''മോശം ഫോമല്ല കാരണം, വാര്‍ണറിനെ ഒഴിവാക്കിയത് ഉടമകളുടെ കളി''; തുറന്നു പറഞ്ഞ് സണ്‍റൈസേഴ്സ് അസിസ്റ്റന്റ് കോച്ച്
''ആ ഒഴിവാക്കല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാരണങ്ങളാലല്ല. ടീം ഉടമകളുമായി ബന്ധപ്പെട്ട കാര്യമാണ്. ഇക്കാര്യത്തില്‍ പരിശീലകര്‍ക്കുപോലും ഇടപെടാന്‍ കഴിയില്ലായിരുന്നു"
16 Nov 2021 10:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2021 സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകനായിരുന്ന ഡേവിഡ് വാര്‍ണറിനെ ആദ്യം നായകസ്ഥാനത്തു നിന്നും പിന്നീട് പ്ലേയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു. താരത്തിന്റെ മോശം ഫോമും പ്രായക്കൂടുതലും കാരണമാണ് ഒഴിവാക്കിയതെന്നായിരുന്നു ടീം മാനേജ്മെന്റിന്റെ ന്യായീകരണം.
ഹൈദരാബാദിന്റെ അവസാന മത്സരങ്ങള്‍ ഹോട്ടല്‍ മുറിയിലിരുന്നാണ് വാര്‍ണര്‍ കണ്ടത്. എന്നിട്ടും അദ്ദേഹം ടീമിന് തന്റെ പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയതു മോശം ഫോം കാരണായിരുന്നില്ലെന്നും അതിനു പിന്നില്‍ ചില കളികള്‍ നടന്നിട്ടുണ്ടെന്നും വെളിപ്പെടുത്തുകയാണ് ഹൈദരാബാദിന്റെ അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിന്.
കളിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ കൊണ്ടോ മോശം ഫോം കൊണ്ടോ അല്ല വാര്‍ണറെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്നും അത് ടീം ഉടമകളുമായി ബന്ധപ്പെട്ട കാരണത്താലാണെന്നും ഹാഡിന് പറഞ്ഞു. ''ആ ഒഴിവാക്കല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാരണങ്ങളാലല്ല. ടീം ഉടമകളുമായി ബന്ധപ്പെട്ട കാര്യമാണ്. ഇക്കാര്യത്തില്‍ പരിശീലകര്‍ക്കുപോലും ഇടപെടാന്‍ കഴിയില്ലായിരുന്നു. വാര്‍ണര്‍ നെറ്റ്സില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. മത്സരങ്ങള്‍ കളിക്കാത്തതിന്റെ കുറവ് മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്''.
ക്രിക്കറ്റില്‍ നീണ്ട ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹം ഐ.പി.എല്‍. കളിക്കാന്‍ എത്തിയത്. വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരേ ഓസ്ട്രേലിയയുടെ പരമ്പരകളില്‍ അദ്ദേഹം കളിച്ചിരുന്നില്ല. ഇതിനു ശേമാണ് ഐ.പി.എല്‍. കളിക്കാന്‍ എത്തിയത്. നെറ്റ്സില്‍ അദ്ദേഹം നന്നായി കളിക്കുന്നുണ്ടായിരുന്നു. അല്പനേരം പിടിച്ചുനിന്ന് കളിച്ചാല്‍ വാര്‍ണര്‍ക്ക് താളം കണ്ടെത്താമായിരുന്നു. ലോകകപ്പില്‍ സംഭവിച്ചത് അതാണ്.'' ഹാഡിന് പറഞ്ഞു.
ഹൈദരാബാദ് തഴഞ്ഞ വാര്‍ണറുടെ മികവിലാണ് ഓസ്ട്രേലിയ ട്വന്റി 20 ലോകകപ്പില്‍ ജേതാക്കളായത്. മാന്‍ ഓഫ് ദ സീരിസും വാര്‍ണറായിരുന്നു. ഏഴ് മത്സരങ്ങളില്‍ 289 റണ്‍സാണ് വാര്‍ണര്‍ നേടിയത്.