Top

ഇന്ത്യയെ മഴ രക്ഷിക്കുമോ? നാലാം ദിനം വൈകും, ദൗത്യം സിറാജിനും താക്കൂറിനും

മൂന്നാം ദിനം 240 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ക്കു വേണ്ടി ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗാറും എയ്ഡന്‍ മര്‍ക്രമും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്

6 Jan 2022 10:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയെ മഴ രക്ഷിക്കുമോ? നാലാം ദിനം വൈകും, ദൗത്യം സിറാജിനും താക്കൂറിനും
X

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ നാലാം ദിനം വില്ലനായി മഴ. രാവിലെ മുതല്‍ പെയ്തു കൊണ്ടിരിക്കുന്ന മഴ ഇന്നത്തെ മത്സരം പൂര്‍ണമായും ഉപേക്ഷിക്കുന്നതിലേക്ക് കാര്യങ്ങളെത്തിക്കില്ലെന്നാണ് സൂചന. നിലവില്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കാണ് മേല്‍കൈ. ഏകദേശം ഒന്നര ദിവസം ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് വെറും 122 റണ്‍സ് മാത്രമാണ് വിജയിക്കാന്‍ ആവശ്യം. 46 റണ്‍സുമായി ഡീന്‍ എല്‍ഗാറും 11 റണ്‍സുമായി റാസി വാന്‍ഡെര്‍ ഡെസനുമാണ് ക്രിസീല്‍.

എട്ടുവിക്കറ്റ് കൈയ്യിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തിലേക്ക് വെറും 122 റണ്‍സിന്റെ ദൂരം മാത്രമേയുള്ളു. ഇന്ന് മഴയ്ക്ക് ശേഷമുള്ള ആദ്യ സെഷനില്‍ തകര്‍പ്പന്‍ ബൗളിങ്ങിലൂടെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ മാത്രമേ ഇന്ത്യക്ക് എന്തെങ്കിലും പ്രതീക്ഷകള്‍ ശേഷിക്കൂ. ഷാര്‍ദ്ദുള്‍ താക്കൂറിനും ബുമ്രയ്ക്കും ഷമിക്കും കാര്യങ്ങളേറെ ചെയ്യാനുണ്ട്. മധ്യനിരയില്‍ ആരെയും നിലയുറപ്പിക്കാന്‍ അനുവദിക്കാതിരുന്നാല്‍ മാത്രമെ കാര്യങ്ങള്‍ അനുകൂലമാവൂ. സിറാജിന്റെ സ്വിംഗ് ബോളുകളിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.

മൂന്നാം ദിനം 240 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ക്കു വേണ്ടി ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗാറും എയ്ഡന്‍ മര്‍ക്രമും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ മര്‍ക്രം 38 പന്തില്‍ 31 റണ്‍സെടുത്ത് പുറത്തായി. ഷാര്‍ദ്ദൂല്‍ താക്കൂറിനായിരുന്നു വിക്കറ്റ്. പകരം ക്രീസിലെത്തിയ കീഗന്‍ പീറ്റേഴ്‌സണും നന്നായി ബാറ്റുചെയ്തതോടെ ഇന്ത്യ വിറച്ചു. എല്‍ഗാറും പീറ്റേഴ്‌സണും ചേര്‍ന്ന് അനായാസം ഇന്ത്യന്‍ പേസര്‍മാരെ നേരിട്ടു. രണ്ടാം വിക്കറ്റില്‍ ഇരുവരും 46 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒടുവില്‍ സ്പിന്‍ പരീക്ഷിക്കാനുള്ള നായകന്‍ കെ.എല്‍. രാഹുലിന്റെ തീരുമാനമാണ് ഇന്ത്യക്ക് തുണയായത്.

