Top

പ്രതി മരുമോനായാലും അഫ്രീദിക്ക് ഒരേപോലെ...; പാക് തോല്‍വിയില്‍ ഷഹീനെ വിമര്‍ശിച്ച് ഷാഹിദ്

"ഒരു ക്യാച്ച് കൈവിട്ടുവെന്നതിന്റെ അര്‍ഥം അടുത്ത മൂന്നു പന്തുകളില്‍ സിക്‌സര്‍ വഴങ്ങുകയെന്നതല്ല. അപ്പോള്‍ റണ്‍സ് വിട്ടുനല്‍കിയ ബൗളറാണ് കുറ്റക്കാരന്‍''- അഫ്രീദി പറഞ്ഞു.

13 Nov 2021 10:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതി മരുമോനായാലും അഫ്രീദിക്ക് ഒരേപോലെ...; പാക് തോല്‍വിയില്‍ ഷഹീനെ വിമര്‍ശിച്ച് ഷാഹിദ്
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയയോടു ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ പാകിസ്താന്‍ താരം ഹസന്‍ അലിക്കെതിരേ പാക് ആരാധകര്‍ ഒന്നടങ്കം അധിക്ഷേപം ചൊരിഞ്ഞ് രംഗത്തെത്തുകയാണ്. മത്സരത്തില്‍ നാലോവറില്‍ 44 റണ്‍സ് വഴങ്ങുകയും 19-ാം ഓവറില്‍ നിര്‍ണായകമായേക്കാവുന്ന ഒരു ക്യാച്ച് നഷ്ടപ്പെടുത്തുകയും ചെയ്തതാണ് ഹസന്‍ അലിയെ പ്രതിക്കൂട്ടിലാക്കാന്‍ കാരണം.

ഒരു ടീം ഗെയിമില്‍ ഒരു താരത്തെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുന്ന ഈ നടപടിക്കെതിരേ മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ടീം ഗെയിമാണിതെന്നും സഹന്‍ അലി മാത്രമല്ല പ്രതിയെന്നും മറ്റു പല താരങ്ങള്‍ക്കും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അത്തരം പരാമര്‍ശങ്ങളില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത് മുന്‍ നായകനും സൂപ്പര്‍ താരവുമായിരുന്ന ഷാഹിദ് അഫ്രീദിയുടെ വാക്കുകളാണ്. മത്സരത്തില്‍ പാകിസ്താന്റെ തോല്‍വിക്കു കാരണം ഹസന്‍ അലി നഷ്ടമാക്കിയ ക്യാച്ച് അല്ലെന്നും മറിച്ച് മറ്റൊരു സൂപ്പര്‍ താരത്തിന്റെ മോശം പ്രകടനമാണെന്നുമാണ് ഷാഹിദ് അഫ്രീദി പറയുന്നത്.

ഷാഹിദ് അഫ്രീദി വിമര്‍ശിക്കുകയും പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്നത് മറ്റാരെയുമല്ല. തന്റെ മൂത്ത മകളുടെ ഭാവി വരനും പാകിസ്താന്‍ ടീമിന്റെ സ്റ്റാര്‍ പേസറുമായ ഷഹീന്‍ ഷാ അഫ്രീദിയെയാണ്. ടൂര്‍ണമെന്റില്‍ പാകിസ്താന്റെ കുതിപ്പിന്ന് കടിഞ്ഞാണ്‍ പിടിച്ച താരമാണ് ഷഹീന്‍.

എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഷഹീന്‍ എറിഞ്ഞ 19-ാം ഓവറിലാണ് 22 റണ്‍സ് അടിച്ചുകൂട്ടി മാത്യു വേഡ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. ഹസന്‍ അലി അല്ല ഒന്നാം പ്രതിയെന്നും അതു ഷഹീന്‍ ആണെന്നുമാണ് ഷാഹിദ് അഫ്രീദി പറയുന്നത്.

''ഹസന്‍ അലി വിട്ടുകളഞ്ഞ ക്യാച്ച് അല്ല പാകിസ്താനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ പോലും ജയം ഉറപ്പാക്കാന്‍ കഴിയില്ല. പകരം ഇറങ്ങാനുള്ളവരും മികച്ച ഹിറ്റേഴ്‌സ് ആയിരുന്നു. ഒരു ക്യാച്ച് കൈവിട്ടുവെന്നതിന്റെ അര്‍ഥം അടുത്ത മൂന്നു പന്തുകളില്‍ സിക്‌സര്‍ വഴങ്ങുകയെന്നതല്ല. അപ്പോള്‍ റണ്‍സ് വിട്ടുനല്‍കിയ ബൗളറാണ് കുറ്റക്കാരന്‍''- അഫ്രീദി പറഞ്ഞു.

തന്റെ ഭാവി മരുമകന്റെ ബൗളിങ്ങില്‍ താന്‍ ഒട്ടും തൃപ്തനല്ലെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു. ''അവന്റെ പ്രകടനം ഒട്ടും നല്ലതായിരുന്നില്ല. വേഡിനെതിരെ വൈഡ് യോര്‍ക്കര്‍ എറിയണമായിരുന്നു. പകരം അദ്ദേഹത്തിന് സിക്സറടിക്കാന്‍ അനുയോജ്യമായ പന്തുകളാണ് ഷഹീന്‍ എറിഞ്ഞത്'' -അഫ്രീദി വിലയിരുത്തി.

അന്ന് ആ 19(ാം ഓവറിനു മുമ്പ് മൂന്നോവറില്‍ വെറും 14 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി മികച്ച എക്കണോമി നിലനിര്‍ത്തിയിരുന്നു ഷഹീന്‍. ഇതുകാരണമാണ് നിര്‍ണായക ഓവര്‍ എറിയാന്‍ നായകന്‍ ബാബര്‍ അസം ഷഹീനെ ചുമതലയേല്‍പിച്ചത്. എന്നാല്‍ ഷഹീന്റെ ഓവറിന്റെ അവസാന മൂന്നു പന്തുകള്‍ സിക്‌സറിനു തൂക്കി വേഡ് ഓസ്‌ട്രേലിയയെ വിജയത്തില്‍ എത്തിക്കുകയായിരുന്നു.

Next Story

Popular Stories