നിറയെ ഫോറുകളും സിക്സുകളും നിറഞ്ഞ ഇന്നിംങ്ങ്സ്; സഞ്ജുവിന് കൈയടി
രാജസ്ഥാന് ഏഴ് വിക്കറ്റിന് ഗുജറാത്തിനോട് തോറ്റു
25 May 2022 4:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്‍ക്കത്ത : ഐപിഎല്ലിലെ ആദ്യ ക്വോളിഫയറില് തോറ്റെങ്കിലും രാജസ്ഥാന് ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ ഇന്നിംങ്ങ്സിനെ പുകഴ്ത്തി പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 26 പന്തില്‍ 47 റണ്ണെടുത്ത സഞ്ജു അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടിച്ചിരുന്നു.
അര്‍ദ്ധ സെഞ്ച്വറി നേടിയില്ലെങ്കിലും സഞ്ജുവിന്റെ ബാറ്റിങ്ങ് ശ്രദ്ധനേടിയിരുന്നു. സഞ്ജുവിന്റെ ബാറ്റിങ്ങിനെ ബ്രില്യന്റ് എന്നാണ് പ്രമുഖ കമന്റേറ്ററായ ഹര്ഷാ ഭോഗ്ല വിശേഷിപ്പിച്ചത്.
50 റണ്‍സ് നേടുന്ന പോലുള്ള നാഴികകല്ലുകള്വെച്ചല്ലാ ഒരു ട്വന്റി-20 ക്രിക്കറ്റില്‍ ഒരു കളിക്കാരന്റെ കഴിവ് അളക്കേണ്ടതെന്നും ആ ഇന്നിംഗ്സ് മത്സരത്തില്‍ ഉണ്ടാക്കുന്ന സ്വാധീനമാണ് പരിഗണിക്കേണ്ടതെന്നും ഹര്‍ഷ ഭോഗ്ല ട്വിറ്ററില്‍ കുറിച്ചു.
Brilliant from Sanju Samson. T20 cricket isn't measured in usual landmarks like 50s. It is about the impact you make.
— Harsha Bhogle (@bhogleharsha) May 24, 2022
വണ്‍ ഡൗണായി ക്രീസില്‍ വന്ന സഞ്ജു ക്യാപ്റ്റന്റെ ഇന്നിംങ്ങ്സാണ് പുറത്തെടുത്തത്. ആദ്യ പന്തില്‍ തന്നെ സിക്സടിച്ച് തുടങ്ങിയ സഞ്ജു മുഹമ്മദ്് ഷമി, അല്‍സാരി ജോസഫ് എന്നിവരുള്‍പ്പെടെ ബോളര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു.
അതേസമയം സഞ്ജുവിന്റേയും ജോസ് ബട്ടലറുടേയും മികവില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടും രാജസ്ഥാന് ഏഴ് വിക്കറ്റിന് ഗുജറാത്തിനോട് തോറ്റു.ഹര്‍ദിക്ക് പാണ്ഡ്യയുടെയും ഡേവിഡ് മില്ലറുടേയും ബാറ്റിങ്ങ് മികവില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കേ ഗുജറാത്ത് റോയല്‍സിന്റെ 188 റണ്‍ മറികടക്കുകയായിരുന്നു. 38 പന്തില്‍ 68 റണ്ണെടുത്ത മില്ലറാണ് വിജയശില്‍പ്പി.
story Highlights : Gujarat Titan beat Rajastan Royals by 7 wickets