Top

അരങ്ങേറ്റത്തില്‍ സെഞ്ചുറി; അപൂര്‍വ പട്ടികയില്‍ ഇടംപിടിച്ചു ശ്രേയസ്, ഇന്ത്യയുടെ 'പതിനാറാമന്‍'

ഈ നേട്ടം സ്വന്തമാക്കുന്ന 16-ാം ഇന്ത്യന്‍ താരമാണ് ശ്രേയസ്. കൂടാതെ ന്യൂസീലന്‍ഡിനെതിരെ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം, അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കൂടിയ മൂന്നാമത്തെ താരം (26 വയസ്സും 355 ദിവസവും), വേഗമേറിയ നാലാമത്തെ അരങ്ങേറ്റ സെഞ്ചുറി എന്നീ നേട്ടങ്ങളും അയ്യര്‍ സ്വന്തമാക്കി.

26 Nov 2021 5:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അരങ്ങേറ്റത്തില്‍ സെഞ്ചുറി; അപൂര്‍വ പട്ടികയില്‍ ഇടംപിടിച്ചു ശ്രേയസ്, ഇന്ത്യയുടെ പതിനാറാമന്‍
X

അരങ്ങേറ്റ മത്സരത്തില്‍ അപൂര്‍വനേട്ടക്കാരുടെ പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യര്‍. ആരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടകിയിലേക്കാണ് ശ്രേയസ് കാണ്‍പൂരില്‍ നടന്നു കയറിയത്.

തകര്‍പ്പന്‍ സെഞ്ചുറിയുമായി യുവതാരം മുന്നില്‍ നിന്നു നയിക്കുമ്പോള്‍ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ മികച്ച സ്‌കോറിലേക്കു കുതിക്കുകയാണ്. ഇന്ന് ആദ്യ സെഷനില്‍ അയ്യരുടെ സെഞ്ചുറിയാണ് ശ്രദ്ധേയമായത്. 157 പന്തില്‍ 12 ഫോറും രണ്ടു സിക്‌സും സഹിതമാണ് ശ്രേയസ് കന്നി ടെസ്റ്റ് സെഞ്ചുറി നേടിയത്.

ഈ നേട്ടം സ്വന്തമാക്കുന്ന 16-ാം ഇന്ത്യന്‍ താരമാണ് ശ്രേയസ്. കൂടാതെ ന്യൂസീലന്‍ഡിനെതിരെ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം, അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കൂടിയ മൂന്നാമത്തെ താരം (26 വയസ്സും 355 ദിവസവും), വേഗമേറിയ നാലാമത്തെ അരങ്ങേറ്റ സെഞ്ചുറി എന്നീ നേട്ടങ്ങളും അയ്യര്‍ സ്വന്തമാക്കി.

താരത്തിന്റെ സെഞ്ചുറി മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് എന്ന നിലയിലാണ്. 170 പന്തില്‍ നിന്ന് 17 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 105 റണ്‍സ് നേടിയ ശ്രേയസാണ് പുറത്തായ അവസാന ബാറ്റ്‌സ്മാന്‍. 4 പന്തില്‍ നിന്ന് 16 റണ്‍സുമായി രവിചന്ദ്രന്‍ അശ്വിനും റണ്ണൊന്നുമെടുക്കാതെ അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍.

ശ്രേയസിനു പുറമേ രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്നു നഷ്ടമായത്. നാലു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ഇന്നലത്തെ അതേ സ്‌കോറില്‍ത്തന്നെ ജഡേജയെ നഷ്ടമായി. 112 പന്തില്‍ ആറു ഫോറുകള്‍ സഹിതം 50 റണ്‍സാണ് ജഡേജ നേടിയത്. അഞ്ചാം വിക്കറ്റില്‍ അയ്യര്‍ക്കൊപ്പം 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ജഡേജ പുറത്തായത്.

അയ്യര്‍ സെഞ്ചുറിയിലെത്തിയതിനു തൊട്ടുപിന്നാലെ 12 പന്തില്‍ ഒരു റണ്ണുമായി സാഹയും സൗത്തിക്ക് കീഴടങ്ങി. നേരത്തെ ആദ്യ ദിനം മയാങ്ക് അഗര്‍വാള്‍ (13), ശുഭ്മന്‍ ഗില്‍ (52), ചേതേശ്വര്‍ പൂജാര (26), അജിന്‍ക്യ രഹാനെ (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായിരുന്നത്. ന്യൂസീലന്‍ഡിനായി ടിം സൗത്തി നാലും കൈല്‍ ജയ്മിസന്‍ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.

Next Story

Popular Stories