Top

'ഫൈനലിസിമ' 2022 ജൂണ്‍ ഒന്നിന്; കൊമ്പുകോര്‍ക്കാന്‍ അര്‍ജന്റീനയും ഇറ്റലിയും

കോപ്പാ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റീനയും യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയെയും മുഖാമുഖം കൊണ്ടുവരുന്ന പോരാട്ടം അടുത്ത വര്‍ഷം ജൂണ്‍ ഒന്നിന് ലണ്ടനില്‍ നടക്കും.

16 Dec 2021 6:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫൈനലിസിമ 2022 ജൂണ്‍ ഒന്നിന്; കൊമ്പുകോര്‍ക്കാന്‍ അര്‍ജന്റീനയും ഇറ്റലിയും
X

ലോകമെങ്ങുമുള്ള കാല്‍പ്പന്ത് പ്രേമികള്‍ കാത്തിരിക്കുന്ന പോരാട്ടത്തിന് തീയതിയും മുഹൂര്‍ത്തവും കുറിച്ചു. കോപ്പാ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റീനയും യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയെയും മുഖാമുഖം കൊണ്ടുവരുന്ന പോരാട്ടം അടുത്ത വര്‍ഷം ജൂണ്‍ ഒന്നിന് ലണ്ടനില്‍ നടക്കും.

ആവേശം ആവോളം ഉയര്‍ത്തുന്ന 'ഫൈനലിസിമ' എന്നു പേരിട്ടിരിക്കുന്ന ഈ മത്സരത്തിന് ആതിഥ്യമരുളുന്ന നഗരമേതെന്നു പ്രഖ്യാപിച്ചെങ്കിലും വേദി സംബന്ധിച്ചു തീരുമാനമായിട്ടില്ല. വിഖ്യാതമായ വെംബ്ലി സ്‌റ്റേഡിയത്തില്‍ മത്സരം നടത്താനാണ് സാധ്യത കൂടുതല്‍ എന്നാണ് ലഭിക്കുന്ന വിവരം. ഇതേ വേദിയിലാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ഇറ്റലി യൂറോ കപ്പ് ജേതാക്കളായതും.

യൂറോപ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനായ യുവേഫയും ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനായ കോണ്‍മിബോളും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇത്തരത്തില്‍ ഒരു സൂപ്പര്‍ പോരാട്ടം നടത്താന്‍ ഇരുഫെഡറേഷനുകളും തീരുമാനിച്ചത്.

രണ്ടു വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് നടത്താന്‍ രാജ്യാന്തര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫ ആലോചന തുടങ്ങിയിരുന്നു. ഈ നീക്കത്തെ എതിര്‍ത്തു തോല്‍പിക്കാനാണ് യുവേഫ-കോണ്‍മിബോള്‍ കൂട്ടുകെട്ട് ഇത്തരമൊരു ആശയവുമായി രംഗത്തുവന്നതെന്നാണ് സൂചന. എന്നാല്‍ ആരാധകര്‍ ഈ നീക്കത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

28 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് അറുതിവരുത്തിയാണ് അര്‍ജന്റീന ഇക്കുറി കോപ്പാ അമേരിക്ക കിരീടം ചൂടിയത്. ബ്രസീലില്‍ നടന്ന ഫൈനലില്‍ ആതിഥേയരായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ചായിരുന്നു അവരുടെ കിരീടനേട്ടം. ഇറ്റലിയാകട്ടെ 1968-നു ശേഷം ഇതാദ്യമായാണ് യൂറോ കപ്പില്‍ മുത്തമിട്ടത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് തോല്‍പിച്ചായിരുന്നു കിരീടനേട്ടം.

Next Story