Top

'ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ വരുമാനം ഉണ്ടാക്കുന്നത് ഐപിഎൽ'; ക്രിക്കറ്റ് വികസിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സൗരവ് ​ഗാം​ഗുലി

ഐപിഎൽ സംഘടിപ്പിക്കുന്നത് ആരാധകരും ഈ രാജ്യത്തെ ആളുകളും ബിസിസിഐയും ചേർന്നാണെന്നതിൽ അഭിമാനവും അദ്ദേഹം പങ്കുവെച്ചു.

12 Jun 2022 7:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ വരുമാനം ഉണ്ടാക്കുന്നത് ഐപിഎൽ; ക്രിക്കറ്റ് വികസിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സൗരവ് ​ഗാം​ഗുലി
X

ന്യൂഡൽഹി: ഐപിഎൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ കൂടുതൽ വരുമാനം ഉണ്ടാക്കുന്നുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ​ഗാം​ഗുലി. താൻ ഏറെ ഇഷ്ടപ്പെടുന്ന കായിക വിനോദം വികസിക്കുന്നതിൽ സന്തോഷമുണ്ടെന്നും ​ഗാം​ഗുലി പറഞ്ഞു. ഐപിഎൽ സംഘടിപ്പിക്കുന്നത് ആരാധകരും ഈ രാജ്യത്തെ ആളുകളും ബിസിസിഐയും ചേർന്നാണെന്നതിൽ അഭിമാനവും അദ്ദേഹം പങ്കുവെച്ചു. ഇന്ത്യൻ ലീഡർഷിപ്പ് കൗൺസിലിൽ വേൾഡ് വൈഡ് മീഡിയ സിഇഒ ദീപക് ലാംബയോടാണ് ​ഗാം​ഗുലി മനസ്സുതുറന്നത്.

"തന്നെ പോലുള്ള താരങ്ങൾക്ക് കുറച്ച് സെഞ്ചുറികൾ സമ്പാദിക്കാനാവുകയും കോടികൾ സമ്പാദിക്കുന്നതിലേക്ക് വളർന്ന കളി കാണാൻ സാധിക്കുകയും ചെയ്തു. ഈ മത്സരങ്ങൾ നടത്തുന്നത് ആരാധകരും ഈ രാജ്യത്തെ ആളുകളും ബിസിസിഐയും ചേർന്നാണ്. ഈ കായികം ശക്തമാണ്, വികസിച്ചുകൊണ്ടേയിരിക്കും" എന്ന് ​ഗാം​ഗുലി പറഞ്ഞു. അതേസമയം ഗുജറാത്ത് ടൈറ്റൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നീ രണ്ട് പുതിയ ഫ്രാഞ്ചെെസികളെ ഉൾപ്പെടുത്തിയാണ് ഈ വർഷത്തെ ഐപിഎൽ പതിപ്പ് സംഘടിപ്പിച്ചത്. നീണ്ട 74 മത്സരങ്ങൾ കണ്ട സീസണിന് ശേഷം ഫെെനലിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റൻസാണ് ഇത്തവണത്തെ കിരീടം നേടിയത്.

ക്യാപ്റ്റൻ ആയിരിക്കുന്നതും ബിസിസിഐ മാനേജ് ചെയ്യുന്നതും തമ്മിൽ പൊതുവായുള്ള കാര്യങ്ങളെക്കുറിച്ചും പരിപാടിയിൽ ​ഗാം​ഗുലിയോട് ചോദ്യമുണ്ടായി. "എന്നെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റൻ എന്നത് ഗ്രൗണ്ടിൽ ഒരു ടീമിനെ നയിക്കുന്നു. എന്നാൽ നേതൃത്വം എന്നത് ഒരു ടീമിനെ കെട്ടിപ്പടുക്കുകയാണ്. അതിനാൽ ഇതിൽ ഞാൻ സച്ചിനൊപ്പമോ, അസ്ഹറിനൊപ്പമോ, ദ്രാവിഡിനോടോപ്പമോ മത്സരിക്കില്ല. പകരം അവരോടൊപ്പം സഹകരിക്കുകയാകും ചെയ്യുക" എന്ന് 113 ടെസ്റ്റുകളിലും 311 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഗാംഗുലി പറഞ്ഞു.

Story Highlights: IPL generates more revenue than English Premier League; Sourav Ganguly says he is happy with the development of cricket

Next Story