Top

കംഗാരുപ്പടയെ എറിഞ്ഞൊതുക്കി ഇംഗ്ലണ്ട്; ദുബായിയില്‍ ഓസീസിനെ വീഴ്ത്താന്‍ 126 റണ്‍സ് വേണം

നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദാനാണ് ഓസീസിനെ തകര്‍ത്തത്. ജോര്‍ദാനു പുറമേ ഇംഗ്ലണ്ടിനായി പന്തെറിഞ്ഞവരെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു.

30 Oct 2021 3:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കംഗാരുപ്പടയെ എറിഞ്ഞൊതുക്കി ഇംഗ്ലണ്ട്; ദുബായിയില്‍ ഓസീസിനെ വീഴ്ത്താന്‍ 126 റണ്‍സ് വേണം
X

ട്വന്റ്ി 20 ലോകകപ്പില്‍ സൂപ്പര്‍ 12 ഗ്രൂപ്പ് ഒന്നിലെ ആദ്യ സ്ഥാനക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ ഓസ്‌ട്രേലിയയെ എറിഞ്ഞൊതുക്കി ഇംഗ്ലണ്ട്. ഇന്നു ദുബായിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ഓസീസിനെ ബാറ്റിങ്ങിന് അയച്ച ഇംഗ്ലണ്ട് എതിരാളികളെ നിശ്ചിത 20 ഓവറില്‍ വെറും 125 റണ്‍സിനുള്ളില്‍ കൂടാരം കയറ്റി.

നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദാനാണ് ഓസീസിനെ തകര്‍ത്തത്. ജോര്‍ദാനു പുറമേ ഇംഗ്ലണ്ടിനായി പന്തെറിഞ്ഞവരെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു. ക്രിസ് വോക്‌സ് നാലോവറില്‍ 23 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലിയാം ലിവിങ്‌സ്റ്റണ്‍ 15 റണ്‍സും ആദില്‍ റഷീദ് 19 റണ്‍സും വഴങ്ങി ഓരോ വിക്കറ്റ് വീഴത്തി. രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും 45 റണ്‍സ് വിട്ടുകൊടുത്ത ടൈമല്‍ മില്‍സാണ് നിരാശപ്പെടുത്തിയത്.

ഓസീസ് നിരയില്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് പൊരുതി നിന്നത്. ഒരറ്റത്തു വിക്കറ്റ് പൊഴിയുമ്പോഴും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഫിഞ്ച് 49 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 44 റണ്‍സാണ് നേടിയത്. ഫിഞ്ചിനു പുറമേ 20 പന്തില്‍ നിന്ന് 20 റണ്‍സ് നേടിയ ആഷ്ടന്‍ ആഗര്‍, 18 പന്തില്‍ നിന്ന് 18 റണ്‍സ് നേടിയ മാത്യു വേഡ്, ആറു പന്തില്‍ 13 റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക്, മൂന്നു പന്തില്‍ 12 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സ് എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

ഓസീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ നാല് ഓവറിനിടെ തന്നെ മൂന്നു വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും മൂന്നാമന്‍ സ്റ്റീവ് സ്മിത്തും ഓരോ റണ്ണിനും ഗ്ലെന്‍ മാക്സ്വെല്‍ ആറ് റണ്‍സിനും പുറത്തായി.

ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെ ഇംഗ്ലണ്ട് ഇറങ്ങിയപ്പോള്‍ ഓസീസ് മിച്ചല്‍ മാര്‍ഷിന് പകരം ആഷ്ടണ്‍ അഗറിന് അവസരം നല്‍കി.

Next Story

Popular Stories