Top

ലഞ്ചിനു പിന്നാലെ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച; ചായയ്ക്കു പിരിയുമ്പോള്‍ നാലിന് 154

ചായയ്ക്കു പിരിയുമ്പോള്‍ 17 റണ്‍സുമായി അരങ്ങേറ്റ താരം ശ്രേയസ് അയ്യരും ആറു റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

25 Nov 2021 9:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഞ്ചിനു പിന്നാലെ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച; ചായയ്ക്കു പിരിയുമ്പോള്‍ നാലിന് 154
X

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച തുടക്കത്തിനു ശേഷം ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. കാണ്‍പൂരില്‍ ഇന്ന് ആരംഭിച്ച മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ ഒന്നിന് 80 എന്ന നിലയില്‍ നിന്ന് രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ നാലിന് 154 എന്ന നിലയിലേക്കു വീണു.

ചായയ്ക്കു പിരിയുമ്പോള്‍ 17 റണ്‍സുമായി അരങ്ങേറ്റ താരം ശ്രേയസ് അയ്യരും ആറു റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍(13), ശുഭ്മാന്‍ ഗില്‍(52), ഉപനായകന്‍ ചേതേശ്വര്‍ പൂജാര(26), നായകന്‍ അജിന്‍ക്യ രഹാനെ(35) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ കൈല്‍ ജാമിസണാണ് ഇന്ത്യക്ക് തലവേദനയായത്.

അവസാന ദിനങ്ങളില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഗില്ലും മായങ്കും ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്. എന്നാല്‍ എട്ടാം ഓവറില്‍ത്തന്നെ ഇന്ത്യക്ക് തിരിച്ചടിയേറ്റു. 28 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 13 റണ്‍സ് നേടിയ മായങ്കിനെ വിക്കറ്റിനു പിന്നില്‍ ടോം ബ്ലണ്ടലിന്റെ കൈകളില്‍ എത്തിച്ചു കൈല്‍ ജാമിസണാണ് കിവീസിന് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗില്ലും പൂജാരയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 61 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ലഞ്ചിനു ശേഷമുള്ള ആദ്യ ഓവറില്‍ത്തന്നെ ഗില്ലിനെ പുറത്താക്കി ജാമിസണ്‍ ഇന്ത്യയെ പ്രഹരിച്ചു.

93 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതമായാിരുന്നു ഗില്ലിന്റെ 52 റണ്‍സ്. ഇതിനു ശേഷം പൂജാരയക്കു കൂട്ടായി നായകന്‍ രഹാനെയാണ് എത്തിയത്. ഇരുവരും ചേര്‍ന്നു ക്ഷമയോടെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികം മുന്നോട്ടു പോകാനായില്ല. 88 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 26 റണ്‍സ് നേടിയ പൂജാരയെ വിക്കറ്റിനു പിന്നില്‍ ബ്ലണ്ടലിന്റെ കൈകളില്‍ എത്തിച്ചു ടിം സൗത്തി ഈ കൂട്ടുകെട്ടു പൊളിച്ചു.

മൂന്നാം വിക്കറ്റില്‍ 24 റണ്‍സാണ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തത്. പൂജാരയ്ക്കു പകരമെത്തിയ അരങ്ങേറ്റ താരം ശ്രേയസ് അയ്യര്‍ നായകന് മികച്ച കൂട്ടായി ബാറ്റുവീശിയതോടെ ഇന്ത്യ തകര്‍ച്ചയില്‍ നിന്നു കരകയറുമെന്നു തോന്നിപ്പിച്ചു. എന്നാല്‍ തന്റെ അടുത്തവരവില്‍ ജാമിസണ്‍ ഇന്ത്യന്‍ നായകനെ പുറത്താക്കി കിവീസിനു മേല്‍ക്കൈ സമ്മാനിക്കുകയായിരുന്നു.

63 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 35 റണ്‍സുമായി മികച്ച രീതിയില്‍ കളിച്ചുവന്ന രഹാനെ ഓഫ്‌സ്റ്റംപിനു പുറത്തുകൂടി പോയ ജാമിസന്റെ പന്തില്‍ ബാറ്റുവച്ച് പ്ലെയ്ഡ് ഓണ്‍ ആകുകയായിരുന്നു. നാലാം വിക്കറ്റില്‍ 39 റണ്‍സായിരുന്നു രഹാനെ-ശ്രേയസ് സഖ്യം കൂട്ടിച്ചേര്‍ത്തത്.

രാഹുല്‍ ദ്രാവിഡ് കോച്ചായ ശേഷമുള്ള ആദ്യ ടെസ്റ്റു മത്സരത്തിനാണ് ഇന്ത്യ ഇന്ന് ഇറങ്ങിയിരിക്കുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന കാണ്‍പൂരില്‍ മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമായാണ് ഇന്ത്യ നിരയിലുള്ളത്. എന്നാല്‍ ബാറ്റിങ് നിരയില്‍ രഹാനെ, ചേതേശ്വര്‍ പുജാര, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ മാത്രമാണ് 10 ടെസ്റ്റില്‍ കൂടുതല്‍ കളിച്ചിട്ടുള്ളത്.

ഇന്ത്യക്കായി യുവതാരം ശ്രേയസ് അയ്യര്‍ ഇന്ന് അരങ്ങേറ്റം കുറിച്ചു. അതേസമയം നായകന്‍ രഹാനെയ്ക്ക് ഈ ടെസ്റ്റ് നിര്‍ണായകമാണ്. മോശം ഫോമില്‍ ഉഴലുന്ന രഹാനെയ്ക്ക് ഈ സീസണില്‍ 11 ടെസ്റ്റുകളില്‍നിന്ന് 19 ശരാശരി മാത്രമേയുള്ളൂ. കരിയര്‍ രക്ഷിച്ചെടുക്കുക എന്ന വെല്ലുവിളിയാണ് ക്യാപ്റ്റന് മുന്നിലുള്ളത്.

Next Story

Popular Stories