Top

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടായേക്കും; പക്ഷേ അതറിയാന്‍ മൂന്നു ദിവസം കാത്തിരിക്കണം

11 Oct 2021 5:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടായേക്കും; പക്ഷേ അതറിയാന്‍ മൂന്നു ദിവസം കാത്തിരിക്കണം
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമെന്നുറപ്പായി. പക്ഷേ അത് എങ്ങനെയെന്നറിയാന്‍ ഇനി മൂന്നു ദിനം കൂടി കാത്തിരിക്കണം. സൂപ്പര്‍ 12 ഘട്ടത്തിന് യോഗ്യത നേടിയ ടീമുകള്‍ ഈ മാസം 15-നുള്ളില്‍ പ്രഖ്യാപനം നടത്തിയാല്‍ മതിയെന്ന ഐ.സി.സി. പ്രഖ്യാപനം വന്നതോടെയാണ് ഇന്ത്യന്‍ ആരാധകരുടെ കാത്തിരുപ്പ് നീണ്ടത്.

ലോകകപ്പിനുള്ള ടീമുകളെ കഴിഞ്ഞമാസം തന്നെ ബി.സി.സി.ഐ. പ്രഖ്യപിച്ചിരുന്നു. എന്നാല്‍ ടീമില്‍ ഉള്‍പ്പെട്ട ചില താരങ്ങള്‍ ഫോം ഔട്ട് ആയതും പരുക്കിന്റെ പിടിയിലായതുമടക്കമുള്ള കാരണങ്ങള്‍ കാരണഗ ടീമില്‍ മാറ്റം വരുത്താന്‍ ബി.സി.സി.ഐ. നിര്‍ബന്ധിതമാകുകയായിരുന്നു.

ഇപ്പോള്‍ നടന്നുവരുന്ന ഐ.പി.എല്ലില്‍ തീര്‍ത്തും നിറം മങ്ങിയ ഹാര്‍ദിക് പണ്ഡ്യ, രാഹുല്‍ ചാഹര്‍ എന്നിവരുടെ സ്ഥാനങ്ങളുടെ കാര്യമാണ് സംശയത്തിലുള്ളത്. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ മാത്രം ടീമില്‍ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാര്‍ ഹാര്‍ദിക് പാണ്ഡ്യ എല്ലാ കളിയിലും നാല് ഓവര്‍വീതം എറിയുമെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ ഹാര്‍ദിക് ഐ.പി.എല്ലില്‍ ബൗള്‍ ചെയ്തതേയില്ല. പരുക്കില്‍ നിന്നു മുക്തരാകാത്ത പാണ്ഡ്യ, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ കാര്യത്തിലാണ് ടീമില്‍ ആശങ്ക നിലനില്‍ക്കുന്നത്.

ഹാര്‍ദ്ദിക്കിനെയും വരുണ്‍ ചക്രവര്‍ത്തിയെയും ഒഴിവാക്കണമെന്നു പലകോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇവര്‍ക്കു പകരം ഐ.പി.എല്‍. രണ്ടാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വെങ്കിടേഷ് അയ്യര്‍, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരങ്ങളായ യൂസ്‌വേന്ദ്ര ചഹാല്‍, ഹര്‍ഷല്‍ പട്ടേല്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഷാര്‍ദ്ദൂല്‍ താക്കൂര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

വരുണിനെ ഒഴിവാക്കിയാല്‍ തീര്‍ച്ചയായും ചഹാലിന് സ്ഥാനം ഉറപ്പാണ്. എന്നാല്‍ പാണ്ഡ്യയ്ക്കു പകരം ആരെ ഉള്‍പ്പെടുത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഹാര്‍ദ്ദിക്കിനു പകരം ബൗളിംഗ് ഓള്‍റൗണ്ടറായി ഷാര്‍ദുല്‍ താക്കൂറിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ അവസാന മത്സരങ്ങളില്‍ ഫോം വീണ്ടെടുത്തതോടെ മാറ്റത്തിന് സാധ്യതയില്ല. നിലവിലെ ടീമില്‍ നിന്ന് ആരെയും ഒഴിവാക്കാതെ രണ്ടോമൂന്നോ താരങ്ങളെ അധികം ഉള്‍പ്പെടുത്താനുള്ള സാധ്യതയും സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുന്നുണ്ട്.




Next Story

Popular Stories