വിന്‍ഡീസിനെ തൂത്തുവാരിയെടുക്കാന്‍ ടീം ഇന്ത്യ; സഞ്ജു കളിച്ചേക്കും, ബൗളിങ്ങില്‍ മാറ്റത്തിന് സാധ്യത
നാളെ വൈകിട്ട് ഏഴ് മണിക്ക് ക്യൂന്‍സ് പാര്‍ക്ക് ഓവലിലാണ് മത്സരം
26 July 2022 4:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനം നാളെ വൈകിട്ട് ഏഴ് മണിക്ക് ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കും. മൂന്ന് കളികള്‍ അടങ്ങിയ ആദ്യ രണ്ട് മത്സരം ജയിച്ച് പരമ്പര നേരത്തേ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ 300ലേറെ സ്‌കോര്‍ പിന്തുടര്‍ന്നിട്ടും ആദ്യ മത്സരത്തില്‍ വിന്‍ഡീസ് അവസാന ഓവറിലാണ് തോല്‍വി സമ്മതിച്ചത്. രണ്ടാമത്തെ മത്സരത്തില്‍ 311 റണ്‍സ് നേടി മികച്ച ബാറ്റിങ് കാഴ്ച്ചവെച്ച വിന്‍ഡീസ് ബൗളിങ്ങിലും മികവ് കാട്ടി. രണ്ട് ബോള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ വിജയം നേടിയത്.
മൂന്നാം ഏക ദിനത്തിലും വിന്‍ഡീസിനെ പരാജയപ്പെടുത്തി പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി കണ്ടെത്തിയ സഞ്ജു സാംസണ്‍ നാളെയും കളിച്ചേക്കും. രവീന്ദ്ര ജഡേജയുടേയും കെ എല്‍ രാഹുലിന്റേയും അഭാവത്തിലും മുന്‍നിര മികച്ച ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.
ക്യാപ്റ്റന്‍ ധവാനൊപ്പം ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യറും ഫോമിലേക്കുയര്‍ന്നതിനാല്‍ ഇന്ത്യ ബാറ്റിങ്ങ് നിരയില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. ഗില്‍ ഓപ്പണറായും ശ്രേയസ്സ് അയ്യര്‍ മൂന്നാമതും കളിക്കും. ജഡേജയുടെ സ്ഥാനത്ത് ദീപക് ഹൂഡയെ ഓള്‍റൗണ്ടറായി ധവാന്‍ ഉപയോഗിച്ചതിനാല്‍ അടുത്ത മത്സരത്തിലും ആറാം സ്ഥാനത്ത് മാറ്റമുണ്ടാകില്ല. അതേപോലെ സമീപ കാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന സൂര്യകുമാര്‍ യാദവും കഴിഞ്ഞ മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി കണ്ടെത്തിയ അക്സര്‍ പട്ടേലിനും വീണ്ടും അവസരം ലഭിച്ചേക്കും.
ആദ്യ മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജു കഴിഞ്ഞ മത്സരത്തില്‍ വീണ്ടും ഫോം ആവര്‍ത്തിച്ചു. അതിനാല്‍ സഞ്ജു മൂന്നാം ഏകദിനത്തിലും കളിക്കാനാണ് സാധ്യത. അതേസമയം ബൗളിങ്ങില്‍ ഇന്ത്യ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാര്‍ദുല്‍ ഠാക്കൂറിന് മാത്രമാണ് മികച്ച പ്രകടനം നടത്താനായത്. വിക്കറ്റ് നേടിയെങ്കിലും ഏഴ് ഓവറില്‍ 54 റണ്‍സാണ് ഠാക്കൂര്‍ വിട്ടു നല്‍കിയത്. മറ്റ് ബൗളര്‍മാരായ മുഹമ്മദ് സിറാജും യുസ്‌വേന്ദ്ര ചാഹലും അമ്പത് റണ്‍സിലധികമാണ് വിട്ടു നല്‍കിയത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ബൗളിങ്ങ് നിരയില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story highlights : India for the third win ,Sanju may play, possibility of a bowling change