Top

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ഗില്‍; കാണ്‍പൂരില്‍ ഇന്ത്യ ഒന്നിന് 80

81 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതമാണ് ഗില്‍ 50 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്നത്.

25 Nov 2021 6:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ഗില്‍; കാണ്‍പൂരില്‍ ഇന്ത്യ ഒന്നിന് 80
X

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. കാണ്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലാണ്. തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടി 50 റണ്‍സുമായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും 15 റണ്‍സുമായി മധ്യനിര താരം ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. 13 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളാണ് പുറത്തായ ബാറ്റര്‍.

അവസാന ദിനങ്ങളില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഗില്ലും മായങ്കും ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്. എന്നാല്‍ എട്ടാം ഓവറില്‍ത്തന്നെ ഇന്ത്യക്ക് തിരിച്ചടിയേറ്റു. 28 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 13 റണ്‍സ് നേടിയ മായങ്കിനെ വിക്കറ്റിനു പിന്നില്‍ ടോം ബ്ലണ്ടലിന്റെ കൈകളില്‍ എത്തിച്ചു കൈല്‍ ജാമിസണാണ് കിവീസിന് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗില്ലും പൂജാരയും ചേര്‍ന്നു പിന്നീട് ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഇതുവരെ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 81 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതമാണ് ഗില്‍ 50 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്നത്. 55 പന്തുകളില്‍ നിന്നാണ് പൂജാര 15 റണ്‍സ് നേടിയത്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം ചോദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പരമ്പരയ്ക്ക് ഇറങ്ങിയത്. രാഹുല്‍ ദ്രാവിഡ് കോച്ചായ ശേഷമുള്ള ആദ്യ ടെസ്റ്റാണിത്. കാണ്‍പൂരില്‍ മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.

ബാറ്റിങ് നിരയില്‍ രഹാനെ, ചേതേശ്വര്‍ പുജാര, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ മാത്രമാണ് 10 ടെസ്റ്റില്‍ കൂടുതല്‍ കളിച്ചിട്ടുള്ളത്. ഇന്ത്യക്കായി യുവതാരം ശ്രേയസ് അയ്യര്‍ ഇന്ന് അരങ്ങേറ്റം കുറിക്കുകയും ചെയ്തു. നായകന്‍ രഹാനെയ്ക്കും ഈ ടെസ്റ്റ് നിര്‍ണായകമാണ്. മോശം ഫോമില്‍ ഉഴലുന്ന രഹാനെയ്ക്ക് ഈ സീസണില്‍ 11 ടെസ്റ്റുകളില്‍നിന്ന് 19 ശരാശരി മാത്രമേയുള്ളൂ. കരിയര്‍ രക്ഷിച്ചെടുക്കുക എന്ന വെല്ലുവിളിയാണ് ക്യാപ്റ്റന് മുന്നിലുള്ളത്.




Next Story

Popular Stories