത്സരങ്ങളിലും കിവീസ് ഇന്ത്യയെ തോല്‍പ്പിച്ചു.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരേ വലിയ ആധിപത്യം കാട്ടിയിട്ടുള്ള ടീമാണ് ന്യൂസിലന്‍ഡ്. 2003-ലെ ലോകകപ്പിലാണ് ഇന്ത്യ ഒരു ഐ.സി.സി ടൂര്‍ണമെന്റില്‍ കിവീസിനെ തോല്‍പ്പിക്കുന്നത്. ഒടുവില്‍ നടന്ന 2019-ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസീലന്‍ഡ് ഫൈനലില്‍ കടന്നത്. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം ചൂടിയതും ന്യൂസീലന്‍ഡിനായിരുന്നു.

എന്നാല്‍ അവസാനമായി ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു. പക്ഷേ ആത്മവിശ്വാസത്തോടെ കളിയെ സമീപിക്കുന്ന ഒരു ടീമിനെതിരെ വിജയം അനിവാര്യമായ മത്സരത്തിന് ഇറങ്ങുന്നത് അത്ര എളുപ്പമല്ല. ഇന്ന് നടക്കുന്ന മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ട്വന്റി 20 ലോകകപ്പില്‍ നിന്ന് അപ്രതീക്ഷിത പുറത്താകലാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ തിരിച്ചു വരാനുള്ള കഴിവാണ് പ്രതീക്ഷ നല്‍കുന്ന ഒന്ന്. ഇതിലും വലിയ തിരിച്ചടികളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു വന്ന ചരിത്രം ടീം ഇന്ത്യക്കുണ്ട്. അഡ്‌ലെയിഡ് ടെസ്റ്റില്‍ കേവലം 36 റണ്‍സിന് ഓള്‍ ഔട്ടായതിന് ശേഷമായിരുന്നു ഇന്ത്യ ഓസിസിനെതിരെ പരമ്പര വിജയം സ്വന്തമാക്കിയത്. അതുപോലൊരു പ്രകടനത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Next Story

Popular Stories