പേസർമാർക്ക് പകരം പന്തെറിയാനെത്തിയ രവിചന്ദ്രൻ അശ്വിൻ 28 റൺസെടുത്ത പീറ്റേഴ്സണെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി. പക്ഷേ പീറ്റേഴ്സണ് പകരം ക്രീസിലെത്തിയ റാസി വാൻ ഡ്യൂസനെ കൂട്ടുപിടിച്ച് എൽഗർ ടീം സ്‌കോർ 100 കടത്തുകയായിരുന്നു. കൂടുതൽ വിക്കറ്റ് വീഴാതെ മൂന്നാം ദിനം പൂർത്തിയാക്കാൻ ഇരുതാരങ്ങൾക്കും കഴിഞ്ഞു. നേരത്തെ മധ്യനിര താരങ്ങളായ ചേതേശ്വർ പൂജാരയുടെയും(53) അജിൻക്യ രഹാനെയുടെയും(58) അർധസെഞ്ചുറികൾക്കു ശേഷം തകർച്ചയിലേക്കു വീണ ഇന്ത്യയെ വാലറ്റത്തെ കൂട്ടുപിടിച്ചു പൊരുതിയ ഹനുമ വിഹാരിയാണ് മാന്യമായ സ്‌കോറിലേക്ക് എത്തിച്ചത്. വിഹാരി 84 പന്തുകളിൽ നിന്ന് ആറു ബൗണ്ടറികൾ സഹിതം 40 റൺസുമായി പുറത്താകാതെ നിന്നു. ഓൾറൗണ്ടർ ഷാർദ്ദൂൽ താക്കൂർ(28), ഓപ്പണർ മായങ്ക് അഗർവാൾ(23), സ്പിന്നർ രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് മറ്റു പ്രധാന സ്‌കോറർമാർ.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പേസർമാരായ കാഗിസോ റബാഡ, ലുങ്കി എൻഗിഡി, മാർക്കോ ജാൻസെൻ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ശേഷിച്ച ഒരു വിക്കറ്റ് മറ്റൊരു പേസർ ഡ്വാൻ ഒളിവർ സ്വന്തമാക്കി. രണ്ടിന് 85 എന്ന നിലയിൽ ഇന്നു ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കായി ചേതേശ്വർ പൂജാരയും അജിൻക്യ രഹാനെയും തുടക്കത്തിൽ മികച്ച ബാറ്റിങ്ങാണ് കാഴ്ചവച്ചത്. മൂന്നാം വിക്കറ്റിൽ ഇവർ കൂട്ടിച്ചേർത്ത 111 റൺസാണ് ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. ടീം സ്‌കോർ രണ്ടിന് 44 എന്ന നിലയിൽ ഒത്തുചേർന്ന ഇവർ സ്‌കോർ 155-ൽ എത്തിച്ച ശേഷമാണ് വേർപിരിഞ്ഞത്.

78 പന്തുകളിൽ നിന്ന് എട്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 58 റൺസ് നേടിയ രഹാനയെ പുറത്താക്കി കാഗിസോ റബാഡയാണ് ആതിഥേയർക്ക് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഈ കൂട്ടുകെട്ട് പൊളിഞ്ഞതോടെ ഇന്ത്യയുടെ തകർച്ചയുമാരംഭിച്ചു. പിന്നീട് കേവലം 29 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ കൂടി തുലച്ച് ഇന്ത്യ തകർച്ചയിലേക്കു വീഴുകയായിരുന്നു.

രഹാനെയുടെ പുറത്താകലോടെ ഏകാഗ്രത നഷ്ടമായ പൂജാരയാണ് നാലമാനയി വീണത്. 86 പന്തുകളിൽ നിന്ന് 10 ബൗണ്ടറികളോടെ 53 റൺസ് നേടിയ പൂജാരയെയും റബാഡയാണ് വീഴ്ത്തിയത്. തൊട്ടുപിന്നാലെ അനാവശ്യ ഷോട്ടിനു ശ്രമിച്ചു വിക്കറ്റ് വലിച്ചെറിഞ്ഞു റിഷഭ് പന്ത് വന്നവേഗത്തിൽ മടങ്ങിയതോടെ രണ്ടിന് 155 എന്ന നിലയിൽ നിന്ന് ക്ഷണത്തിൽ അഞ്ചിന് 167 എന്ന നിലയിലായി ഇന്ത്യ.പിന്നീട് ആക്രമിച്ചു കളിച്ചു രവിചന്ദ്രൻ അശ്വിൻ സ്‌കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. 14 പന്തുകളിൽ നിന്ന് രണ്ടു ബൗണ്ടറികളോടെ 16 റൺസ് നേടിയ അശ്വിനെ മടക്കി ലുങ്കി എൻഗിഡി ഇന്ത്യയുടെ ആറാം വിക്കറ്റും പിഴുതു. പിന്നീട് എത്തിയ ഷാർദ്ദൂൽ താക്കൂറും വിഹാരിയും ചേർന്നാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.

ഷാർദ്ദൂലാണ് ആദ്യം പടനയിച്ചത്. ആക്രമിച്ചു കളിച്ച ഇന്ത്യൻ താരം 24 പന്തുകളിൽ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 28 റൺസ് നേടി ടീം സ്‌കോർ 200 കടത്തി. ഏഴാം വിക്കറ്റിൽ 41 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ഷാർദ്ദൂലിനെയും തൊട്ടുപിന്നാലെ മുഹമ്മദ് ഷമിയെയും പുറത്താക്കി ജാൻസെൻ ദക്ഷിണാഫ്രിക്കയ്ക്കു വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ വിഹാരി കീഴടങ്ങാൻ കൂട്ടായില്ല. ഒമ്പതാം വിക്കറ്റിൽ ജസ്പ്രീത് ബുംറ(7)യ്‌ക്കൊപ്പം 17 റൺസും പത്താം വിക്കറ്റിൽ മുഹമ്മദ് സിറാജി(0)നൊപ്പം 21 റൺസും കൂട്ടിച്ചേർത്ത് ടീമിനെ 266-ൽ എത്തിക്കുകയായിരുന്നു. പത്താം വിക്കറ്റ് കൂട്ടുകെട്ടിൽ 21 റൺസും വിഹാരി തന്നെയാണ് നേടിയത്.

Next Story