Top

ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ; 91 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 228 റണ്‍സ് എടുത്തു

8 Jan 2023 2:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ; 91 റണ്‍സിന്റെ തകര്‍പ്പന്‍ ജയം
X

രാജ്‌കോട്ട്: ശ്രീലങ്കക്കെതിരായ മൂന്നാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് 91 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 228 റണ്‍സ് എടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 16.4 ഓവറില്‍ വെറും 137 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യ പുറത്താക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. 51 പന്തില്‍ 9 സിക്‌സറുകളും 7 ഫോറുകളുമായി പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവ് ആയിരുന്നു മത്സരത്തിലെ താരം.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ 2 ബോളില്‍ ഒരു റണ്ണുമായി ഇഷാന്‍ കിഷന്‍ പുറത്തായെങ്കിലും പിന്നീട് എത്തിയ രാഹുല്‍ ത്രിപാഠിയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ നയിച്ചു. 5.5 ഓവറില്‍ 52 സ്‌കോറില്‍ നില്‍ക്കെ ചാമിക കരുണരത്‌നെയുടെ പന്തില്‍ ത്രിപാഠി പുറത്തായി. ത്രിപാഠിക്ക് പിന്നാലെയായിരുന്നു സൂര്യകുമാര്‍ യാദവ് ഇറങ്ങുന്നത്. മൂന്നാം വിക്കറ്റലില്‍ ഗില്‍-സൂര്യകുമാര്‍ സഖ്യത്തില്‍ പിറന്നത് 111 റണ്‍സാണ്. 36 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 46 റണ്‍സെടുത്ത ഗില്ലിനെ 15-ാം ഓവറില്‍ വാനിന്ദു ഹസരംഗ ബൗള്‍ഡാക്കി. എന്നാല്‍ പിന്നീടെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും ദീപക് ഹൂഡക്കും കാര്യമായി തിളങ്ങാനായില്ല. എന്നാല്‍ അക്‌സര്‍ പട്ടേല്‍ ഒന്‍പത് പന്തില്‍ നിന്നും നാല് ബൗണ്ടറിയടക്കം 21 റണ്‍സുമായി പുറത്താകാതെ നിന്നു.

229 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക തുടക്കത്തില്‍ വിക്കറ്റു പോകാതെ പിടിച്ചു നിന്നെങ്കിലും പിന്നീട് പൂര്‍ണമായും തകര്‍ന്നടിഞ്ഞു. ഓപ്പണര്‍മാരായ പാത്തും നിസ്സങ്കയും കുശാല്‍ മെന്‍ഡിസും ഒന്നാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് വന്ന ആര്‍ക്കും തന്നെ ആവശ്യമായ റണ്‍റേറ്റിനൊത്ത് ബാറ്റ് വീശാനാകാതിരുന്നതോടെ ലങ്ക ഇന്ത്യയ്ക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ധനഞ്ജയ ഡിസില്‍വയും (22), ചരിത് അസലങ്കയും (19), ക്യാപ്റ്റന്‍ ദസുന്‍ ഷാനകയും (23) മാത്രമാണ് അല്‍പമെങ്കിലും പൊരുതിയത്. വാനിന്ദു ഹസരംഗ (9), ചമിക കരുണരത്നെ (0), മഹീഷ് തീക്ഷണ (2), ദില്‍ഷന്‍ മധുഷങ്ക (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

STORY HIGHLIGHTS: India vs Sri Lanka third T20 match

Next Story