Top

ഗ്രൗണ്ടില്‍ ഇന്ത്യയും ന്യൂസിലന്‍ഡും, ഗ്യാലറിയില്‍ പാകിസ്താന്‍ 'മൂര്‍ദാബാദ്'; കളി യു.പിയിലാണ്

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്കു നീങ്ങുകയാണ്. രണ്ടാം ദിനം ലഞ്ചിനു പിരിയുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

26 Nov 2021 6:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗ്രൗണ്ടില്‍ ഇന്ത്യയും ന്യൂസിലന്‍ഡും, ഗ്യാലറിയില്‍ പാകിസ്താന്‍ മൂര്‍ദാബാദ്; കളി യു.പിയിലാണ്
X

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്കു നീങ്ങുകയാണ്. രണ്ടാം ദിനം ലഞ്ചിനു പിരിയുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടിയ യുവതാരം ശ്രേയസ് അയ്യരുടെ മിന്നുന്ന ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്.

171 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 105 റണ്‍സാണ് ശ്രേയസ് നേടിയത്. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടുന്ന 16-ാം ഇന്ത്യന്‍ താരം കൂടിയാണ് ശ്രേയസ്. കൂടാതെ ന്യൂസീലന്‍ഡിനെതിരെ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം, അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കൂടിയ മൂന്നാമത്തെ താരം (26 വയസ്സും 355 ദിവസവും), വേഗമേറിയ നാലാമത്തെ അരങ്ങേറ്റ സെഞ്ചുറി എന്നീ നേട്ടങ്ങളും അയ്യര്‍ സ്വന്തമാക്കി.

ശ്രേയസിനു പുറമേ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(52), ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ(50) എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. ലഞ്ചിനു പിരിയുമ്പോള്‍ 54 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 38 റണ്‍സുമായി രവിചന്ദ്രന്‍ അശ്വിനും നാലു റണ്‍സുമായി ഉമേഷ് യാദവുമാണ് ക്രീസില്‍.

അതേസമയം മത്സരത്തിനിടെ ഗ്യാലറിയില്‍ കാണികളുടെ ഭാഗത്തുനിന്നുണ്ടായ ചില പ്രകടനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ഗ്രീന്‍പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനിടെ ഗ്യാലറിയില്‍ നിന്നു 'പാകിസ്താന്‍ മൂര്‍ദാബാദ്' എന്ന മുദ്രാവാക്യം വിളിയും പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെതിരേ അധിക്ഷേപങ്ങളും ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഉയരുകയായിരുന്നു.

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടക്കുന്ന മത്സരത്തിനിടെ പാകിസ്താനെതിരേ മുദ്രാവാക്യമുയര്‍ന്നതിനെ കമന്റേറ്റര്‍മാരും മുന്‍താരങ്ങളുമടക്കമുള്ളവര്‍ വിമര്‍ശിക്കുകയാണ്. മത്സരത്തിന്റെ ആദ്യദിനം രാവിലെ ഏറെ നേരം പാകിസ്താനെതിരേ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. രണ്ടാം ദിനവും ഇതാവര്‍ത്തിച്ചതോടെയാണ് സ്‌പോര്‍ട്‌സിനെ രാഷ്ട്രീയ കാര്യങ്ങളുമായി കൂട്ടിക്കെട്ടരുതെന്ന ആവശ്യവുമായി മുന്‍ താരങ്ങളടക്കമുള്ളവര്‍ രംഗത്തുവന്നത്.


Next Story

Popular Stories