'മുന്‍നിര വീണു, സാഹ-അയ്യര്‍ റെസ്ക്യൂ'; കിവീസിന് 284 റണ്‍സ് വിജയലക്ഷ്യം
28 Nov 2021 10:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിനെതിരെ മികച്ച രണ്ടാം ഇന്നിംഗ്സ് ലീഡുയര്‍ത്തി ഇന്ത്യ. കിവീസിന് വിജയിക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 283 റണ്‍സ് നേടേണ്ടി വരും. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ഏഴ് വിക്കറ്റിന് 234 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അര്‍ധസെഞ്ച്വറിയുമായി വൃദ്ധിമാന്‍ സാഹയും(61) അക്സര്‍ പട്ടേലുമായിരുന്നു(28) ക്രീസില്‍.
ആദ്യ ഇന്നിംഗ്സില്‍ കിവീസിനെ 296 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ മികവ് കാട്ടിയിരുന്നു. 25 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് പക്ഷേ മികച്ച തുടക്കം ലഭിച്ചില്ല. രണ്ടാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ ജാമീസണ് പുറത്താക്കി. അധികം വൈകാതെ വന്‍ മതില് പൂജാരയും നായകന് രെഹാനയും കൂടാരം കയറി.
ആദ്യ ഇന്നിംഗ്സില്‍ അര്ധസെഞ്ച്വറിക്കാരന് ജഡേജ അക്കൗണ്ട് തുറക്കും മുന്‍പ് മടങ്ങിയതോടെ ഇന്ത്യ 51 റണ്‍സിന് അഞ്ച് വിക്കറ്റെന്ന നിലയില്‍ തകര്‍ന്നടിഞ്ഞു. പിന്നീട് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത അരങ്ങേറ്റക്കാരന്‍ ശ്രേയസ് അയ്യര്‍ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മറുവശത്ത് പിന്തുണയുമായി രവിചന്ദ്രന്‍ അശ്വിനും നിലയുറപ്പിച്ചു.
സ്കോര്‍ 100 കടന്നതിന് തൊട്ടുപിന്നാലെ അശ്വിന് (32 റണ്‍സ്) ജാമീസണിന്റെ പന്തില്‍ പുറത്തായി. പിന്നീട് ശ്രേയസ് വൃദ്ധിമാന്‍ സാഹയ്ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നയിച്ചു. അയ്യര്‍ (65 റണ്‍സ്) പുറത്തായതോടെ സാഹയും അക്സറും കളം നിറഞ്ഞു. 61 റണ്‍സാണ് സാഹയുടെ സംഭാവന. അക്സര്‍ 28 റണ്‍സെടുത്തു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ടിം സൗത്തിയും കെയ്ല്‍ ജാമീസണുമാണ് കിവീസ് നിരയില്‍ തിളങ്ങിയത്. സ്പിന്‍ ബൗളര്‍മാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നത് ടീമിന് വിനയായി. ബൗളിംഗിന് അനുകൂലമായ കാണ്‍പൂരിലെ പിച്ച് മാറിയത് മുതലെടുക്കാനാവും രെഹാനയുടെ ശ്രമം.