ഏഷ്യകപ്പ്: അവസാന ഓവറിൽ ഇന്ത്യക്കെതിരെ പാകിസ്താന് അഞ്ച് വിക്കറ്റ് ജയം
ഓപ്പണര്‍ റിസ്വാന്റെ അര്‍ധ ശതകമാണ് പാക് ഇന്നിങ്സിന് കരുത്തായത്
4 Sep 2022 9:27 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെയുള്ള മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ. സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താന് മറികടന്നത്. ഓപ്പണര്‍ റിസ്വാന്റെ അര്‍ധ ശതകമാണ് പാക് ഇന്നിങ്സിന് കരുത്തായത്. റിസ്വാന് 51 പന്തില്‍ 71 റണ്‍സെടുത്തു.
തുടക്കത്തില്‍ ബാബര്‍ അസമിനെ പുറത്താക്കാന്‍ ഇന്ത്യക്കായിരുന്നു. 14 റണ്‍സെടുത്ത് ബാബര്‍ അസം പുറത്തായപ്പോള്‍ 15 റണ്‍സുമായി ഫഖര്‍ സമാനും കൂടാരം കയറി. എന്നാല്‍ മറുവശത്ത് റിസ്വാന് വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. കൂട്ടിന് മുഹമ്മദ് നവാസെത്തിയതോടെ പാക് ഇന്നിംഗ്സിന് വേഗം കൂടി. 20 പന്തില്‍ 42 റണ്‍സെടുത്ത ഫഖര്‍ പുറത്താകുമ്പോഴേക്കു പാകിസ്താന് സേഫ് സോണിലെത്തിയിരുന്നു. രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നവാസിന്റെ ഇന്നിംഗ്സ്. ആറ് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു റിസ്വാന്റെ ഇന്നിംഗ്സ്.
പിന്നാലെ റിസ്വാന് മടങ്ങിയെങ്കിലും ഖുഷ്ദില്‍ ഷായും ആസിഫ് അലിയും ചേര്‍ന്ന് പാകിസ്താനെ വിജയത്തിനടുത്തെത്തിച്ചു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19ാം ഓവറില്‍ 19 റണ്‍സടിച്ച ഈ സഖ്യമാണ് അവസാന നിമിഷം കളി ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്. അവസാന ഓവറില്‍ ആസിഫ് (16) പുറത്തായെങ്കിലും അഞ്ചാം പന്തില്‍ ഡബിള്‍ നേടി ഇഫ്തിഖര്‍ അഹമ്മദ് പാകിസ്താനെ വിജയത്തിലെത്തിച്ചു. ഖുഷ്ദില്‍ 14 റണ്‍സോടെ പുറത്താകാതെ നിന്നു.
അവസാന ഓവറുകളില്‍ മത്സരം കടുപ്പിക്കാന്‍ രോഹിതും സംഘവും പരമാവധി ശ്രമിച്ചെങ്കിലും രണ്ട് പന്ത് ബാക്കിനില്‍ക്കെ പാകിസ്താന് വിജയലക്ഷ്യത്തിലെത്തുകയായിരുന്നു. 44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മെല്ലെപ്പോക്കിന് ഏറെ പഴികേട്ട രാഹുലും ക്യപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് നല്ല തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഇന്ത്യ അഞ്ച് ഓവറില്‍ 54 റണ്‍സെടുത്തിരുന്നു. 16 പന്തില്‍ 28 റണ്‍സുമായി നായകന് രോഹിതിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അധികം വൈകാതെ 20 പന്തില്‍ 28 റണ്‍സുമായി രാഹുലും മടങ്ങി.
പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാറിന്റെ ഊഴമായിരുന്നു അടുത്തത്. 10 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത താരം റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച കോലിയും ഋഷഭ് പന്തും ചേര്‍ന്ന് സ്കോര്‍ 126 വരെയെത്തിച്ചു. 14ാം ഓവറില്‍ പന്തിനെയും ഷദാബ് ഖാന് പുറത്താക്കി. 12 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയടക്കം 14 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.ദീപക് ഹൂഡ 14 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത് പുറത്തായി.
STORY HIGHLIGHTS: India vs pakistan asia cup super 4 match 2022
- TAGS:
- Asia Cup 2022
- Pakistan
- India